പെപ് ഗ്വാർഡിയോള മാഞ്ചസ്റ്റർ സിറ്റി വിട്ടാൽ സ്വന്തമാക്കാനുള്ള പദ്ധതികളുമായി നെതർലൻഡ്സ് ദേശീയ ടീം


ബാഴ്സലോണ വിട്ടതിനു ശേഷം ഒരു ചാമ്പ്യൻസ് ലീഗ് കിരീടം പോലും സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും വളരെയധികം മത്സരം നിറഞ്ഞ പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി നടത്തുന്ന കുതിപ്പു മാത്രം മതി അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച പരിശീലകനാണെന്ന് മനസിലാക്കാൻ. എതിരാളികൾക്കു മേൽ അപ്രമാദിത്വം സ്ഥാപിക്കുന്നതിനൊപ്പം മനോഹരമായ ഫുട്ബോൾ തന്റെ ടീമിനെക്കൊണ്ട് കളിപ്പിക്കുന്നതിലും ഗ്വാർഡിയോള വിട്ടുവീഴ്ച ചെയ്യാറില്ല.
ചാമ്പ്യൻസ് ലീഗൊഴികെ ബാക്കിയെല്ലാ കിരീടങ്ങളും മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം സ്വന്തമാക്കിയിട്ടുള്ള പെപ് ഗ്വാർഡിയോള പ്രീമിയർ ലീഗ് ക്ലബ് വിട്ടാൽ ചേക്കേറുക ഏതെങ്കിലും ദേശീയ ടീമിലേക്ക് ആയിരിക്കുമെന്ന സൂചനകൾ ശക്തമാണ്. ഒരു ദേശീയ ടീമിന്റെ പരിശീലകനാവാൻ തനിക്ക് താൽപര്യമുണ്ടെന്ന് ഗ്വാർഡിയോളയും പലപ്പോഴും പറഞ്ഞിട്ടുള്ള കാര്യമാണ്.
Holland will attempt to appoint Guardiola once his Man City contract comes to an endhttps://t.co/k5VhN5ogHm pic.twitter.com/2Qfm0Zhro3
— Mirror Football (@MirrorFootball) January 23, 2022
ഗ്വാർഡിയോള മാഞ്ചസ്റ്റർ സിറ്റി വിടുകയാണെങ്കിൽ താരത്തെ സ്വന്തമാക്കാനുള്ള പദ്ധതികളുമായി നെതർലാൻഡ്സ് ദേശീയ ടീം മുന്നോട്ടു പോകുന്നുണ്ടെന്നാണ് ഇംഗ്ലീഷ് മാധ്യമമായ ദി മിറർ റിപ്പോർട്ടു ചെയ്യുന്നത്. ഡച്ച് ഫുട്ബോൾ കണ്ട എക്കാലത്തെയും മികച്ച താരവും പരിശീലകനുമായ യോഹാൻ ക്രൈഫിന്റെ ആശയങ്ങളിൽ അടിയുറച്ചു വിശ്വസിക്കുന്ന ഗ്വാർഡിയോളക്ക് ഹോളണ്ടിനെ ഉയരങ്ങളിൽ എത്തിക്കാൻ കഴിയുമെന്നും അവർ കരുതുന്നു.
നിലവിൽ 2023 വരെയാണ് പെപ് ഗ്വാർഡിയോളക്ക് മാഞ്ചസ്റ്റർ സിറ്റിയുമായുള്ള കരാർ ബാക്കിയുള്ളത്. ഈ സീസണിലും പ്രീമിയർ ലീഗ് കിരീടത്തിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന കാറ്റലൻ പരിശീലകന് അതു പുതുക്കി നൽകാൻ ഇംഗ്ലീഷ് ക്ലബ് എപ്പോൾ വേണമെങ്കിലും തയ്യാറാകുമെങ്കിലും ദേശീയ ടീമിനെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തി ഗ്വാർഡിയോള സിറ്റി വിടാനുള്ള സാധ്യതയുണ്ട്.
മാഞ്ചസ്റ്റർ സിറ്റിയുമായുള്ള കരാർ അവസാനിച്ചതിന് ശേഷം നെതർലാൻഡ്സ് ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്താൽ മികച്ചൊരു ടീമിനെ 2026 ലോകകപ്പിനു മുൻപ് മികച്ചൊരു ടീമിനെ വാർത്തെടുക്കാൻ പെപ് ഗ്വാർഡിയോളക്ക് കഴിയുകയും ചെയ്യും. നിലവിൽ ഡി ജോംഗ്, ഡി ലൈറ്റ്, വാൻ ഡൈക്ക്, വാൻ ഡി ബീക്ക്, ഡീപേയ് എന്നിങ്ങനെ നിരവധി മികച്ച താരങ്ങളുള്ള ടീമാണ് നെതർലാൻഡ്സ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.