ചാമ്പ്യൻസ് ലീഗ് വിജയിക്കുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് പ്രീമിയർ ലീഗ് കിരീടം നേടാനെന്ന് പെപ് ഗ്വാർഡിയോള


ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നേടാൻ ചാമ്പ്യൻസ് ലീഗ് നേടുന്നതിനേക്കാൾ ബുദ്ധിമുട്ടാണെന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. നിലവിൽ പ്രീമിയർ ലീഗിൽ ഒരു പോയിന്റ് വ്യത്യാസത്തിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന മാഞ്ചസ്റ്റർ സിറ്റി കിരീടമുറപ്പിക്കാൻ അവസാന മത്സരത്തിൽ ആസ്റ്റൺ വില്ലയെ നേരിടാനൊരുങ്ങുന്നതിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗ്വാർഡിയോള.
കഴിഞ്ഞ സീസണിലും പ്രീമിയർ ലീഗ് കിരീടത്തിലേക്ക് മാഞ്ചസ്റ്റർ സിറ്റിയെ നയിച്ച ഗ്വാർഡിയോള ചാമ്പ്യൻസ് ലീഗ് ഫൈനലിലും എത്തിയിരുന്നു. എന്നാൽ ഫൈനലിൽ ചെൽസിയോട് കീഴടങ്ങിയ സിറ്റിക്ക് ഈ സീസണിലും ചാമ്പ്യൻസ് ലീഗ് നേടാൻ കഴിഞ്ഞില്ല. റയൽ മാഡ്രിഡുമായി നടന്ന സെമി ഫൈനലിൽ ഒരു ഘട്ടത്തിൽ വിജയം ഉറപ്പിച്ചതിനു ശേഷം അവിശ്വസനീയമായ രീതിയിൽ തോൽവി വഴങ്ങിയാണ് സിറ്റി പുറത്തായത്.
Pep Guardiola on why the Premier League trophy is the most satisfying trophy to win ? pic.twitter.com/Me4PgiCZsu
— Manchester City News (@ManCityMEN) May 20, 2022
"പ്രീമിയർ ലീഗ് ചാമ്പ്യൻസ് ലീഗിനേക്കാൾ ബുദ്ധിമുട്ടേറിയതാണ്. നിരവധി ആഴ്ചകൾ, നിരവധി മത്സരങ്ങൾ, ഒരുപാട് പരിക്കുകൾ, നല്ലതും മോശവുമായ സമയങ്ങൾ, വ്യത്യസ്ത സാഹചര്യങ്ങൾ.. കഴിഞ്ഞ വർഷങ്ങളിൽ അതിൽ വിജയവും ഉണ്ടായിട്ടുണ്ട്. പ്രീമിയർ ലീഗിന് വേണ്ടിയുള്ള പോരാട്ടം ഓരോ ദിവസവും ഡ്രസിങ് റൂമിനു ഉണർവാണ്."
"ചാമ്പ്യൻസ് ലീഗിന് പ്രാധാന്യമില്ലെന്നല്ല ഞാൻ പറയുന്നത്. അടുത്ത ആഴ്ച പാരീസിൽ കളിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന ആഗ്രഹം ഞങ്ങൾക്കുണ്ട്. എന്നാൽ 38 മത്സരങ്ങൾ വിജയിക്കുന്നത് ആറോ ഏഴോ മത്സരങ്ങൾ വിജയിക്കുന്നതിൽ നിന്നും വ്യത്യസ്തമാണ്. പക്ഷെ അതും സന്തോഷമുള്ള കാര്യം തന്നെയാണ്." ഗ്വാർഡിയോള മാധ്യമങ്ങളോട് പറഞ്ഞു.
ആസ്റ്റൺ വില്ലക്കെതിരെ നടക്കുന്ന മത്സരത്തിൽ വിജയം നേടിയാൽ ഈ സീസണിലും ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം മാഞ്ചസ്റ്റർ സിറ്റിയെ തേടിയെത്തും എന്നാൽ അതിനായി പുതിയതായി യാതൊന്നും ചെയ്യുന്നില്ലെന്നാണ് ഗ്വാർഡിയോള പറയുന്നത്. ഞായറാഴ്ച്ച രാത്രി 8.30നാണ് പ്രീമിയർ ലീഗിലെ അവസാന റൗണ്ട് മത്സരങ്ങൾ നടക്കുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.