പ്രീമിയർ ലീഗ് കിരീടപ്പോരാട്ടം അവസാനിച്ചുവെന്ന് പറഞ്ഞിട്ടില്ല, ഇനിയോരോ മത്സരത്തിലും ടീം പൊരുതണമെന്ന് ഗ്വാർഡിയോള

Manchester City v Tottenham Hotspur - Premier League
Manchester City v Tottenham Hotspur - Premier League / Visionhaus/GettyImages
facebooktwitterreddit

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ടോട്ടനം ഹോസ്‌പറിനോട് തോറ്റതോടെ ലീഗ് വിജയിക്കാൻ ഇനിയുള്ള ഓരോ മത്സരത്തിലും മാഞ്ചസ്റ്റർ സിറ്റി ശക്തമായി പൊരുതണമെന്ന മുന്നറിയിപ്പു നൽകി പരിശീലകൻ പെപ് ഗ്വാർഡിയോള. നേരത്തെ പോയിന്റ് നിലയിൽ ലിവർപൂളുമായി കൂടുതൽ വ്യത്യാസം ഉണ്ടായിരുന്ന സമയത്ത് പ്രീമിയർ ലീഗ് കിരീടപ്പോരാട്ടം അവസാനിച്ചുവെന്ന് താൻ പറഞ്ഞിട്ടില്ലെന്നും ഗ്വാർഡിയോള വ്യക്തമാക്കി.

മാഞ്ചസ്റ്റർ സിറ്റിയുടെ മൈതാനത്തു നടന്ന കഴിഞ്ഞ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ടോട്ടനം വിജയിച്ചത്. ഇതോടെ ലീഗ് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തുള്ള ലിവർപൂളിനെക്കാൾ ആറു പോയിന്റ് മാത്രം മുന്നിലാണ് മാഞ്ചസ്റ്റർ സിറ്റി. ലിവർപൂൾ ഒരു മത്സരം കുറവേ കളിച്ചിട്ടുള്ളൂ എന്നിരിക്കെ പോയിന്റ് മാഞ്ചസ്റ്റർ സിറ്റിക്കരികിലേക്ക് ഒരു ചുവടു കൂടി വെച്ച് സമ്മർദ്ദമേറ്റാൻ അവർക്ക് കഴിയും.

"ഞങ്ങൾക്ക് ഇനിയുള്ള എല്ലാ മത്സരത്തിലും പൊരുതണം, ഓരോ മത്സരം വിജയിക്കുന്നതിനനുസരിച്ച് ഞങ്ങൾ അടുത്തേക്കെത്തും. ആഴ്‌ചകൾക്കു മുൻപ് ഞാൻ പറഞ്ഞത് ഇനിയും ഒരുപാട് പോയിന്റുകൾ നേടിയാലേ കിരീടം നേടാനാകൂ എന്നാണ്, അതിനു തന്നെയാണ് ഞങ്ങൾ ശ്രമിക്കുന്നതും." പെപ് ഗ്വാർഡിയോള മാധ്യമങ്ങളുമായി സംസാരിക്കേ പറഞ്ഞു.

"ഞങ്ങൾ നല്ല പ്രകടനം നടത്തുന്നുണ്ടെന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്നു. കിരീടപ്പോരാട്ടം അവസാനിച്ചുവെന്ന് ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല. ഇതു സ്വാഭാവികമാണ്. ജനുവരിയിലും ഫെബ്രുവരിയിലും താഴേക്കിടയിലുള്ള ടീമുകൾ സാധ്യമായതു നേടാൻ പൊരുതുന്നതിനാൽ മത്സരങ്ങൾ വിജയിക്കും. അത് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും ഞങ്ങൾക്കറിയാം."

പക്ഷെ ഇപ്പോഴിങ്ങനെ സംഭവിച്ചു പോയി. ഞങ്ങൾ ഒരു കളിയിൽ തോൽവി വഴങ്ങി. ഞങ്ങളതിനെ ട്രെയിനിങ് സെഷനിലൂടെയും അടുത്ത മത്സരത്തിലേക്കുള്ള തയ്യാറെടുപ്പിലൂടെയും മറികടക്കും." ഗ്വാർഡിയോള വ്യക്തമാക്കി.

പതിമൂന്നു മത്സരങ്ങളിൽ തോൽവിയറിയാതെ മുന്നേറിയ സിറ്റിക്കെതിരെ പ്രത്യാക്രമണ ഫുട്ബോൾ വളരെ മികച്ച രീതിയിൽ നടപ്പിലാക്കി ടോട്ടനം വിജയിച്ചു കയറുകയായിരുന്നു. ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ലൂയിസ് ഡയസിനെ സ്വന്തമാക്കിയ ലിവർപൂൾ മികച്ച ഫോമിലാണ് എന്നിരിക്കെ പ്രീമിയർ ലീഗ് കിരീടപ്പോരാട്ടം വളരെ ശക്തമാക്കുന്ന അവസ്ഥയാണ് ടോട്ടനത്തിന്റെ വിജയം സൃഷ്‌ടിച്ചത്‌.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.