ചാമ്പ്യൻസ് ലീഗ് തോൽവിയിലും തളരാതെ ഗ്വാർഡിയോള, വിജയങ്ങൾ ലക്ഷ്യമെന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ

Guardiola Says He Is Always Starving For Success
Guardiola Says He Is Always Starving For Success / Charlotte Tattersall/GettyImages
facebooktwitterreddit

ചാമ്പ്യൻസ് ലീഗിൽ നിന്നുള്ള മാഞ്ചസ്റ്റർ സിറ്റിയുടെ ഞെട്ടിക്കുന്ന പുറത്താകലിലും വിജയങ്ങൾ നേടാനുള്ള തന്റെ ആഗ്രഹം അവസാനിച്ചിട്ടില്ലെന്നു വ്യക്തമാക്കി പരിശീലകൻ പെപ് ഗ്വാർഡിയോള. ഈ സീസണിലിനി പ്രീമിയർ ലീഗ് കിരീടം മാത്രം നേടാൻ സാധ്യതയുള്ള മാഞ്ചസ്റ്റർ സിറ്റി വരാനിരിക്കുന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ന്യൂകാസിലിനെ നേരിടുന്നതിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തുടർച്ചയായ രണ്ടാം വർഷവും ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിക്കുന്നതിനിടെ തൊട്ടരികിൽ എത്തിയെങ്കിലും റയൽ മാഡ്രിഡിന്റെ അസാമാന്യമായ തിരിച്ചു വരവിൽ മാഞ്ചസ്റ്റർ സിറ്റി വീഴുകയായിരുന്നു. വലിയ തുക മുടക്കി ടീമിനെ കെട്ടിപ്പടുത്ത മാഞ്ചസ്റ്റർ സിറ്റിക്ക് തോൽവി നിരാശ സമ്മാനിച്ചെങ്കിലും മാഡ്രിഡിൽ സംഭവിച്ചത് ഗുണം ചെയ്യുമെന്നാണ് ഗ്വാർഡിയോള പറയുന്നത്.

തനിക്ക് എല്ലായിപ്പോഴും വിജയത്തിനായുള്ള ദാഹമുണ്ടെന്നും ഒരു വർഷത്തെ സന്തോഷത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ജീവിക്കാൻ കഴിയില്ലെന്നും ഗ്വാർഡിയോള പറയുന്നു. പുറത്തു നിൽക്കുന്ന ആളുകൾക്ക് ചാമ്പ്യൻസ് ലീഗ് കിരീടമെന്ന ലക്‌ഷ്യം മാത്രമാണ് ഉള്ളതെന്നും അത് നേടിയാൽ ക്ലബ് മുടക്കിയ പണം കൊണ്ടു മാത്രമാണെന്നു വരുന്നത് സ്വാഭാവികമായ കാര്യമാണെന്നും ഗ്വാർഡിയോള അഭിപ്രായപ്പെട്ടു.

കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ ഇത്രയധികം പണം മുടക്കിയ ക്ലബായിട്ടു പോലും ചാമ്പ്യൻസ് ലീഗ് വിജയിക്കുക ദുഷ്‌കരമായി തുടരുന്നുവെന്നും എന്നാൽ മാഡ്രിഡിൽ സംഭവിച്ചത് ടീമിനെ സഹായിക്കുമെന്നും ഗ്വാർഡിയോള കരുതുന്നു. അവിടെ നടന്നത് ടീമിന്റെ മുന്നോട്ടു പോക്കിനെ സഹായിക്കുമെന്നും എന്നാൽ തന്റെ ശൈലിയിൽ മാറ്റം വരുത്താൻ ഉദ്ദേശമില്ലെന്നും ഗ്വാർഡിയോള വ്യക്തമാക്കി.

ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തു പോയതോടെ ഇനി പ്രീമിയർ ലീഗ് മാത്രമാണ് മാഞ്ചസ്റ്റർ സിറ്റിയുടെ ഒരേയൊരു പ്രതീക്ഷ. ലിവർപൂളുമായി ഒരു പോയിന്റ് മാത്രം മുന്നിൽ നിൽക്കുന്ന ടീമിന് ഇനി ന്യൂകാസിൽ, വോൾവ്‌സ്, വെസ്റ്റ്ഹാം, ആസ്റ്റൺ വില്ല എന്നീ ടീമുകൾക്ക് എതിരെയാണ് ഇനി മത്സരം ബാക്കിയുള്ളത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.