Erling Haaland

150 മില്യൺ യൂറോ റിലീസിംഗ് ക്ലോസ്, ഹാലൻഡിന് 2024ൽ മാഞ്ചസ്റ്റർ സിറ്റി വിടാൻ കഴിയും

Sreejith N
Haaland Can Leave Man City In 2024 For 150 million Euros
Haaland Can Leave Man City In 2024 For 150 million Euros / Stuart Franklin/GettyImages
facebooktwitterreddit

ദിവസങ്ങൾക്കു മുൻപാണ് എർലിങ് ബ്രൂട് ഹാലൻഡിനെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയ വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നിലവിൽ യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച താരത്തെ 60 മില്യൺ യൂറോയോളം വരുന്ന റിലീസിംഗ് ക്ലോസ് നൽകിയാണ് മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയത്. സിറ്റിയുടെ ചാമ്പ്യൻസ് ലീഗ് സ്വപ്‌നങ്ങൾ അടുത്ത സീസണിൽ നിറവേറ്റാൻ താരത്തിന് കഴിയുമെന്നു തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

എന്നാൽ എർലിങ് ഹാലൻഡിനെ ഒരുപാട് വർഷങ്ങൾ ടീമിന്റെ ഭാഗമാക്കി നിലനിർത്താൻ മാഞ്ചസ്റ്റർ സിറ്റിക്ക് കഴിയില്ലെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2027 വരെ താരവുമായി കരാറുണ്ടെങ്കിലും 2024 മുതൽ മാഞ്ചസ്റ്റർ സിറ്റി വിടാൻ കഴിയുന്ന തരത്തിൽ 150 മില്യൺ യൂറോയുടെ റിലീസിംഗ് ക്ലോസ് ഉടമ്പടി കരാറിലുണ്ടെന്ന് ദി ബിൽഡ് റിപ്പോർട്ടു ചെയ്യുന്നു.

റിലീസിംഗ് ക്ലോസ് ഉടമ്പടി പ്രകാരം ഹാലൻഡിന്റെ സമ്മതം ലഭിച്ചാൽ ഏതു ക്ലബിനും 150 മില്യൺ യൂറോ നൽകി 2024 മുതൽ താരത്തെ സ്വന്തമാക്കാൻ കഴിയും. താരത്തിന്റെ ഏജന്റായിരുന്ന, അടുത്തിടെ മരണപ്പെട്ട മിനോ റയോളയാണ് ഈ ഉടമ്പടി കരാറിൽ ഉൾപ്പെടുത്തിയത്. സമാനമായ റിലീസിംഗ് ക്ലോസ് ഉടമ്പടി ഉപയോഗിച്ചു തന്നെയാണ് ഹാലൻഡിനെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയതും.

മാഞ്ചസ്റ്റർ സിറ്റിയെപ്പോലെ ആക്രമണഫുട്ബോൾ കളിക്കുന്ന ടീമിൽ ഹാലൻഡ് തിളങ്ങുമെന്ന് ഏവർക്കും വലിയ പ്രതീക്ഷ ഉണ്ടെങ്കിലും അതിനു കഴിഞ്ഞില്ലെങ്കിൽ ക്ലബ് വിടാനും ഈ റിലീസിംഗ് ക്ലോസ് താരത്തെ സഹായിക്കും. ഹാലൻഡിനായി നേരത്തെ തന്നെ രംഗത്തുണ്ടായിരുന്ന ബാഴ്‌സലോണ, റയൽ മാഡ്രിഡ് ക്ലബുകൾക്കും രണ്ടു വർഷത്തിനു ശേഷം ഇത് ഉപയോഗപ്പെടുത്താൻ കഴിയും.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit