ഹാലൻഡ് ട്രാൻസ്‌ഫർ പ്രഖ്യാപിച്ച് മാഞ്ചസ്റ്റർ സിറ്റി, താൻ ക്ലബിലെത്താൻ കാരണം ആരാണെന്നു വെളിപ്പെടുത്തി നോർവീജിയൻ താരം
By Sreejith N

ബൊറൂസിയ ഡോർട്മുണ്ട് താരമായിരുന്ന ഏർലിങ് ബ്രൂട് ഹാലൻഡിനെ സ്വന്തമാക്കിയ വിവരം പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ സിറ്റി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഏതാണ്ട് അൻപത്തിയൊന്നു മില്യൻ പൗണ്ടിന്റെ റിലീസിംഗ് ക്ലോസ് നൽകിയാണ് യൂറോപ്പിലെ പ്രമുഖ ക്ലബുകളെല്ലാം നോട്ടമിട്ടിരുന്ന ഇരുപത്തിയൊന്ന് വയസുള്ള താരത്തെ മാഞ്ചസ്റ്റർ സിറ്റി ടീമിന്റെ ഭാഗമാക്കിയത്.
ഹാലൻഡിന്റെ പിതാവായ ആൽഫ ഇങ് മുൻ മാഞ്ചസ്റ്റർ സിറ്റി താരമായതിനാൽ താരത്തെ ക്ലബിലെത്തിക്കാൻ ആ വഴിക്കാണ് സ്വാധീനം ഉണ്ടായതെന്നാണ് ഏവരും കരുതിയിരുന്നത്. എന്നാൽ ഗ്രീസിൽ വെച്ച് ഒഴിവുകാലം ചിലവഴിക്കുന്നതിനിടെ മാഞ്ചസ്റ്റർ സിറ്റിയുടെ തന്നെ താരമായ റിയാദ് മഹ്‌റെസാണ് തന്നെ സിറ്റിയിലേക്ക് ക്ഷണിച്ചതെന്നാണ് നോർവീജിയൻ താരം പറയുന്നത്.
HE'S HERE! 💙 pic.twitter.com/JuZEtzTWbv
— Manchester City (@ManCity) June 13, 2022
"മഹ്റേസ് എന്നോട് സിറ്റിയിലേക്ക് വരാൻ പറഞ്ഞു. അതേക്കുറിച്ച് താരം പറഞ്ഞത് ശരിയായിരുന്നു. ക്ലബിനെക്കുറിച്ച് കുറെയധികം നല്ല കാര്യങ്ങൾ താരം പറഞ്ഞു." മാഞ്ചസ്റ്റർ സിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റിനോട് സംസാരിക്കുമ്പോൾ എർലിങ് ഹാലൻഡ് പറഞ്ഞു.
മാഞ്ചസ്റ്റർ സിറ്റിയുടെ പ്രതിഭാധനനായ യുവതാരമായ ഫിൽ ഫോഡനൊപ്പം കളിക്കുന്നതിനെ കുറിച്ചും ഹാലാൻഡ് മനസു തുറന്നു. "ഞാൻ മാഞ്ചസ്റ്റർ സിറ്റിയുടെ ഒരുപാട് മത്സരങ്ങൾ കണ്ടിട്ടുണ്ടെന്നാണ് എന്റെ ഓർമ. തീർച്ചയായും ഞാൻ ഫിൽ ഫോഡനെയും കണ്ടിട്ടുണ്ട്, അവിശ്വസനീയ കഴിവുകളുള്ള താരമാണവൻ." ഹാലാൻഡ് വ്യക്തമാക്കി.
ഇക്കഴിഞ്ഞ സീസണിൽ ഒരു പ്രധാന സ്‌ട്രൈക്കറില്ലാതെ കളിച്ച മാഞ്ചസ്റ്റർ സിറ്റിയെ സംബന്ധിച്ച് ഹാലൻഡിനെ പോലൊരു യുവതാരം ടീമിലെത്തിയത് വലിയ നേട്ടമാണ്. ആക്രമണത്തിന് പ്രാധാന്യം നൽകി കളിക്കുന്ന മാഞ്ചസ്റ്റർ സിറ്റിക്കു വേണ്ടി ഗോളുകൾ അടിച്ചു കൂട്ടി ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുക്കാൻ താരത്തിന് കഴിയുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.