ബൊറൂസിയ ഡോർട്മുണ്ട് താരങ്ങൾക്ക് വിലപിടിച്ച സമ്മാനം നൽകി ക്ലബിനോടു വിടപറഞ്ഞ് എർലിങ് ഹാലൻഡ്

Haaland Buys Expensive Gifts To Dortmund Teammates
Haaland Buys Expensive Gifts To Dortmund Teammates / Lars Baron/GettyImages
facebooktwitterreddit

ഈ സീസണോടെ ബൊറൂസിയ ഡോർട്മുണ്ടിനോട് വിട പറയുന്ന നോർവീജിയൻ സ്‌ട്രൈക്കർ എർലിങ് ബ്രൂട് ഹാലൻഡ് തന്റെ സഹതാരങ്ങൾക്കു വാങ്ങി നൽകിയത് വിലപിടിപ്പുള്ള സമ്മാനം. 51 മില്യൺ യൂറോ നൽകി മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയ താരം തന്റെ യാത്രയയപ്പു പരിപാടിയിലാണ് സഹതാരങ്ങൾക്ക് വിലയേറിയ സമ്മാനം നൽകിയത്.

ജർമൻ മാധ്യമമായ ബിൽഡിന്റെ റിപ്പോർട്ടുകൾ പ്രകാരം ഡോർട്മുണ്ടിൽ തനിക്കൊപ്പം കളിച്ച 33 താരങ്ങൾക്കും ആഡംബര വാച്ചായ റോളെക്‌സ്‌ ആണ് ഹാലൻഡ് സമ്മാനമായി നൽകിയത്. 13000 യൂറോ മുതൽ 15000 യൂറോ വരെ (ഇന്ത്യൻ രൂപ പത്തു ലക്ഷത്തിലധികം) ഓരോ വാച്ചിനുമായി ഹാലൻഡ് ചിലവാക്കിയെന്നും റിപ്പോർട്ടുകൾ പറയുന്നു. ഓരോ വാച്ചിലും താരത്തിന്റെ പേരിലെ ആദ്യ അക്ഷരങ്ങൾ പ്രിന്റ് ചെയ്‌തിട്ടുമുണ്ട്‌.

നെതർലാൻഡ്സിൽ നിന്നും രണ്ടു ലിമോസിനുകളിലാണ് വാച്ചുകൾ എത്തിച്ചത്. ഓരോ താരങ്ങൾക്കും അത് ചേരുന്നുണ്ടോ എന്നു പരിശോധിക്കാനുള്ള സൗകര്യവും കൂടെ ഉണ്ടായിരുന്നു. ഓരോ വാച്ചും മൂന്നു ഫോട്ടോസ് അടങ്ങിയ പ്രത്യേക ബോക്‌സിലാണ് എത്തിയതെന്നും ഹാലണ്ടിന്റെ ജേഴ്‌സി നമ്പർ, താരം ഗോൾ ആഘോഷിക്കുന്ന പോസ്, ഡിഎഫ്‌ബി പോകൽ കിരീടവുമായി താരം നിൽക്കുന്നത് എന്നീ ചിത്രങ്ങളാണ് ഉണ്ടായിരുന്നത്.

ക്ലബിലെ മറ്റുള്ള തൊഴിലാളികൾക്കും താരം സമ്മാനം നൽകിയിട്ടുണ്ട്. റോളക്‌സ് വാച്ചിനു പകരം ഇവർക്കെല്ലാം സ്‌പീഡ്‌മാസ്റ്റർ പ്രൊഫഷണൽ ലൈനിൽ നിന്നും ഒമേഗ ബ്രാൻഡ് വാച്ചാണ് നൽകിയത്. 5000 മുതൽ 7000 യൂറോളമാണ് (ഇന്ത്യൻ രൂപ അഞ്ചു ലക്ഷത്തോളം) ഇതിൽ ഓരോ വാച്ചിന്റെയും മൂല്യം.

2020ൽ ബൊറൂസിയ ഡോർട്മുണ്ടിൽ എത്തിയ എർലിങ് ഹാലൻഡ് 89 മത്സരങ്ങൾ ക്ലബിനായി കളിച്ച് 86 ഗോളുകളും 23 അസിസ്റ്റും ഒരു ജർമൻ കപ്പും സ്വന്തമാക്കിയിട്ടുണ്ട്. ആക്രമണ ഫുട്ബോളിന്റെ ആചാര്യനായ പെപ് ഗ്വാർഡിയോളക്കു കീഴിൽ കളിക്കുന്നത് താരത്തിന് കൂടുതൽ മികച്ച പ്രകടനം നടത്താൻ സഹായിക്കുമെന്നുറപ്പാണ്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.