എല്ലാവരും ലിവർപൂളിനെ പിന്തുണക്കുന്നു, പ്രീമിയർ ലീഗിൽ അവർക്ക് വലിയ ചരിത്രം അവകാശപ്പെടാനില്ലെന്ന് ഗ്വാർഡിയോള


ഇംഗ്ലണ്ടിൽ എല്ലാവരും ലിവർപൂളിനെ പിന്തുണക്കുന്നുണ്ടെന്നും പ്രീമിയർ ലീഗ് കിരീടം അവർ നേടണമെന്നാണ് ഏവരുടെയും ആഗ്രഹമെന്നും മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. ഇന്നലെ ന്യൂകാസിലുമായി നടന്ന പ്രീമിയർ ലീഗ് മത്സരത്തിനു ശേഷം മാധ്യമങ്ങളുമായി സംസാരിക്കുമ്പോൾ പ്രീമിയർ ലീഗിൽ വലിയ ചരിത്രം ലിവർപൂളിന് അവകാശപ്പെടാൻ കഴിയില്ലെന്നും വ്യക്തമാക്കി.
ന്യൂകാസിൽ യുണൈറ്റഡുമായി നടന്ന മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകളുടെ വിജയം നേടിയ മാഞ്ചസ്റ്റർ സിറ്റി ഇനി ബാക്കിയുള്ള മൂന്നു മത്സരങ്ങൾ കൂടി വിജയിച്ചാൽ ഇത്തവണത്തെ പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കും. വോൾവ്സ്, വെസ്റ്റ് ഹാം, ആസ്റ്റൺ വില്ല എന്നിവരെ ഇനിയുള്ള മത്സരങ്ങളിൽ കീഴടക്കി കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ നാലാമത്തെ പ്രീമിയർ ലീഗ് മാഞ്ചസ്റ്റർ സിറ്റി നേടിയാൽ അത് ഇംഗ്ലണ്ടിലുള്ളവരെ അസ്വസ്ഥരാക്കുമെന്നാണ് ഗ്വാർഡിയോള കരുതുന്നത്.
Pep Guardiola says everyone in the country wants Liverpool FC to win Premier League over Man City #mcfc https://t.co/m2dJg4QP81
— Manchester City News (@ManCityMEN) May 8, 2022
"ഈ രാജ്യത്തുള്ള എല്ലാവരും ലിവർപൂളിനെ പിന്തുണക്കുന്നു, മാധ്യമങ്ങളും എല്ലാവരും. കാരണം ലിവർപൂളിന് യൂറോപ്യൻ പോരാട്ടങ്ങളിൽ വളരെ മികച്ചൊരു ചരിത്രമുണ്ട്. പക്ഷെ പ്രീമിയർ ലീഗിൽ അതില്ല, കാരണം കഴിഞ്ഞ മുപ്പതു വർഷത്തിൽ ഒരു പ്രീമിയർ ലീഗ് മാത്രമാണ് നേടിയിരിക്കുന്നത്."
"പക്ഷെ ഞാനത് ശ്രദ്ധിക്കുന്നില്ല. ഞങ്ങൾ വിജയിക്കുന്നതിനേക്കാൾ ആളുകൾക്ക് വേണ്ടത് ലിവർപൂളിന്റെ വിജയമാണ്. അവർക്ക് ലോകമെമ്പാടും നിരവധി ആരാധകരുണ്ട്. ഇംഗ്ലണ്ടിൽ ഞങ്ങളെ പിന്തുണക്കുന്നതിനേക്കാൾ ലിവർപൂളിന് പിന്തുണ നൽകുന്നു." ഇന്നലത്തെ മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കേ പെപ് ഗ്വാർഡിയോള പറഞ്ഞു.
വോൾവ്സിനെതിരെ ഇനി നടക്കാനിരിക്കുന്ന മത്സരം ഒരു ഫൈനൽ പോലെയാണെന്നും ഗ്വാർഡിയോള പറഞ്ഞു. നിലവിൽ മാഞ്ചസ്റ്റർ സിറ്റി ലിവർപൂളിനെക്കാൾ മൂന്നു പോയിന്റ് മുന്നിലാണ് നിൽക്കുന്നത്. അടുത്ത രണ്ടു മത്സരങ്ങളിലെങ്കിലും വിജയം നേടി ലിവർപൂളിനെക്കാൾ ഗോൾ വ്യത്യാസം കാത്തു സൂക്ഷിച്ചാലും മാഞ്ചസ്റ്റർ സിറ്റിക്ക് കിരീടം സ്വന്തമാക്കാൻ കഴിയും.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.