മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടാനാണ് കാത്തിരിക്കുന്നതെന്ന് എർലിങ് ഹാലൻഡ്

Erling Haaland Reveals Man Utd Is The Team He Wants To Face Most
Erling Haaland Reveals Man Utd Is The Team He Wants To Face Most / George Wood/GettyImages
facebooktwitterreddit

വരുന്ന സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടാനാണ് താൻ കാത്തിരിക്കുന്നതെന്ന് മാഞ്ചസ്റ്റർ സിറ്റിയുടെ പുതിയ താരമായ എർലിങ് ബ്രൂട്ട് ഹാലൻഡ്. മാഞ്ചസ്റ്റർ സിറ്റിയിലേക്കുള്ള ട്രാൻസ്‌ഫർ നേരത്തെ തന്നെ പൂർത്തിയാക്കിയ ഹാലൻഡിനെ കഴിഞ്ഞ ദിവസം ആരാധകരുടെ മുന്നിൽ അവതരിപ്പിച്ചപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം.

ഇരുപത്തിയൊന്നാം വയസിൽ തന്നെ യൂറോപ്പിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായി വിലയിരുത്തപ്പെട്ട ഹാലൻഡിന്റെ ഭാവിയെക്കുറിച്ച് നിരവധി അഭ്യൂഹങ്ങൾ ഉണ്ടായെങ്കിലും മാഞ്ചസ്റ്റർ സിറ്റിയാണ് താരത്തെ സ്വന്തമാക്കുന്നതിൽ വിജയിച്ചത്. അറുപതു മില്യൺ യൂറോയോളം വരുന്ന റിലീസ് ക്ലോസ് നൽകിയാണ് പെപ് ഗ്വാർഡിയോളയുടെ ടീം താരത്തെ ടീമിലെത്തിച്ചത്.

ഹാലൻഡിനെ സ്വന്തമാക്കിയ വിവരം മാഞ്ചസ്റ്റർ സിറ്റി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഒഴിവുദിവസങ്ങൾ കഴിഞ്ഞു വന്ന താരത്തെ കഴിഞ്ഞ ദിവസമാണ് ആരാധകർക്കു മുന്നിൽ അവതരിപ്പിച്ചത്. ഹാലൻഡിനു പുറമെ പുതിയ സൈനിംഗുകളായ ജൂലിയൻ അൽവാരസ്, കാൽവിൻ ഫിലിപ്‌സ്, സ്റ്റെഫാൻ ഒർട്ടേഗ മൊറേനോ എന്നിവരെയും സിറ്റി അവതരിപ്പിച്ചിരുന്നു.

ചടങ്ങിനിടയിൽ അടുത്ത സീസണിൽ ഏതു ടീമിനെ നേരിടാനാണ് കാത്തിരിക്കുന്ന ചോദ്യത്തിനു ഹാലൻഡ് നൽകിയ മറുപടി ഇങ്ങിനെയായിരുന്നു. "എനിക്കാ വാക്കുകൾ പറയാൻ ഇഷ്‌ടമല്ല. പക്ഷെ അത് മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെ." ഹാലൻഡ് പറഞ്ഞു. താരത്തിന്റെ വാക്കുകൾ ആരാധകരിൽ വലിയ ആവേശമാണ് സൃഷ്‌ടിച്ചത്.

മാഞ്ചസ്റ്റർ സിറ്റിയുടെ ഒൻപതാം നമ്പർ താരമായ ഹാലൻഡ് ക്ലബിനു വേണ്ടി ആദ്യത്തെ മത്സരം കളിക്കാൻ ഏതാനും ദിവസങ്ങൾ കൂടി കാത്തിരിക്കേണ്ടി വരും. ജൂലൈ ഇരുപത്തിയൊന്നിനാണ് മാഞ്ചസ്റ്റർ സിറ്റി അവരുടെ ആദ്യത്തെ പ്രീ സീസൺ മത്സരത്തിൽ ക്ലബ് അമേരിക്കയെ നേരിടുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.