Champions League

അന്തിമഫലം മാറ്റിനിർത്തിയാൽ മാഞ്ചസ്റ്റർ സിറ്റി മികച്ച പ്രകടനം കാഴ്‌ച വെച്ചുവെന്ന് പെപ് ഗ്വാർഡിയോള

Sreejith N
Guardiola Believes Man City Played Well Despite Defeat
Guardiola Believes Man City Played Well Despite Defeat / Michael Regan/GettyImages
facebooktwitterreddit

റയൽ മാഡ്രിഡിനെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ രണ്ടാംപാദ മത്സരത്തിൽ അവിശ്വസനീയമായ രീതിയിൽ തോൽവി വഴങ്ങിയെങ്കിലും ടീമിലെ താരങ്ങളുടെ പ്രകടനത്തെ പ്രശംസിച്ച് പരിശീലകൻ പെപ് ഗ്വാർഡിയോള. മത്സരത്തിന്റെ അന്തിമഫലം മാറ്റി നിർത്തിയാൽ മാഞ്ചസ്റ്റർ സിറ്റി മികച്ച പ്രകടനം നടത്തിയെന്നും കളിയുടെ നിയന്ത്രണം ഭൂരിഭാഗം സമയത്തും ടീമിന്റെ കയ്യിൽ തന്നെയായിരുന്നുവെന്നും ഗ്വാർഡിയോള പറഞ്ഞു.

സ്വന്തം മൈതാനത്തു നടന്ന ആദ്യപാദ മത്സരത്തിൽ 4-3ന്റെ വിജയം നേടിയ മാഞ്ചസ്റ്റർ സിറ്റി സാന്റിയാഗോ ബെർണാബുവിൽ 90 മിനുട്ട് പൂർത്തിയായപ്പോഴും ഒരു ഗോളിന് മുന്നിലായിരുന്നു. എന്നാൽ ഇഞ്ചുറി ടൈമിൽ റോഡ്രിഗോ രണ്ടു ഗോളുകൾ നേടി മാഞ്ചസ്റ്റർ സിറ്റിയുടെ ലീഡിനെ സമനിലയിലേക്ക് കൊണ്ടു വന്നു. തുടർന്ന് എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ കരിം ബെൻസിമ നേടിയ പെനാൽറ്റി ഗോളാണ് റയൽ മാഡ്രിഡിന് വിജയവും ഫൈനൽ പ്രവേശനവും നൽകിയത്.

"തോൽവി ഒഴിച്ചു നിർത്തിയാൽ ഞങ്ങൾ മികച്ചു നിന്നിരുന്നു. എന്നാൽ ഇതെല്ലാം ഗോളുകളെ ആശ്രയിച്ചിരിക്കുന്നു, അവർ ഞങ്ങളെക്കാൾ ഒരെണ്ണം കൂടുതൽ നേടുകയും ചെയ്‌തു. മത്സരത്തിന്റെ ഭൂരിഭാഗം സമയത്തും ഞങ്ങൾക്കായിരുന്നു നിയന്ത്രണം ഉണ്ടായിരുന്നത്. ഞങ്ങൾ നന്നായി കളിക്കുകയും ജാക്ക് ഗ്രീലിഷിന് മികച്ച അവസരം ലഭിക്കുകയും ചെയ്‌തു. അവർ അപകടകാരികളായി മാറിയിരുന്നു, നാല് സ്‌ട്രൈക്കർമാരെയും മിലിറ്റാവോയെയും വെച്ചാണ് അവർ മത്സരം പൂർത്തിയാക്കിയത്."

"ആദ്യത്തെ ഗോളിനു മുൻപ് ഞങ്ങൾക്ക് റയൽ മാഡ്രിഡ് പ്രശ്‌നങ്ങൾ ഉണ്ടാക്കിയിട്ടില്ല. അവർ ചരിത്രത്തിൽ നിരവധി തവണ ഇതു തന്നെ ചെയ്‌തിട്ടുണ്ട്‌. എന്നാൽ ഞങ്ങൾക്കതിൽ സംഭ്രമമൊന്നും ഉണ്ടായിരുന്നില്ല. ഞങ്ങൾ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന സമയത്ത് അവർ ഞങ്ങൾക്ക് പിന്നിലെത്തി." മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കേ ഗ്വാർഡിയോള പറഞ്ഞു.

ചെൽസി, ബാഴ്‌സലോണ എന്നീ ടീമുകൾക്കെതിരെ ഇതുപോലെ തോൽവി വഴങ്ങിയിട്ടുള്ളതു കൊണ്ട് ഇതു കരിയറിലെ ഏറ്റവും വേദനിപ്പിച്ച തോൽവിയല്ലെന്നും ഗ്വാർഡിയോള പറഞ്ഞു. ആദ്യപകുതിയിൽ ബുദ്ധിമുട്ടിയെങ്കിലും രണ്ടാം പകുതിയിൽ മികച്ചു നിന്ന ടീം വിജയത്തിന്റെ അരികിലെത്തിയെന്നും ഇനി നിരാശരായ താരങ്ങളെ പ്രീമിയർ ലീഗ് കിരീടപ്പോരാട്ടത്തിന് തയ്യാറെടുപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit