Manchester City News

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പുതിയ ഫോർമാറ്റിനെതിരെ രൂക്ഷ വിമർശനവുമായി മാഞ്ചസ്റ്റർ സിറ്റി താരം ഗുൻഡോഗൻ

Sreejith N
Aston Villa v Manchester City - Premier League
Aston Villa v Manchester City - Premier League / Chloe Knott - Danehouse/Getty Images
facebooktwitterreddit

യൂറോപ്യൻ സൂപ്പർ ലീഗ് ഉയർത്തിയ അലയൊലികൾ അവസാനിച്ചു കൊണ്ടിരിക്കെ യുവേഫ മുന്നോട്ടു വെച്ച പുതിയ ചാമ്പ്യൻസ് ലീഗ് ഫോർമാറ്റിനെതിരെ വിമർശനവുമായി മാഞ്ചസ്റ്റർ സിറ്റി താരം ഇൽകെയ് ഗുൻഡോഗൻ. കൂടുതൽ ടീമുകളെയും കൂടുതൽ മത്സരങ്ങളുമുൾപ്പെടുത്തി നടത്താൻ തീരുമാനിച്ചിട്ടുള്ള ചാമ്പ്യൻസ് ലീഗിന്റെ പുതിയ രൂപം കളിക്കാർക്ക് യാതൊരു പരിഗണനയും നൽകുന്നില്ലെന്നാണ് ഗുൻഡോഗൻ പറയുന്നത്.

"സൂപ്പർ ലീഗുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടന്നു കൊണ്ടിരിക്കെ നമുക്ക് ചാമ്പ്യൻസ് ലീഗിന്റെ പുതിയ ഫോർമാറ്റിനെ കുറിച്ചും സംസാരിക്കേണ്ടതാണ്. കൂടുതൽ കൂടുതൽ മത്സരങ്ങൾ, ആരുമെന്താണ് കളിക്കാരെ കുറിച്ച് ചിന്തിക്കാത്തത്? സൂപ്പർ ലീഗുമായി താരതമ്യപ്പെടുത്തുമ്പോൾ ദോഷം വരുത്തുന്ന രണ്ടു കാര്യങ്ങളിൽ ഭേദപ്പെട്ട ഒന്നു മാത്രമാണ് പുതിയ ചാമ്പ്യൻസ് ലീഗ് ഫോർമാറ്റ്," ഗുൻഡോഗൻ ട്വിറ്ററിൽ കുറിച്ചു.

അതിനു ശേഷം മറ്റൊരു ട്വീറ്റിലൂടെ താരം നിലവിലുള്ള ചാമ്പ്യൻസ് ലീഗ് ഫോർമാറ്റിനു തന്റെ പിന്തുണ അറിയിക്കുകയും ചെയ്‌തു. "നിലവിലുള്ള ചാമ്പ്യൻസ് ലീഗ് ഫോർമാറ്റ് വളരെ മികച്ച രീതിയിലാണ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടാണത് ലോകത്തിലെ ഏറ്റവും മികച്ച ടൂർണമെന്റായി തുടരുന്നത് - കളിക്കാർക്കും ആരാധകർക്കും," ഗുൻഡോഗൻ വ്യക്തമാക്കി.

സൂപ്പർ ലീഗ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് യുവേഫ 2024 മുതൽ പുതിയ ചാമ്പ്യൻസ് ലീഗ് ഫോർമാറ്റ് നിലവിൽ വരുമെന്ന് അറിയിച്ചത്. ഇപ്പോഴുള്ള മുപ്പത്തിരണ്ട് ടീമുകൾക്കു പകരം മുപ്പത്തിയാറു ടീമുകളാണ് പുതിയ ഫോർമാറ്റ് പ്രകാരം കളിക്കുക. ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പത്ത് മത്സരങ്ങൾ ഓരോ ടീമിനും കുറഞ്ഞത് കളിക്കേണ്ടി വരുന്നതിനു പുറമെ പകുതി ടീമുകൾ പ്ലേ ഓഫും കളിക്കേണ്ടി വരും.

മത്സരങ്ങളുടെ എണ്ണം വർധിപ്പിക്കുക, മികച്ച ക്ലബുകൾ തമ്മിൽ നടക്കുന്ന പോരാട്ടങ്ങൾ വർധിപ്പിക്കുക, അതുവഴി ക്ലബുകളുടെ വരുമാനം കൂട്ടുക എന്നിവ ലക്ഷ്യമിട്ടാണ് പുതിയ ചാമ്പ്യൻസ് ലീഗ് ഫോർമാറ്റ് അവതരിപ്പിച്ചതെങ്കിലും അത് മൂലം താരങ്ങൾക്കാണ് കൂടുതൽ പ്രശ്നം നേരിടേണ്ടി വരിക.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി 90Min മലയാളത്തെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യൂ.

facebooktwitterreddit