ഹാലൻഡിനു സ്വഭാവഗുണമില്ല, താരത്തിൽ നിന്നുണ്ടായ കയ്‌പ്പേറിയ അനുഭവം പറഞ്ഞ് റീസ് സ്റൈഷേ

Sreejith N
FIFA World Cup Qualifier"Norway v Netherlands"
FIFA World Cup Qualifier"Norway v Netherlands" / ANP Sport/Getty Images
facebooktwitterreddit

യൂറോപ്പിൽ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഗോളടിയന്ത്രം ആണെങ്കിലും എർലിങ് ബ്രൂട് ഹാലൻഡിനു സ്വഭാവഗുണമില്ലെന്ന് ജിബ്രാൾട്ടർ ദേശീയ ടീമിന്റെ മുന്നേറ്റനിര താരമായ റീസ് സ്റൈഷേ. നോർവേയുമായി ഈ വർഷമാദ്യം നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിനു ശേഷം ജിബ്രാൾട്ടർ നായകനായ റോയ് ചിപോളിന സ്വന്തം മകനു വേണ്ടി ഹാലൻഡിന്റെ ജേഴ്‌സി ആവശ്യപ്പെട്ടപ്പോൾ താരം അതു ചിരിച്ചു തള്ളുകയാണ് ചെയ്‌തതെന്നു സ്റൈഷേ വെളിപ്പെടുത്തി.

കഴിഞ്ഞ മാസം ജിബ്രാൾട്ടറുമായി തമ്മിൽ നടന്ന മത്സരത്തിൽ നോർവേ ഒന്നിനെതിരെ അഞ്ചു ഗോളുകളുടെ വിജയം നേടിയിരുന്നു. ആ മത്സരത്തിനു ശേഷം ഒരു ജിബ്രാൾട്ടർ താരം പോലും ഹാലൻഡിന്റെ ജേഴ്‌സി ആവശ്യപ്പെട്ടിട്ടില്ലെന്നും മുൻപുണ്ടായ മത്സരത്തിലെ കയ്‌പ്പേറിയ അനുഭവം കൊണ്ട് തങ്ങളുടെ ടീമിലെ താരങ്ങൾ എടുത്ത തീരുമാനമായിരുന്നു അതെന്നുമാണ് സ്റൈഷേ പറയുന്നത്.

"ഞങ്ങളിലാർക്കും ഹാലാൻഡിന്റെ ഷർട്ട് ആവശ്യമില്ലായിരുന്നു, ഞങ്ങൾ താരത്തെ അവഗണിച്ചു. കഴിഞ്ഞ മാർച്ചിൽ ഞങ്ങളുടെ ടീമിന്റെ നായകനായ റോയ് ചിപോളിന ഹാലാൻഡിന്റെ ഷർട്ട് ആവശ്യപ്പെട്ടിരുന്നു. ആ മത്സരത്തിൽ നോർവേ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് വിജയിച്ചെങ്കിലും ഹാലാൻഡ് ഗോൾ നേടിയിരുന്നില്ല. ഒരു മണിക്കൂറിനു ശേഷം പിൻവലിക്കുക കൂടി ചെയ്‌തതോടെ താരം അസ്വസ്ഥനായിരുന്നു."

"അവസാനം എല്ലാവരും ടിവി ഇന്റർവ്യൂ പൂർത്തിയാക്കിയതിനു ശേഷം റോയ് അദ്ദേഹത്തിനോട് 'എന്റെ ചെറിയ മകൻ നിങ്ങളുടെ വലിയ ആരാധകനാണ്, ജേഴ്‌സി കൈമാറ്റം ചെയ്യുന്നതിൽ കുഴപ്പമുണ്ടോ' എന്നു ചോദിച്ചു. ഹാലൻഡ് അദ്ദേഹത്തെ നോക്കി നിന്നതിനു ശേഷം ചിരിച്ചു കൊണ്ട് അവിടെ നിന്നും പോയി. നമുക്ക് പലതും വാങ്ങാൻ കഴിയുമെങ്കിലും സ്വഭാവഗുണം അങ്ങിനെ സ്വന്തമാക്കാൻ കഴിയില്ല. ചിലപ്പോൾ മീഡിയ ഉണ്ടാക്കുന്ന ആരവം താരത്തെ ബാധിരിക്കും."

"ഒരു ചെറിയ കുട്ടിയുടെ ദിവസവും മാസവും ചിലപ്പോൾ വർഷവും മനോഹരമാക്കാനുള്ള അവസരമാണ് താരത്തിനു ലഭിച്ചത്, എന്തായാലും അതിനോട് താരം പറ്റില്ലെന്നു പറഞ്ഞു. ഓസ്‌ലോയിൽ ആർക്കും താരത്തിന്റെ ജേഴ്‌സി ആവശ്യമില്ലായിരുന്നു. തന്റെ ഹാട്രിക്ക് അടയാളപ്പെടുത്താൻ അതു സൂക്ഷിച്ചു വെക്കാനോ അല്ലെങ്കിൽ കോവിഡിനു ശേഷം ആരാധകർ പങ്കെടുത്ത് സ്വന്തം മൈതാനത്ത് നടന്ന ആദ്യ മത്സരം ആയതിനാൽ നോർവീജിയൻ ആരാധകർക്ക് ആ ജേഴ്‌സി നൽകാനോ താരം തീരുമാനിച്ചിരിക്കാം." സ്റൈഷേ ഇംഗ്ലീഷ് മാധ്യമമായ ദി സണിനോട് വ്യക്തമാക്കി.

facebooktwitterreddit