Football in Malayalam

എൽ ക്ലാസികോ തോൽവിയിൽ ആൻസലോട്ടിയെ വിമർശിച്ച് റയൽ മാഡ്രിഡ് ഇതിഹാസം ഗുട്ടി, വിനീഷ്യസിനും വിമർശനം

Sreejith N
Guti Slams Ancelotti And Vinicius After El Clasico Defeat
Guti Slams Ancelotti And Vinicius After El Clasico Defeat / Denis Doyle/GettyImages
facebooktwitterreddit

എൽ ക്ലാസിക്കോ മത്സരത്തിൽ ബാഴ്‌സലോണക്കെതിരെ റയൽ മാഡ്രിഡ് വഴങ്ങിയ കനത്ത തോൽ‌വിയിൽ പരിശീലകൻ കാർലോ ആൻസലോട്ടിക്കെതിരെ വിമർശനവുമായി റയൽ മാഡ്രിഡ് ഇതിഹാസം ഗുട്ടി. മത്സരത്തിൽ ഈഡൻ ഹസാർഡ്, ഗാരെത് ബേൽ, ലൂക്ക ജോവിച്ച്, ഇസ്‌കോ തുടങ്ങിയ താരങ്ങളെ ഉപയോഗിക്കാൻ പോലും തയ്യാറാവാതിരുന്ന ആൻസലോട്ടിയുടെ പദ്ധതികളെ ചോദ്യം ചെയ്‌ത ഗുട്ടി മുന്നേറ്റനിര താരം വിനീഷ്യസിനെതിരെയും വിമർശനമുന്നയിച്ചു.

ഒബാമയാങ്ങിന്റെ ഇരട്ടഗോളുകളും അറോഹോ, ഫെറൻ ടോറസ് എന്നിവരുടെ ഗോളുകളുമാണ് റയൽ മാഡ്രിഡിനെതിരെ ബാഴ്‌സലോണക്ക് വമ്പൻ വിജയം സമ്മാനിച്ചത്. മത്സരത്തിനുള്ള സ്‌ക്വാഡിൽ നിന്നും ഗാരെത് ബേലിനെ തഴഞ്ഞ ആൻസലോട്ടി ഹസാർഡ്, ജോവിച്ച്, ഇസ്‌കോ എന്നിവരെ പകരക്കാരനായി പോലും ഉപയോഗിക്കുകയും ചെയ്യാതിരുന്നതിനെയാണ് ഗുട്ടി ചോദ്യം ചെയ്‌തത്‌.

"ഞാൻ ആൻസലോട്ടിയാണെങ്കിൽ ബെഞ്ചിലേക്ക് നോക്കുമ്പോൾ അവിടെ ഹസാർഡ്, ലൂക്ക ജോവിച്ച്, ഇസ്‌കോ എന്നിവരുണ്ട്. എന്നിട്ട് അവരിൽ ഒരാളെപ്പോലും പകരക്കാരായി ഇറക്കാൻ കഴിയില്ലെന്ന് നിങ്ങൾ പറയുന്നു. എന്താണ് സംഭവിക്കുന്നത്? എനിക്കൊരു പിടിയും കിട്ടുന്നില്ല." എൽ ചിരിങ്കുയിറ്റൊ ടിവിയോട് സംസാരിക്കെ ഗുട്ടി പറഞ്ഞു.

"ബാഴ്‌സലോണക്കെതിരായ മത്സരവും റയൽ മാഡ്രിഡ് ബെഞ്ചും ഞാൻ കണ്ടിരുന്നു. എന്നാൽ സെക്കൻഡ് ഹാഫിൽ മാഡ്രിഡിന്റെ ആദ്യത്തെ മാറ്റം മരിയാനോ ആയിരുന്നു. അതെങ്ങിനെയാണ്? ഹസാർഡോ ബേലോ അവിടെയില്ലേ? മാഡ്രിഡ് ആക്രമണത്തിൽ വരുത്തിയ ആദ്യത്തെ മാറ്റം മരിയാനോ ആയിരുന്നു, താരം ഈ സീസണിൽ കളിച്ചിട്ടു പോലുമില്ല." ഗുട്ടി വ്യക്തമാക്കി.

മത്സരത്തിൽ റയൽ മാഡ്രിഡിനു വേണ്ടി വിനീഷ്യസ് ജൂനിയർ നടത്തിയ പ്രകടനത്തെയും ഗുട്ടി വിമർശിച്ചു. ബാഴ്‌സലോണ ആദ്യഗോൾ നേടിയതിനു ശേഷം വിനീഷ്യസിനു റയലിനെ ഒപ്പമെത്തിക്കാൻ അവസരമുണ്ടായിരുന്നെങ്കിലും ഗോൾ നേടുന്നതിനു പകരം പെനാൽറ്റിക്കായി അപ്പീൽ ചെയ്‌ത താരം സ്വന്തം കളിയേക്കാൾ എതിരാളിയെക്കുറിച്ചും റഫറിയെ പറ്റിയുമാണ് ആലോചിക്കുന്നതെന്ന് ഗുട്ടി വ്യക്തമാക്കി.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit