Football in Malayalam

ഗ്വാർഡിയോളയെ ഒഴിവാക്കുന്നതിനെ കുറിച്ച് സിറ്റി നേതൃത്വം ചർച്ച തുടങ്ങിയിട്ടുണ്ടാകുമെന്ന് ജർമൻ ഇതിഹാസം മത്തേയൂസ്

Sreejith N
Manchester City v Chelsea FC - UEFA Champions League Final
Manchester City v Chelsea FC - UEFA Champions League Final / Pierre-Philippe Marcou - Pool/Getty Images
facebooktwitterreddit

ചാമ്പ്യൻസ് ലീഗ് ഫൈനൽ പോരാട്ടത്തിൽ ചെൽസിയോട് തോറ്റ മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകൻ പെപ് ഗ്വാർഡിയോളക്കെതിരെ ജർമനിയുടെ ഇതിഹാസതാരവും മുൻ ബയേൺ മ്യൂണിക്ക് പരിശീലകനുമായ ലോതർ മത്തേയൂസ് രംഗത്തെത്തി. ഫൈനലിൽ ഗ്വാർഡിയോള ഇറക്കിയ ഫോർമേഷനെ രൂക്ഷമായി വിമർശിച്ച മത്തേയൂസ് ചാമ്പ്യൻസ് ലീഗ് കിരീടം മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ആരാധകരിൽ നിന്നും തട്ടിക്കളഞ്ഞ പെപിനെ ഒഴിവാക്കുന്ന കാര്യം ക്ലബ് നേതൃത്വം ചർച്ച ചെയ്‌തു തുടങ്ങിയിരിക്കുമെന്നും പറഞ്ഞു.

"ഈ ലൈനപ്പുമായി ഇറങ്ങി ചാമ്പ്യൻസ് ലീഗ് കിരീടം ക്ലബിൽ നിന്നും അവരുടെ ആരാധകരിൽ നിന്നും തട്ടിക്കളയുകയാണ് ഗ്വാർഡിയോള ചെയ്‌തത്‌, അതിനദ്ദേഹം എല്ലാ ഭാഗത്തു നിന്നും വിമർശനം അർഹിക്കുകയും ചെയ്യുന്നു. എനിക്കുറപ്പാണ് അദ്ദേഹത്തെ ടീമിൽ നിന്നും ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ടുള്ള ആഭ്യന്തര ചർച്ചകൾ ആരംഭിച്ചിരിക്കണം. കളിക്കാർക്കെല്ലാം ഫൈനലിനു ശേഷം പെപ്പിനു മേലുള്ള വിശ്വാസം നഷ്ടമായിട്ടുണ്ടാകും," സ്കൈ ജർമനിയിലെ കോളത്തിൽ മത്തേയൂസ് എഴുതി.

"എങ്ങിനെയാണ് ക്ലബിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു മത്സരത്തിൽ ഒരു ഡിഫെൻസിവ് മിഡ്‌ഫീൽഡറെ ഇറക്കാതിരിക്കുന്നത്. അതും സീസണിലെ ബാക്കി മത്സരങ്ങളിലെല്ലാം കളിക്കളത്തിൽ ഉണ്ടായിരുന്ന, ടീമിന് ബാലൻസ് നൽകുന്ന, ആവശ്യമായ സുരക്ഷ ഉറപ്പു നൽകുന്ന ഒരാളെ?

"എന്തുകൊണ്ടാണദ്ദേഹം റോഡ്രിയെയും ഫെർണാണ്ടിന്യോയെയും ആദ്യ ഇലവനിൽ നിന്നും പുറത്തിരുത്തി ആക്രമണത്തിലൂന്നി കളിക്കുന്ന ആറു താരങ്ങളെ ഇറക്കിയത്. അതിനൊപ്പം ഒരു സെന്റർ ഫോർവേഡിനെ കളിപ്പിക്കുകയും ചെയ്‌തില്ല."

ക്ലബിന്റെ ചരിത്രത്തിൽ ആദ്യത്തെ ചാമ്പ്യൻസ് ലീഗ് ഫൈനലിലാണ് ഗ്വാർഡിയോള ആരും പ്രതീക്ഷിക്കാത്ത പരീക്ഷണങ്ങൾക്കു മുതിർന്നത്. എന്നാൽ പെപ്പ് ആവിഷ്‌കരിച്ച ശൈലി ചെൽസി പരിശീലകന് കാര്യങ്ങൾ എളുപ്പമാക്കി. സിറ്റിയുടെ ആക്രമണങ്ങളെ സമർത്ഥമായി തടഞ്ഞ ചെൽസി അവരുടെ ഡിഫെൻസിവ് ലൈനിനെ നിഷ്പ്രഭമാക്കി നേടിയ ഒരൊറ്റ ഗോളിൽ ഫൈനൽ പോരാട്ടം സ്വന്തമാക്കുകയായിരുന്നു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit