തന്റെ പ്രകടനം മെച്ചപ്പെടുത്താനായി പ്രീമിയർ ലീഗ് സ്ട്രൈക്കറുടെ വീഡിയോകൾ കാണാറുണ്ടെന്ന് എർലിങ് ഹാലൻഡ്


തന്റെ പ്രകടനനിലവാരം ഉയർത്തുന്നതിനായി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലൈസ്റ്റർ സിറ്റിയുടെ താരമായ ജേമീ വാർഡിയുടെ നിരവധി വീഡിയോകൾ കാണാറുണ്ടെന്ന വെളിപ്പെടുത്തലുമായി ബൊറൂസിയ ഡോർട്മുണ്ട് താരമായ എർലിങ് ബ്രൂട് ഹാലൻഡ്. ഡിഫൻസീവ് ലൈനിനെ മുറിച്ചു കൊണ്ടുള്ള ഓട്ടത്തിന്റെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും മികച്ച താരമാണ് ജെമീ വാർഡിയെന്ന അഭിപ്രായവും ഹാലൻഡ് പ്രകടിപ്പിച്ചു.
നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന താരമാണ് എർലിങ് ബ്രൂട് ഹാലൻഡ്. ഇരുപത്തിയൊന്നു വയസു മാത്രമുള്ള, ഈ സീസണിൽ 14 ലീഗ് മത്സരങ്ങളിൽ നിന്നും 16 ഗോൾ നേടിയിട്ടുള്ള താരം മൈതാനത്ത് തനിക്കിനിയും മെച്ചപ്പെട്ടു മുന്നേറാനുള്ള മേഖലകളെക്കുറിച്ച് സംസാരിക്കുമ്പോഴാണ് ജെമീ വാർഡിയെ മാതൃകയാക്കുന്നതിനെ കുറിച്ച് വെളിപ്പെടുത്തിയത്.
Erling Haaland has been taking inspiration from Jamie Vardy ⚡️ pic.twitter.com/fVaXEfdka6
— ESPN UK (@ESPNUK) January 27, 2022
"പഠിക്കാൻ വേണ്ടിയല്ലെങ്കിലും ഞാനൊരുപാട് താരങ്ങളുടെ വീഡിയോ കാണാറുണ്ട്. ഒരുദാഹരണം പറയാം: നമ്പർ 10ന്റെ കയ്യിൽ പന്തുള്ളപ്പോൾ സെന്റർ ബാക്കുകൾക്കിടയിലൂടെയുള്ള ഓട്ടം എടുത്താൽ അതിൽ ലോകത്തിലെ ഏറ്റവും മികച്ച താരം ജെമീ വാർഡി ആയിരിക്കും. അദ്ദേഹത്തിൽ നിന്നും ഞാനത് നോക്കി മനസിലാക്കാറുണ്ട്."
ഞാൻ അങ്ങിനെയാണ്. ഒരുപാട് ഫുട്ബോൾ കാണുന്ന സ്വഭാവം എനിക്കുണ്ടായിരുന്നു, ഇപ്പോഴുമുണ്ട്. ഞങ്ങൾ ശനിയാഴ്ച കളിച്ചാൽ ഞായറാഴ്ച ഞാൻ വീട്ടിൽ പോയി മുഴുവൻ സമയവും ഫുട്ബോൾ കാണും. ഫുട്ബോൾ എനിക്ക് അത്രയധികം ഇഷ്ടമാണ്."
"വാൻ പേഴ്സിയെയും ഞാൻ ഒരുപാട് ശ്രദ്ധിക്കാറുണ്ട്. താരവും ഇടംകാലൻ തന്നെയാണ്. താരം നേടിയ ഒരുപാട് ഗോളുകൾ ഞാൻ കാണാറുണ്ട്. ഇടംകാലനായതിനാൽ ഞാൻ വാൻ പേഴ്സിയെ കൂടുതൽ കാണുന്നത് സ്വാഭാവികമായ കാര്യവുമാണ്. ഞാൻ ഒരുപാട് താരങ്ങളെ കാണാറുണ്ട്, പ്രത്യേകിച്ചും സ്ട്രൈക്കേഴ്സ്." ഹാലൻഡ് സ്കൈ സ്പോർട്സിനോട് സംസാരിക്കേ പറഞ്ഞു.
നിലവിൽ ഏറ്റവും മികച്ച ഫോമിലാണ് കളിക്കുന്നതെങ്കിലും ഇനിയും ഒരുപാട് മെച്ചപ്പെടാൻ തനിക്കു സാധിക്കുമെന്നാണ് ഹാലൻഡ് പറയുന്നത്. കൂടുതൽ വേഗതയും കരുത്തും തനിക്കുണ്ടാക്കാൻ കഴിയുമെന്നു പറഞ്ഞ താരം കൂടുതൽ മത്സരങ്ങൾ കളിക്കാനും അതിൽ മികച്ച പ്രകടനം നടത്താനും പരിക്കിൽ നിന്നും ഒഴിവാകേണ്ടതുണ്ടെന്നും പറഞ്ഞു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.