"മാഞ്ചസ്റ്റർ യുണൈറ്റഡിൽ സമ്മർദ്ദം ഇരട്ടിയാണ്"- സോൾഷെയറിനോട് അനുകമ്പ പ്രകടിപ്പിച്ച് പെപ് ഗ്വാർഡിയോള


മാഞ്ചസ്റ്റർ യുണൈറ്റഡ് മോശം പ്രകടനം നടത്തുന്നതു കൊണ്ട് പുറത്താകൽ ഭീഷണിയിൽ നിൽക്കുന്ന സോൾഷെയറിനോട് അനുകമ്പ പ്രകടിപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകർക്ക് മറ്റുള്ളവരെക്കാൾ ഇരട്ടി സമ്മർദ്ദം നേരിടേണ്ടി വരുന്നുണ്ടെന്ന് അഭിപ്രായപ്പെട്ട ഗ്വാർഡിയോള വിജയങ്ങൾ നേടിയില്ലെങ്കിൽ തനിക്കും സമാനമായ സാഹചര്യം തന്നെയാണ് ഉണ്ടാവുകയെന്നും വ്യക്തമാക്കി.
"മാഞ്ചസ്റ്റർ യുണൈറ്റഡിൽ സംഭവിക്കുന്ന കാര്യങ്ങളെല്ലാം ഇരട്ടിയായിരിക്കും. ലിവർപൂളിനെപ്പോലെ വർഷങ്ങളായി ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണെന്നത് അവരിൽ സ്വാധീനം ചെലുത്തുന്നുണ്ട്. അങ്ങിനെ സംഭവിക്കുമ്പോൾ അവരുടെ വിജയങ്ങളും തോൽവികളും ഇരട്ടിയായാണ് സംഭവിക്കുക. അതിൽ അതിശയിക്കാനൊന്നും തന്നെയില്ല."
Manchester United manager Ole Gunnar Solskjaer can't 'survive bad results' says Man City rival Pep Guardiola #MCFC https://t.co/AE8g6EUvm0
— Manchester City News (@ManCityMEN) October 29, 2021
"എനിക്കും നല്ല ഫലങ്ങളുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിൽ സമാനമായ പരിഗണന തന്നെയാണ് ലഭിക്കുക. എല്ലാ പരിശീലകർക്കും അതു തന്നെയാണുണ്ടാവുക. ആർക്കും, ഒരാൾക്കും മോശം ഫലങ്ങളിൽ ഇതിനെ അതിജീവിക്കാൻ കഴിയില്ല. പ്രതീക്ഷകൾ വളരെയധികം ഉള്ളതു കൊണ്ടു തന്നെ വിജയം നേടേണ്ടത് അനിവാര്യമാണ്." ക്രിസ്റ്റൽ പാലസുമായുള്ള മത്സരത്തിനു മുൻപ് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ പെപ് പറഞ്ഞു.
"വളരെക്കാലത്തേക്ക് ടീം വിജയം പ്രീമിയർ ലീഗ് വിജയം നേടിയില്ലെങ്കിൽ അവരിത് ചെയ്യും, കിരീടങ്ങൾ നേടാനുള്ള വഴികൾ തേടും. കാരണം അവരുടെ ചരിത്രം തന്നെ അത് ആവശ്യപ്പെടുന്നുണ്ട്. ഞാൻ ബാഴ്സലോണ പരിശീലകനായി സ്ഥാനമേറ്റെടുക്കുമ്പോൾ എനിക്കിത് അറിയാമായിരുന്നു. ഞാൻ വിജയിച്ചില്ലെങ്കിൽ മറ്റൊരു പരിശീലകൻ എനിക്കു പകരം എത്തുമെന്ന്." ഗ്വാർഡിയോള വ്യക്തമാക്കി.
മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരാൻ ഒലെ വിജയങ്ങൾ നേടുക തന്നെ വേണമെന്നും പെപ് വ്യക്തമാക്കി. അടുത്ത മത്സരത്തിൽ ടോട്ടനം ഹോസ്പറിനെ നേരിടുന്ന യുണൈറ്റഡിന് പിന്നീട് അറ്റലാന്റ, മാഞ്ചസ്റ്റർ സിറ്റി എന്നിവരാണ് എതിരാളികൾ. ഈ മൂന്നു മത്സരങ്ങളും സോൾഷെയറിന്റെ ഭാവി നിർണയിക്കുന്നതിൽ പ്രധാനമാണെന്നാണ് നിലവിലെ റിപ്പോർട്ടുകൾ.