Football in Malayalam

സെവിയ്യക്കെതിരായ ഇരട്ടഗോളുകളോടെ ചാമ്പ്യൻസ് ലീഗിൽ പുതിയ റെക്കോർഡുകൾ കുറിച്ച് ഹാലൻഡ്

Sreejith N
Borussia Dortmund v Sevilla FC  - UEFA Champions League Round Of 16 Leg Two
Borussia Dortmund v Sevilla FC - UEFA Champions League Round Of 16 Leg Two / Quality Sport Images/Getty Images
facebooktwitterreddit

സ്‌പാനിഷ്‌ ക്ലബായ സെവിയ്യക്കെതിരെ ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ നേടിയ ഇരട്ടഗോളുകളിലൂടെ പുതിയ റെക്കോർഡുകൾ സ്വന്തം പേരിലാക്കി ബൊറൂസിയ ഡോർട്മുണ്ട് സ്‌ട്രൈക്കർ ഏർലിങ് ബ്രൂട് ഹാലാൻഡ്‌. ആദ്യപാദത്തിൽ 3-2നു വിജയിച്ച ഡോർട്മുണ്ട് ഇന്നലെ നടന്ന മത്സരത്തിൽ മുപ്പത്തിയഞ്ചാം മിനുട്ടിൽ തന്നെ രണ്ടു ഗോളുകൾക്ക് മുന്നിലെത്തിയിരുന്നു. പിന്നീട് സെവിയ്യ രണ്ടു ഗോൾ തിരിച്ചടിച്ചെങ്കിലും ക്വാർട്ടർ ഫൈനൽ ഉറപ്പിക്കാൻ അത് മതിയായിരുന്നില്ല.

മത്സരത്തിലെ ഇരട്ടഗോളുകളോടെ ചാമ്പ്യൻസ് ലീഗിൽ ഇരുപതു ഗോളുകൾ സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടമാണ് ഹാലൻഡ് സ്വന്തമാക്കിയതിൽ ഒരെണ്ണം. 20 വർഷവും 231 ദിവസവും പ്രായമുള്ളപ്പോൾ ഇരുപതു ചാമ്പ്യൻസ് ലീഗ് ഗോളുകൾ കുറിച്ച ഹാലൻഡ്, 21 വയസും 355 ദിവസവും പ്രായമുള്ളപ്പോൾ ഈ നേട്ടം കുറിച്ച കെയ്‌ലിയൻ എംബാപ്പെ, 22 വർഷവും 266 ദിവസവും പ്രായമുള്ളപ്പോൾ ഇരുപതു ചാമ്പ്യൻസ് ലീഗ് കുറിച്ച മെസി എന്നിവരെയാണ് പിന്നിലാക്കിയത്.

ഇതിനു പുറമെ ഏറ്റവും കുറഞ്ഞ മത്സരങ്ങളിൽ നിന്നും ഇരുപതു ചാമ്പ്യൻസ് ലീഗ് ഗോളുകൾ നേടുന്ന താരമെന്ന നേട്ടവും ഹാലാൻഡ് ഇന്നലെ സ്വന്തം പേരിലാക്കി. വെറും പതിനാലു മത്സരങ്ങളിൽ നിന്നും ഹാലൻഡ് ഇരുപതു ചാമ്പ്യൻസ് ലീഗ് ഗോളുകൾ കുറിച്ചപ്പോൾ, നേരത്തെ ഈ റെക്കോർഡിനുടമയായിരുന്ന ഹാരി കേനിന് ഈ നേട്ടം സ്വന്തമാക്കാൻ വേണ്ടി വന്നത് ഇരുപത്തിനാലു മത്സരങ്ങളാണ്. 26 മത്സരങ്ങളിൽ നിന്നും ഇരുപതു ഗോളുകൾ കുറിച്ച നിസ്റ്റൽറൂയിയാണ് മൂന്നാം സ്ഥാനത്ത്.

ഇതിനു പുറമെ ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായ നാല് മത്സരങ്ങളിൽ ഇരട്ടഗോളുകൾ നേടുന്ന ആദ്യത്തെ താരമെന്ന റെക്കോർഡും ഹാലാൻഡ്‌ സ്വന്തം പേരിലാക്കിയിട്ടുണ്ട്. ക്ലബ് ബ്രൂഗക്കെതിരായ അവസാന രണ്ടു ഗ്രൂപ്പ് മത്സരങ്ങളിലും ഇരട്ടഗോളുകൾ നേടിയ താരം പിന്നീട് സെവിയ്യക്കെതിരായ പ്രീ ക്വാർട്ടർ മത്സരങ്ങളിലും അതാവർത്തിച്ചു. നിലവിൽ പത്ത് ഗോളുമായി ചാമ്പ്യൻസ് ലീഗിൽ ടോപ് സ്കോററാണ് ഇരുപതുകാരനായ നോർവേ താരം.

facebooktwitterreddit