പ്രീമിയർ ലീഗ് കിരീടപ്പോരാട്ടം അവസാനിച്ചിട്ടില്ല, മികച്ച ലീഡിലും മുന്നറിയിപ്പു നൽകി ഗ്വാർഡിയോള

Sreejith N
Newcastle United v Manchester City - Premier League
Newcastle United v Manchester City - Premier League / Visionhaus/GettyImages
facebooktwitterreddit

ഫിൽ ഫോഡൻ നേടിയ ഒരേയൊരു ഗോളിൽ ബ്രെന്റഫോഡിനെ മറികടന്ന് മികച്ച ലീഡുമായി പ്രീമിയർ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്തു നിൽക്കുകയാണെങ്കിലും മാഞ്ചസ്റ്റർ സിറ്റിക്ക് കിരീടം ഉറപ്പിക്കാനുള്ള സമയമായിട്ടില്ലെന്ന മുന്നറിയിപ്പു നൽകി പരിശീലകൻ പെപ് ഗ്വാർഡിയോള. രണ്ടും മൂന്നും സ്ഥാനങ്ങളിൽ നിന്നിരുന്ന ചെൽസിയും ലിവർപൂളും കഴിഞ്ഞ മത്സരങ്ങളിൽ പോയിന്റ് നഷ്ടപ്പെടുത്തിയതോടെയാണ് മാഞ്ചസ്റ്റർ സിറ്റിക്ക് എട്ടു പോയിന്റിന്റെ ലീഡ് നേടാനായത്.

"ഇനിയും അമ്പത്തിനാല് പോയിന്റിനു വേണ്ടിയുള്ള മത്സരങ്ങൾ നടക്കാനുണ്ട്, അവയിൽ കടുപ്പമേറിയ ടീമുകളെയും നേരിടണം. അതുകൊണ്ടു തന്നെ എട്ടു പോയിന്റ് ലീഡെന്ന നിങ്ങളുടെ കാഴ്‌ചപ്പാട്‌ പരിഹാസാത്മകമാണ്." ബ്രെന്റഫോഡുമായുള്ള മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കെ പെപ് ഗ്വാർഡിയോള പറഞ്ഞു.

"നാല് ദിവസങ്ങൾക്കു മുൻപ് ലൈസ്റ്റർ സിറ്റിക്കെതിരെ ഞങ്ങൾ നാല് ഗോളുകൾക്ക് മുന്നിലായിരുന്നു. ഇരുപതു മിനുട്ടുകൾ കൊണ്ടത് 4-3 ആയി മാറി. നിങ്ങളുടെ വാക്കുകൾക്ക് ഞാൻ നന്ദി പറയുന്നു, കാരണം ഞങ്ങൾ വിജയിച്ചു. പക്ഷെ ഇതിപ്പോൾ തന്നെ പൂർത്തിയായെന്ന രീതിയിൽ നിങ്ങൾ പറയുന്ന വാക്കുകളെ ഞാൻ വിശ്വസിക്കാൻ പോകുന്നില്ല."

"ഞങ്ങൾ മത്സരിക്കുന്ന ടീമുകളായ ചെൽസി, ലിവർപൂൾ എന്നിവർ അസാധാരണമായ നിലവാരമുള്ളവയാണ്. ഒരാൾ ചാമ്പ്യൻസ് ലീഗ് ജേതാക്കളാകുമ്പോൾ ലിവർപൂൾ കഴിഞ്ഞ മൂന്നു നാല് വർഷമായി ഞങ്ങളുടെ ഏറ്റവും വലിയ എതിരാളികളാണ്. അവർ പോയിന്റുകൾ ഡ്രോപ്പ് ചെയ്‌തു എന്നതിനേക്കാൾ ഞങ്ങൾ പത്ത് മത്സരങ്ങൾ തുടർച്ചയായി വിജയിച്ചതു കൊണ്ടാണ് ഈ മുൻ‌തൂക്കം വന്നത്." ഗ്വാർഡിയോള വ്യക്തമാക്കി.

അടുത്ത മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് നേരിടേണ്ട ടീമായ ആഴ്‌സനലിനെ പ്രശംസിക്കാനും ഗ്വാർഡിയോള മറന്നില്ല. നിലവിൽ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായ ആഴ്‌സണൽ കഴിഞ്ഞ നാലോ അഞ്ചോ വർഷമായി ഏറ്റവും മികച്ച നിമിഷങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്നാണ് ഗ്വാർഡിയോളയുടെ അഭിപ്രായം.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit