റൊണാൾഡോ എഴുപത്തിയഞ്ചാം വയസിലും ഗോളുകൾ നേടുന്നതു തുടരും, മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ പ്രശംസിച്ച് ഗ്വാർഡിയോള


ക്രിസ്റ്റ്യാനോ റൊണാൾഡോ എഴുപത്തിയഞ്ചാം വയസിലും ഗോളുകൾ നേടുന്നത് തുടരുമെന്ന് പെപ് ഗ്വാർഡിയോള. ഈ സീസണിലെ ആദ്യത്തെ മാഞ്ചസ്റ്റർ ഡെർബിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടാനിരിക്കെയാണ് പോർച്ചുഗൽ നായകനെ ഗ്വാർഡിയോള പ്രശംസിച്ചത്. റൊണാൾഡോയും മെസിയുമെല്ലാം കഴിഞ്ഞ കാലങ്ങളിൽ നടത്തിയ പ്രകടനം അവരുടെ മികവിനെ അടിവരയിട്ടു കാണിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
"തന്റെ ജീവിതകാലം മുഴുവൻ താരം ഗോളുകൾ നേടും. ചിലപ്പോൾ അയാൾക്ക് എഴുപത്തിയഞ്ചു വയസായിരിക്കാം, റിട്ടയർ ചെയ്തിട്ടുമുണ്ടാകാം, എന്നാൽ തന്റെ സ്വന്തം ബാർബിക്യൂവിൽ താരം മത്സരം കളിക്കുകയും ഗോളുകൾ നേടുകയും ചെയ്യും." മത്സരത്തിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കേ ഗ്വാർഡിയോള പറഞ്ഞു.
Pep Guardiola on Cristiano Ronaldo:
— Goal (@goal) November 5, 2021
"He will score goals all his life, he will be 75-years-old, maybe retired, but he would play at his own BBQ and score goals." ?
[Sky Sports] pic.twitter.com/xkXVJVgxIr
"ഇതുപോലെയുള്ള താരങ്ങൾ, മെസിയെയും റൊണാൾഡോയെയും പോലെയുള്ളവർ, കഴിഞ്ഞ ഒരു ദശാബ്ദത്തിൽ ഗോളുകൾ തുടർച്ചയായി നേടുകയും തങ്ങളുടെ ടീമിനെ സഹായിക്കുകയും ചെയ്തതു തന്നെ എല്ലാ കാര്യങ്ങളും കൃത്യമായി പറയുന്നുണ്ട്."
"പ്രീമിയർ ലീഗിനെ സംബന്ധിച്ച് റൊണാൾഡോ തിരിച്ചു വന്നത് നല്ലൊരു കാര്യമാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് റൊണാൾഡോയെയും റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിനെയും ഉൾക്കൊള്ളുന്നു. അതു മുൻപ് വളരെ അനുയോജ്യമായ ഒന്നായിരുന്നു, ഇപ്പോഴും ഭാവിയിലും അങ്ങിനെ തന്നെയായിരിക്കാം. നമുക്ക് നോക്കാം." ഗ്വാർഡിയോള പറഞ്ഞു.
റൊണാൾഡോ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറാനുണ്ടായിരുന്ന സാധ്യതകളെക്കുറിച്ച് ചോദിച്ചപ്പോൾ പെപ്പിന്റെ മറുപടി ഇങ്ങിനെയായിരുന്നു. "അതദ്ദേഹത്തോട് ചോദിക്കണം. ഒലെ പറഞ്ഞത് താരം ഇവിടെയെത്തുന്നത് അദ്ദേഹത്തിന് ഓർക്കാൻ പോലും കഴിയില്ലെന്നാണ്. അവരോടു തന്നെയത് ചോദിക്കണം. രണ്ടു പേരും ഒരുമിച്ചുള്ളതിൽ അവർ സന്തോഷത്തിലാണോ, അതാണ് ഏറ്റവും പ്രധാനപ്പെട്ടത്."