മികച്ച സ്ട്രൈക്കറാവാൻ കഴിയുന്ന താരം മാഞ്ചസ്റ്റർ സിറ്റിക്കൊപ്പമുണ്ട്, പ്രതീക്ഷയോടെ പെപ് ഗ്വാർഡിയോള


സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ജാക്ക് ഗ്രീലിഷിനെ നൂറു മില്യൺ നൽകി സ്വന്തമാക്കിയെങ്കിലും സ്ട്രൈക്കർ പൊസിഷനിലേക്ക് ഹാരി കേനിനെ നോട്ടമിട്ട മാഞ്ചസ്റ്റർ സിറ്റിക്കു പക്ഷെ ആ ട്രാൻസ്ഫർ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അഗ്യൂറോ ടീം വിട്ടതിനു പകരക്കാരനായി ഒരു മികച്ച സ്ട്രൈക്കറെ സ്വന്തമാക്കാൻ വേണ്ടി ശ്രമിക്കുന്ന സിറ്റിയിലേക്ക് യുവന്റസിൽ നിന്നും റൊണാൾഡോ എത്തുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും താരം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കാണ് ചേക്കേറിയത്.
മികച്ചൊരു സ്ട്രൈക്കറെ ടീമിലെത്തിക്കാൻ കഴിഞ്ഞില്ലെങ്കിലും സ്ട്രൈക്കറായി ഉപയോഗിക്കാൻ കഴിയുന്ന താരം മാഞ്ചസ്റ്റർ സിറ്റിയിൽ ഉണ്ടെന്നാണ് പെപ് ഗ്വാർഡിയോള പറയുന്നത്. ഇന്നലെ ആഴ്സനലിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തകർത്ത മത്സരത്തിൽ രണ്ടു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയ സ്പാനിഷ് താരം ഫെറൻ ടോറസിന് സ്ട്രൈക്കറായി കളിക്കാൻ കഴിയുമെന്നും അതു സിറ്റിക്ക് വളരെയധികം ഗുണം ചെയ്യുമെന്നും ഗ്വാർഡിയോള പറഞ്ഞു.
Pep Guardiola compares Man City ace Ferran Torres to Jamie Vardy after Arsenal display #mcfc https://t.co/OVdGTQgWTk
— Manchester City News (@ManCityMEN) August 28, 2021
"ഈ പൊസിഷനിൽ താരം നടത്തുന്ന നീക്കങ്ങൾ മികച്ച സ്ട്രൈക്കർമാരെ ഓർമപ്പെടുത്തുന്നതാണ്. അവിശ്വസനീയമായ മുന്നേറ്റമാണ് താരത്തിന്റേത്. അതു ജെമീ വാർഡിയെ പലപ്പോഴും ഓർമിപ്പിക്കുന്നു." ആഴ്സണലിനെതിരായ മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ഗ്വാർഡിയോള പറഞ്ഞു.
"വളരെ ചെറുപ്പമാണ് അദ്ദേഹം. ന്യായമായ വിലക്ക് താരത്തെ വാങ്ങിയതിലൂടെ മാഞ്ചസ്റ്റർ സിറ്റി മികച്ചൊരു കാര്യമാണ് പൂർത്തിയാക്കിയത്. വളരെ മികച്ച ഫിനിഷറായ താരത്തിന്റെ നല്ലൊരു ഗോൾ കഴിഞ്ഞയാഴ്ച നിഷേധിക്കപ്പെട്ടിരുന്നു. താരത്തിന്റെ നീക്കങ്ങളും ജോലിയോടുള്ള ആത്മാർത്ഥതയും എനിക്കു സന്തോഷം നൽകുന്നു. ഇന്നു കണ്ടതു പോലെ പല കാര്യങ്ങളും താരം മനസിലാക്കി വരുന്നതിൽ വളരെ സന്തോഷമുണ്ട്." ഗ്വാർഡിയോള പറഞ്ഞു.
വലൻസിയയിൽ നിന്നും മാഞ്ചസ്റ്റർ സിറ്റിയിൽ 23 മില്യൺ യൂറോയുടെ ട്രാൻസ്ഫറിൽ എത്തിയതിനു ശേഷമാണ് വിങ്ങർ പൊസിഷനിൽ നിന്നും മാറി സ്ട്രൈക്കറുടേതിനു സമാനമായ റോളും ഫെറൻ ടോറസ് ചെയ്തു തുടങ്ങിയത്. ഇന്നലത്തെ പ്രകടനത്തോടെ ഒരു സ്ട്രൈക്കറെ സ്വന്തമാക്കാൻ കഴിഞ്ഞില്ലെന്ന സിറ്റിയുടെ നിരാശ മാറ്റാൻ താരത്തിനു കഴിഞ്ഞിട്ടുണ്ട്.