യുക്രൈൻ പ്രതിസന്ധികളുടെ ഇടയിലും സിൻചെങ്കോ എഫ്എ കപ്പിൽ കളിക്കുമെന്ന് ഗ്വാർഡിയോള


യുക്രൈനിൽ റഷ്യ നടത്തുന്ന അധിനിവേശവുമായി ബന്ധപ്പെട്ട പ്രതിസന്ധികളുടെ ഇടയിലും ഓലക്സാണ്ടർ സിൻചെങ്കോ പീറ്റർബറോക്കെതിരെ നടക്കുന്ന എഫ്എ കപ്പ് മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കായി കളിക്കാനിറങ്ങുമെന്നു സ്ഥിരീകരിച്ച് പെപ് ഗ്വാർഡിയോള. തന്റെ രാജ്യത്തു റഷ്യ നടത്തുന്ന ആക്രമണത്തിൽ താരം വളരെ അസ്വസ്ഥനാണെങ്കിലും അതിൽ നിന്നും കുറച്ചു നേരത്തേക്കെങ്കിലും മനസു തിരിക്കാൻ മത്സരം സഹായിക്കുമെന്ന് ഗ്വാർഡിയോള കരുതുന്നു.
എവർട്ടണെതിരെ നടന്ന കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ സിൻചെങ്കോ മാഞ്ചസ്റ്റർ സിറ്റി സ്ക്വാഡിൽ ഉണ്ടായിരുന്നെങ്കിലും കളിക്കാനിറങ്ങിയിരുന്നില്ല. മത്സരത്തിനു മുൻപ് ഗൂഡിസൺ പാർക്കിൽ രണ്ടു ടീമുകളുടെയും ആരാധകർ യുക്രൈനു പിന്തുണ അറിയിച്ചു കൊണ്ടുള്ള ബാനറുകൾ ഉയർത്തിയപ്പോൾ താരം വളരെ വൈകാരികമായി, നിറകണ്ണുകളോടെയാണ് അതിനോട് പ്രതികരിച്ചത്.
Pep Guardiola: "I think it will be good for him [Oleksandr Zinchenko] to play [vs Peterborough] and show the reason why he’s here."
— City Xtra (@City_Xtra) February 28, 2022
??? The latest from the #ManCity boss below:https://t.co/WlfL6IgkH0
"താരം കളിക്കുന്നതും എന്തുകൊണ്ടാണ് ഇവിടെയുള്ളത് എന്നതിന്റെ കാരണം കാണിക്കുന്നതും നല്ലതാണെന്ന് എനിക്ക് തോന്നുന്നു. മികച്ച കളിക്കാരനായ അവൻ കളിക്കേണ്ടതുണ്ട്." മത്സരത്തിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കേ ഗ്വാർഡിയോള പറഞ്ഞു.
"മനുഷ്യർക്ക് സാഹചര്യങ്ങളോട് പൊരുത്തപ്പെടാനും അതിനെ മറികടക്കാനുമുള്ള അസാമാന്യമായ കഴിവ് തീർച്ചയായും ഉണ്ട്. താരം വീട്ടിലാണെങ്കിൽ കുടുംബത്തോടും സുഹൃത്തുക്കളോടും സംസാരിച്ച് അതിന്റെ വീഡിയോകൾ കൊണ്ടിരിക്കുമ്പോൾ സന്തോഷവാനായിരിക്കാൻ കഴിയില്ല. പക്ഷെ, സഹതാരങ്ങളുടെ കൂടെ പരിശീലനം നടത്തുമ്പോൾ, ലോക്കർ റൂമിൽ മറ്റുള്ളവരോട് സംസാരിക്കുമ്പോഴെല്ലാം അതുണ്ടാകും. ഫുട്ബോളും അതിന്റെ പന്തും ആകർഷകമാണ്." ഗ്വാർഡിയോള പറഞ്ഞു.
റഷ്യ തന്റെ രാജ്യത്ത് നടത്തുന്ന അധിനിവേശത്തിനും ആക്രമണത്തിനും എതിരെ സോഷ്യൽ മീഡിയയിൽ തന്റെ പ്രതിഷേധം തുടർച്ചയായി സിൻചെങ്കോ അറിയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമങ്ങളിലൂടെ റഷ്യയെ ഇന്റർനാഷണൽ കായികമത്സരങ്ങളിൽ നിന്നും വിലക്കണം എന്ന ആവശ്യം താരം ഉന്നയിച്ചിരുന്നു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.