Football in Malayalam

മെസിക്കും റൊണാൾഡോക്കും വോട്ടു ചെയ്യാൻ കഴിയില്ല, ബാലൺ ഡി ഓർ നേടേണ്ട രണ്ടു താരങ്ങളെ തിരഞ്ഞെടുത്തത് ഗുസ് പോയറ്റ്

Sreejith N
Cristiano Ronaldo (R) of Juventus FC and Lionel Messi of FC...
Cristiano Ronaldo (R) of Juventus FC and Lionel Messi of FC... / Nicolò Campo/GettyImages
facebooktwitterreddit

ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്‌കാരം ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും അർഹിക്കുന്നില്ലെന്ന് മുൻ ചെൽസി താരവും ടോട്ടനം ഹോട്സ്‌പറിന്റെ മുൻ അസിസ്റ്റന്റ് മാനേജരുമായ ഗുസ് പൊയറ്റ്. പതിനൊന്നു ബാലൺ ഡി ഓർ പുരസ്‌കാരങ്ങൾ പങ്കിട്ടെടുത്ത രണ്ടു താരങ്ങൾക്കും വോട്ടു ചെയ്യേണ്ടതില്ലെന്നും മൊഹമ്മദ് സലാ, കെയ്‌ലിൻ എംബാപ്പെ എന്നിവരിൽ ഒരാളാണ് പുരസ്‌കാരം അർഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷങ്ങളിൽ നിന്നും വിഭിന്നമായി ഈ വർഷത്തെ ബാലൺ ഡി ഓർ എന്തായാലും സ്വന്തമാക്കും എന്നു കരുതാൻ കഴിയുന്ന ഒരു താരമില്ല. മെസി, ജോർജിന്യോ, റോബർട്ട് ലെവൻഡോസ്‌കി എന്നിവരാണ് പുരസ്‌കാരത്തിനു സാധ്യതയുള്ള താരങ്ങളിൽ മുന്നിൽ നിൽക്കുന്നതെങ്കിലും മൊഹമ്മദ് സലാ, കരിം ബെൻസിമ, റൊണാൾഡോ എന്നീ താരങ്ങളും അതു നേടാനുള്ള സാധ്യതയുണ്ട്.

ഈ സീസണിൽ പതിനൊന്നു പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്നും പത്തു ഗോളും ഏഴ് അസിസ്റ്റും നാല് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്നും അഞ്ചു ഗോളും നേടിയ മൊഹമ്മദ് സലാ തന്നെയാണ് അതു നേടേണ്ടതെന്നാണ് പോയേറ്റ് പറയുന്നത്. "ബാലൺ ഡി ഓറിൽ മെസിക്കും റൊണാൾഡോക്കും വോട്ടു ചെയ്യാൻ നിങ്ങൾക്ക് കഴിയില്ല. ചിലപ്പോൾ എംബാപ്പക്കോ സലക്കോ ചെയ്യാം, രണ്ടാമതു പറഞ്ഞയാളാണ് ഏറ്റവും മികച്ചത്," അൽ ഹയാഹ് ടിവിയോട് പോയറ്റ് പറഞ്ഞു.

ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റി, ചെൽസി, ലിവർപൂൾ എന്നീ ടീമുകളിൽ ഒരാളായിരിക്കും പ്രാമിയാര് ലീഗ് കിരീടം നേടാൻ സാധ്യതയെന്നും പോയറ്റ് പറയുന്നു. സലാ നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണെന്നും മെസി, റൊണാൾഡോ എന്നിവരെപ്പോലെ ഗോൾ നേടിയില്ലെങ്കിലും കളിയിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന സലാ ലിവർപൂളിന്റെ സാധ്യതകൾ വർധിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ ജനുവരിയിൽ ആഫ്രിക്കൻ കപ്പ് ഓഫ് നാഷസിൽ പങ്കെടുക്കാൻ സലാ ലിവർപൂൾ വിടുന്നത് ടീമിനെ പ്രതികൂലമായി ബാധിക്കുമെന്നും പോയറ്റ് മുന്നറിയിപ്പു നൽകി. ഈ സമയത്ത് ലിവർപൂളിന്റെ ഫോം നഷ്ടപ്പെട്ടേക്കാമെന്നും മാഞ്ചസ്റ്റർ സിറ്റിക്കും ചെൽസിക്കും മുന്നോട്ട് കുതിക്കാൻ അതവസരം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


facebooktwitterreddit