ലെവൻഡോസ്കി ബാഴ്സക്ക് അനുയോജ്യനായ കളിക്കാരൻ, താരത്തെ സ്വന്തമാക്കാൻ അവർക്കു കഴിയുമോയെന്നറിയില്ലെന്ന് ഗ്വാർഡിയോള


ബയേൺ മ്യൂണിക്ക് താരമായ റോബർട്ട് ലെവൻഡോസ്കി ബാഴ്സലോണക്ക് അനുയോജ്യനായ കളിക്കാരനാണെന്ന് ക്ലബിന്റെ മുൻ പരിശീലകനായ പെപ് ഗ്വാർഡിയോള. ഏതൊരു ക്ലബിനോടും ഇണങ്ങിച്ചേരാൻ കഴിയുന്ന താരത്തിനെ സ്വന്തമാക്കാൻ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ബാഴ്സക്ക് കഴിയുമോയെന്ന് അറിയില്ലെന്നും ഗ്വാർഡിയോള പറഞ്ഞു.
അടുത്ത സീസൺ കഴിയുന്നതോടെ ബയേൺ മ്യൂണിക്കുമായി കരാർ അവസാനിക്കുന്ന ലെവൻഡോസ്കി ക്ലബ് വിടാനുള്ള തന്റെ താത്പര്യം ഒന്നിലധികം തവണ ആവർത്തിച്ചു കഴിഞ്ഞതാണ്. കഴിഞ്ഞ ദിവസവും ഇക്കാര്യം വെളിപ്പെടുത്തിയ പോളണ്ട് താരം ബാഴ്സലോണയുടെ ഓഫർ മാത്രമേ താൻ പരിഗണിക്കുന്നുള്ളൂ എന്നും വ്യക്തമാക്കിയിരുന്നു.
"താരം ബാഴ്സലോണക്ക് ചേരുന്ന കളിക്കാരനാണോ? നമ്മൾ ലെവൻഡോസ്കിയെ കുറിച്ചാണ് സംസാരിക്കുന്നത്. എവിടെയും നല്ല രീതിയിൽ ഇണങ്ങിച്ചേരാൻ താരത്തിന് കഴിയും. എന്നാൽ ബയേൺ മ്യൂണിക്ക് വിട്ടാലും ബാഴ്സലോണയുടെ സാമ്പത്തിക സാഹചര്യങ്ങൾ കാരണം താരത്തെ സ്വന്തമാക്കാൻ കഴിയുമോ എന്ന് എനിക്കറിയില്ല." ഗ്വാർഡിയോള പ്യൂമ ലെജൻഡസ് ട്രോഫി ടൂർണ്ണമെന്റിനിടെ പറഞ്ഞു.
ബാഴ്സലോണ മധ്യനിര താരമായ ഗാവിയെ ഗ്വാർഡിയോള പ്രശംസിക്കുകയും ചെയ്തു. "അൻസു ഫാറ്റി, പെഡ്രി എന്നിവരെ പോലെ വളരെ മികച്ച താരമാണ് ഗാവി. യൂത്ത് സിസ്റ്റം നല്ല രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും ഒരുപാട് ഭാവി അതിൽ ഉണ്ടാകുന്നുണ്ടെന്നും ബാഴ്സ കാണിച്ചു തന്നു." ഗ്വാർഡിയോള വ്യക്തമാക്കി.
സാഹചര്യങ്ങൾ പ്രതികൂലമായിട്ടും ബാഴ്സലോണയിൽ വളരെ മികച്ച പ്രവർത്തനമാണ് സാവി കാണിച്ചതെന്നും ഗ്വാർഡിയോള അഭിപ്രായപ്പെട്ടു. അതേസമയം കിലിയൻ എംബാപ്പെയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിക്കാൻ തയ്യാറായില്ല.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.