PSG

മഴവിൽ നിറങ്ങളുള്ള ജേഴ്‌സിയണിയാൻ വിസമ്മതിച്ച പിഎസ്‌ജി താരത്തോട് വിശദീകരണം ആവശ്യപ്പെട്ട് ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ

Sreejith N
Idrissa Gueye Asked For Explanations After Refused To Wear Rainbow Colour Jersey
Idrissa Gueye Asked For Explanations After Refused To Wear Rainbow Colour Jersey / Eurasia Sport Images/GettyImages
facebooktwitterreddit

ജേഴ്‌സിയിൽ മഴവിൽ നിറമുള്ളതു കൊണ്ട് ഫ്രഞ്ച് ലീഗിൽ മോണ്ട്പെല്ലിയറിനെതിരെ നടന്ന മത്സരത്തിൽ നിന്നും വിട്ടു നിന്ന പിഎസ്‌ജി താരം ഇഡ്രിസ ഗുയെയയോട് വിശദീകരണം ചോദിച്ച് ഫ്രഞ്ച് സോക്കർ ഫെഡറെഷൻ. ഗുയെയ മത്സരത്തിൽ കളിക്കാതിരുന്നത് ഇക്കാരണം കൊണ്ടാണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതിനു പിന്നാലെയാണ് താരത്തോടെ എന്തുകൊണ്ട് കളിച്ചില്ലെന്ന വിശദീകരണം ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ തേടിയത്.

സമൂഹത്തിൽ വളരെയധികം പാർശ്വവൽക്കരണം നേരിടുന്ന എൽജിബിടിക്യു സമൂഹത്തിനു പിന്തുണ നൽകുന്നതിനു വേണ്ടിയാണ് പിഎസ്‌ജി അടക്കമുള്ള ഫ്രഞ്ച് ക്ലബുകൾ കഴിഞ്ഞ മത്സരങ്ങളിൽ ജേഴ്‌സിയിൽ മഴവിൽ നിറങ്ങൾ ഉൾപ്പെടുത്തിയത്. എന്നാൽ തന്റെ വിശ്വാസങ്ങൾ ഇതിനു അനുകൂലമല്ലെന്നു പറഞ്ഞ് താരം ജേഴ്‌സിയണിയാനും മത്സരത്തിനിറങ്ങാനും തയ്യാറായില്ല എന്ന് ഇതേക്കുറിച്ച് വ്യക്തമായ വിവരമുള്ള ഒരാൾ അസോസിയേറ്റ് പ്രസ്സിനോട് വെളിപ്പെടുത്തുകയായിരുന്നു.

മോണ്ട്പെല്ലിയറിനെതിരെ നടന്ന മത്സരത്തിൽ താരം പങ്കെടുക്കാൻ വിസമ്മതിക്കുകയായിരുന്നുവെന്ന രീതിയിലുള്ള വിലയിരുത്തൽ ഉണ്ടാകുന്നുണ്ടെന്നും അതിൽ വിശദീകരണം നൽകണം എന്നും ആവശ്യപ്പെട്ട ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ ഇക്കാരണം കൊണ്ടാണ് മത്സരം ഒഴിവാക്കിയതെങ്കിൽ അതൊരു ഗുരുതരമായ തെറ്റാണെന്നും അതിൽ നടപടികൾ ഉണ്ടാകുമെന്നും വ്യക്തമാക്കി.

ഗുയെയുടെ പ്രവൃത്തി എൽജിബിടിക്യു സമൂഹത്തിനെതിരെ ഉള്ള നിലപാട് മാത്രമായി കണക്കാൻ കഴിയില്ലെന്നും സംഘടിതമായി നടത്തിയ ഇത്തരമൊരു കാര്യത്തിൽ നിന്നും വിട്ടു നിൽക്കുക വഴി സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ പല രീതിയിൽ വേർതിരിച്ചു കാണുന്നതിനെ പിന്തുണക്കുകയാണ് താരം ചെയ്‌തതെന്നും പ്രസ്‌താവന വ്യക്തമാക്കുന്നു.

മത്സരത്തിൽ നിന്നും വിട്ടുനിന്നതിനെ കുറിച്ച് ഗുയെ ഇതുവരെയും മറുപടി പറഞ്ഞിട്ടില്ലെങ്കിലും താരത്തിന് പിന്തുണയുമായി പ്രീമിയർ ലീഗിലെ സെനഗൽ സഹതാരങ്ങളായ ചെയ്‌ക്കു കൂയാറ്റെ, ഇസ്മൈലിയ സാർ എന്നിവരും സെനഗൽ പ്രസിഡന്റും രംഗത്തു വന്നിരുന്നു. താരത്തിന്റെ വിശ്വാസങ്ങളും മാനിക്കപ്പെടണം എന്നാണു അവർ പറയുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit