Football in Malayalam

ചാമ്പ്യൻസ് ലീഗിൽ വമ്പൻ ജയം നേടിയതിനു പിന്നാലെ ആരാധകരോട് അഭ്യർത്ഥനയുമായി പെപ് ഗ്വാർഡിയോള

Sreejith N
Manchester City v RB Leipzig: Group A - UEFA Champions League
Manchester City v RB Leipzig: Group A - UEFA Champions League / Richard Heathcote/Getty Images
facebooktwitterreddit

ആക്രമണ ഫുട്ബോൾ കളിക്കുന്ന രണ്ടു ടീമുകളായ മാഞ്ചസ്റ്റർ സിറ്റിയും ആർബി ലീപ്‌സിഗും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യൻസ് ലീഗ് മത്സരം വിചാരിച്ചതു പോലെ തന്നെ ആവേശം വിതറിയാണ് സമാപിച്ചത്. കൊണ്ടും കൊടുത്തും രണ്ടു ടീമുകളും മുന്നേറിയപ്പോൾ മൂന്നിനെതിരെ ആറു ഗോളുകളുടെ വിജയം സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി ഈ സീസണിലെ ചാമ്പ്യൻസ് ലീഗിന് വിജയത്തോടെ തുടക്കം കുറിച്ചു.

നഥാൻ ആക്കേയുടെ ഗോളിൽ തുടങ്ങി മുകിയേലയുടെ സെൽഫ് ഗോളിൽ ലീഡുയർത്തിയ സിറ്റിക്കു വേണ്ടി റിയാദ് മഹ്റെസ്, ജാക്ക് ഗ്രീലിഷ്, കാൻസലോ, ജീസസ് എന്നിവർ ഗോളുകൾ നേടിയപ്പോൾ ആർബി ലീപ്‌സിഗിന്റെ ഗോളുകളെല്ലാം ക്രിസ്റ്റഫർ എൻകുങ്കു ആണ് നേടിയത്. എന്നാൽ വമ്പൻ വിജയം നേടിയതിന്റെ സന്തോഷത്തേക്കാൾ മത്സരം കാണാൻ സ്റ്റേഡിയത്തിൽ ആരാധകർ എത്താത്തതിനെ ആശങ്കയാണ് പരിശീലകനായ പെപ് ഗ്വാർഡിയോളക്കു പങ്കു വെക്കേണ്ടി വന്നത്.

"ഇവിടെ അവസാനം കളിച്ച മൂന്നു മത്സരങ്ങളിൽ പതിനാറു ഗോളുകളാണ് ഞങ്ങൾ നേടിയത്. ശനിയാഴ്‌ച നടക്കുന്ന അടുത്ത മത്സരം കാണാൻ കൂടുതൽ ആളുകൾ എത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു." ചാമ്പ്യൻസ് ലീഗ് മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ സൗത്താംപ്റ്റനുമായുള്ള അടുത്ത പ്രീമിയർ ലീഗ് മത്സരത്തെക്കുറിച്ച് പെപ് ഗ്വാർഡിയോള പറഞ്ഞു.

"ഞങ്ങൾ തളർന്നേക്കാമെന്നതു കൊണ്ടു തന്നെ കൂടുതൽ പിന്തുണ ആവശ്യമുണ്ട്, പ്ലീസ്. റാൽഫ് ഹാസൻഹുട്ടൽ പരിശീലകനായ ടീമിനെ എനിക്കറിയാം. അവർ ഇതുപോലെത്തന്നെ ശൈലി ഉള്ളവരും അപകടകാരികളുമാണ്. വളരെ പ്രധാനപ്പെട്ട മത്സരം ആയതു കൊണ്ടു തന്നെ ശനിയാഴ്‌ച നടക്കുന്ന മത്സരം കാണാൻ നിങ്ങൾ എത്തണമെന്നു ഞാൻ അഭ്യർത്ഥിക്കുന്നു." ഗ്വാർഡിയോള പറഞ്ഞു.

ലീപ്‌സിഗിന്റെ വേഗതയേറിയ ശൈലിയും യുവതാരങ്ങളും മാഞ്ചസ്റ്റർ സിറ്റിക്ക് വളരെയധികം ബുദ്ധിമുട്ട് സൃഷ്‌ടിച്ചുവെന്നും ഗ്വാർഡിയോള പറഞ്ഞു. ലീപ്‌സിഗിന്റെ ശൈലി സിറ്റിക്ക് കൂടുതൽ സ്‌പേസ് നൽകുന്നതാണെന്നും കൂടുതൽ കൃത്യത പുലർത്തുന്ന ടീമുകളാണ് ഇതുപോലെ തീവ്രതയുള്ള മത്സരങ്ങളിൽ വിജയം നേടുകയെന്നും പെപ് കൂട്ടിച്ചേർത്തു.

facebooktwitterreddit