Football in Malayalam

പരിക്കിൽ നിന്നുള്ള തിരിച്ചുവരവ് റെക്കോർഡ് നേട്ടത്തോടെ ആഘോഷിച്ച് ഹാലൻഡ്; സ്വന്തമാക്കിയത് ലീഗിലെ അതിവേഗ 50 ഗോൾ നേട്ടം

Gokul Manthara
VfL Wolfsburg v Borussia Dortmund - Bundesliga
VfL Wolfsburg v Borussia Dortmund - Bundesliga / Martin Rose/GettyImages
facebooktwitterreddit

പരിക്കിനെത്തുടർന്ന് ഒരു മാസത്തിലധികം സമയം കളിക്കളത്തിന് പുറത്തായിരുന്ന ബൊറൂസിയ ഡോർട്ട്മുണ്ട് താരം എർലിംഗ് ഹാലൻഡ്, ഇന്നലെ വോൾഫ്സ്ബർഗിനെതിരെ നടന്ന പോരാട്ടത്തിൽ പകരക്കാരനായി കളിക്കാനിറങ്ങി മൈതാനത്തേക്കുള്ള തന്റെ തിരിച്ചു വരവ് നടത്തിയിരുന്നു. മടങ്ങി വരവ് മത്സരത്തിൽ ഉജ്ജ്വല ഗോൾ നേടിയ താരം ഒപ്പം ബുണ്ടസ് ലീഗയിലെ ഒരു തകർപ്പൻ റെക്കോർഡും സ്വന്തമാക്കി.

ഇന്നലെ വോൾഫ്സ്ബർഗിനെതിരെ ഹാലൻഡ് നേടിയത് ബുണ്ടസ് ലീഗയിലെ തന്റെ അൻപതാമത്തെ ഗോളായിരുന്നു. വെറും 50 മത്സരങ്ങളിൽ നിന്നാണ് ഹാലൻഡിന്റെ ഈ ഗോൾ നേട്ടം. ഇതോടെ ഏറ്റവും കുറവ് മത്സരങ്ങളിൽ നിന്ന് 50 ബുണ്ടസ് ലീഗ ഗോളുകൾ നേടുന്ന താരമായി ഹാലൻഡ് മാറി. വെറും 21 വയസും, 4 മാസവും, 6 ദിവസവും പ്രായമുള്ളപ്പോളാണ് ഇതു പോലൊരു ഗോളടി റെക്കോർഡ് ഈ നോർവീജിയൻ മുന്നേറ്റ താരം സ്വന്തമാക്കിയിരിക്കുന്നത്. ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും ഇതോടെ ഹാലൻഡിന്റെ പേരിലായി.

2020 ൽ ഓസ്ട്രിയൻ ക്ലബ്ബായ റെഡ്ബുൾ സാൽസ്ബർഗിൽ നിന്ന് ബൊറൂസിയ ഡോർട്ട്മുണ്ടിലേക്കെത്തിയ ഹാലൻഡ്, ജെർമ്മൻ ക്ലബ്ബിലെത്തിയത് മുതൽ ഉജ്ജ്വല ഫോമിലാണുള്ളത്. ടീമിനായി മൊത്തം 70 മത്സരങ്ങൾ ഇതു വരെ കളിച്ചു കഴിഞ്ഞ താരം 71 ഗോളുകൾ നേടിയതിനൊപ്പം 19 ഗോളുകൾ സ്കോർ ചെയ്തിട്ടുമുണ്ട്. 2021-22 സീസണിൽ 7 മത്സരങ്ങളിൽ നിന്ന് 10 ഗോളുകളും, 4 അസിസ്റ്റുകളുമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

അതേ സമയം നിലവിൽ ലോകത്തെ ഏറ്റവും മികച്ച യുവ മുന്നേറ്റ താരങ്ങളിലൊരാളാണ് ഹാലൻഡ്. ഗോളടി യന്ത്രമായ താരത്തിൽ പല യൂറോപ്യൻ വമ്പന്മാർക്കും ഇപ്പോൾ കണ്ണുണ്ട്‌. അത് കൊ‌ണ്ടു തന്നെ വരാനിരിക്കുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഏറ്റവുമധികം ഡിമാൻഡുള്ള താരങ്ങളിലൊരാളായിരിക്കും ഹാലൻഡ് എന്നതിൽ യാതൊരു സംശയവുമില്ല. നിലവിൽ 2024 വരെയാണ് നോർവീജിയൻ താരമായ ഹാലൻഡിന് ബൊറൂസിയ ഡോർട്ട്മുണ്ടുമായി കരാറുള്ളത്. ഇതിനാൽ യൂറോപ്യ‌ൻ ക്ലബ്ബുകൾക്കിടയിൽ വൻ ഡിമാൻഡുള്ള താരത്തെ വിൽക്കുന്നതിലൂടെ ഡോർട്ട്മുണ്ടും വമ്പൻ നേട്ടമുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്.

facebooktwitterreddit