Football in Malayalam

"ഞങ്ങൾക്കിതു ശീലമില്ല"- മാഞ്ചസ്റ്റർ സിറ്റിയുടെ തോൽവിയിൽ ലിവർപൂൾ കൂടുതൽ ഭീഷണിയാകുമെന്ന് ഗുണ്ടോഗൻ

Sreejith N
Manchester City v Tottenham Hotspur - Premier League
Manchester City v Tottenham Hotspur - Premier League / Robbie Jay Barratt - AMA/GettyImages
facebooktwitterreddit

ടോട്ടനം ഹോസ്‌പറിനെതിരെ നടന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി തോൽവി വഴങ്ങിയത് ടീമിലെ താരങ്ങൾക്കെല്ലാം വലിയ ഞെട്ടലുണ്ടാക്കിയെന്ന് മധ്യനിരതാരം ഇൽകൈ ഗുൻഡോഗൻ. ഇഞ്ചുറി ടൈമിൽ രണ്ടു ഗോളുകൾ പിറന്ന മത്സരത്തിൽ പ്രീമിയർ ലീഗിലെ ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിയെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് പോയിന്റ് ടേബിളിലെ ഏഴാം സ്ഥാനക്കാരായ ടോട്ടനം കീഴടക്കിയത്.

ഇഞ്ചുറി ടൈമിന്റെ അവസാനനിമിഷത്തിൽ നേടിയ വിജയഗോൾ അടക്കം ഹാരി കേൻ രണ്ടു ഗോളുകൾ നേടിയ മത്സരത്തിൽ തോൽവി വഴങ്ങിയതോടെ പ്രീമിയർ ലീഗിൽ ലിവർപൂളുമായുള്ള മാഞ്ചസ്റ്റർ സിറ്റിയുടെ പോയിന്റ് വ്യത്യാസം ആറായി ചുരുങ്ങി. ലിവർപൂൾ സിറ്റിയേക്കാൾ ഒരു മത്സരം കുറവേ കളിച്ചിട്ടുള്ളു എന്നതിനാൽ പോയിന്റ് വ്യത്യാസം ഇനിയും കുറക്കാൻ അവർക്ക് കഴിയും.

"ഞങ്ങൾക്ക് ശീലമുള്ള ഒരു സാഹചര്യമല്ല ഇത്. ലിവർപൂൾ എപ്പോഴും കിരീടപ്പോരാട്ടത്തിലുണ്ടെന്ന് ഞങ്ങൾക്ക് കഴിഞ്ഞ വർഷങ്ങളിൽ നിന്നും മനസിലായതാണ്. അവർ എപ്പോഴും അവിടെ തന്നെയുണ്ട്. ഞങ്ങളുടെ മുന്നോട്ടുപോക്ക് ദുഷ്‌കരമാക്കാൻ അവർ സാധ്യമായതെല്ലാം ചെയ്യുമെന്നു ഞങ്ങൾക്കറിയാം." മത്സരത്തിന് ശേഷം ബിബിസി മാച്ച് ഓഫ് ദി ഡേയിൽ ജർമൻ താരം പറഞ്ഞു.

"അവർക്ക് എത്തിഹാദിൽ വരേണ്ടതുണ്ടതെന്നതാണ് നല്ലൊരു കാര്യം, പക്ഷെ ഒരുപാട് മത്സരങ്ങൾ ഇനിയും കടന്നു പോകണം. ഞങ്ങൾ ഒരു സമനിലയെങ്കിലും നേടേണ്ടതായിരുന്നു. മത്സരം മുഴുവൻ നോക്കിയാൽ ഞങ്ങൾ വിജയം അർഹിക്കുന്നുണ്ട്. പക്ഷെ ഫുട്ബോൾ പല സമയത്തും ഭ്രാന്തമാണ്‌, ഇന്നു ഞങ്ങൾ പിഴവുകൾ വരുത്തുകയും ചെയ്‌തു. അവർക്ക് പ്രത്യാക്രമണം നടത്താൻ കഴിയുന്ന തരത്തിൽ ഞങ്ങൾ പന്തു നഷ്‌ടമാക്കിയത് മത്സരം തോൽക്കാൻ കാരണമായി." ഗുൻഡോഗൻ പറഞ്ഞു.

മാഞ്ചസ്റ്റർ സിറ്റി ടോട്ടനത്തിനെതിരെ തോറ്റതോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടപ്പോരാട്ടം അവസാന ലാപ്പിൽ കൂടുതൽ ആവേശകരമാകുമെന്ന് ഉറപ്പായിട്ടുണ്ട്. ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ലൂയിസ് ഡയസിനെ ടീമിലെത്തിച്ച് സ്‌ക്വാഡ് മികച്ചതാക്കിയ ലിവർപൂൾ മികച്ച ഫോമിലാണെന്നത് മാഞ്ചസ്റ്റർ സിറ്റിക്ക് വലിയ ഭീഷണിയാണ് സമ്മാനിക്കുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit