തന്റെ കരിയറിൽ മെസി എല്ലാമാണ്, മെസിയില്ലാതെ ഇത്രയും കിരീടങ്ങൾ നേടുമായിരുന്നില്ലെന്ന് പെപ് ഗ്വാർഡിയോള

Guardiola Reveals Messi Means Everything In His Career
Guardiola Reveals Messi Means Everything In His Career / Michael Steele/GettyImages
facebooktwitterreddit

ബാഴ്‌സലോണക്കൊപ്പം താൻ ഒട്ടനവധി കിരീടങ്ങളും നേട്ടങ്ങളും സ്വന്തമാക്കിയതിനു മെസിയോടുള്ള കടപ്പാടറിയിച്ച് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. തന്റെ കരിയറിൽ മെസി എല്ലാമാണെന്നും താരം ഇല്ലായിരുന്നെങ്കിൽ ഒരിക്കലും ഇത്രയധികം നേട്ടങ്ങൾ താൻ പരിശീലിപ്പിച്ച ബാഴ്‌സലോണ ടീമിന് നേടാൻ കഴിയുമായിരുന്നില്ലെന്നും കഴിഞ്ഞ ദിവസം ഗ്വാർഡിയോള പറഞ്ഞു.

ബാഴ്‌സലോണ ബി ടീമിനെ ഒരു വർഷത്തോളം പരിശീലിപ്പിച്ചതിനു ശേഷം 2008ലാണ് പെപ് ഗ്വാർഡിയോള സീനിയർ ടീമിന്റെ പരിശീലകനായി ചുമതല ഏറ്റെടുക്കുന്നത്. അതിനു ശേഷം നാല് വർഷത്തിനിടയിൽ മൂന്നു ലീഗ് കിരീടങ്ങളും രണ്ടു ചാമ്പ്യൻസ് ലീഗും മൂന്നു കോപ്പ ഡെൽ റേയും മൂന്നു സ്‌പാനിഷ്‌ സൂപ്പർകപ്പും അടക്കം നിരവധി നേട്ടങ്ങൾ ഗ്വാർഡിയോളക്കു കീഴിൽ ബാഴ്‌സ സ്വന്തമാക്കി.

തന്റെ കരിയറിൽ മെസിക്ക് എന്താണ് സ്ഥാനമെന്നതിന് കഴിഞ്ഞ ദിവസം ടെലിമുണ്ടോ ഡീപോർട്ടസിനോട് സംസാരിക്കുമ്പോൾ ഗ്വാർഡിയോള നൽകിയ മറുപടി "എല്ലാമാണ്" എന്നായിരുന്നു. തന്റെ മാതാപിതാക്കളേക്കാൾ മത്സരസ്വഭാവമുള്ളതാക്കി തന്നെ മാറ്റിയത് മെസിയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

"ബാഴ്‌സലോണക്കൊപ്പം ഞാനുണ്ടായിരുന്ന സമയത്ത് നിരവധി മികച്ച താരങ്ങൾ ടീമിനൊപ്പം ഉണ്ടായിരുന്നു. മെസി ഇല്ലെങ്കിലും ഞങ്ങൾ കിരീടങ്ങൾ നേടിയേനെ. എന്നാൽ മെസിക്കൊപ്പം നേടിയ അത്രയും കിരീടങ്ങൾ നെടുമായിരുന്നോ? അസാധ്യമായ കാര്യമാണത്." ഗ്വാർഡിയോള കൂട്ടിച്ചേർത്തു.

കോപ്പ അമേരിക്ക കിരീടം നേടിയതിനു ശേഷം മെസിയോട് താൻ സംസാരിച്ചിരുന്നുവെന്നും അഭിനന്ദനം അറിയിച്ചിരുന്നുവെന്നും ഗ്വാർഡിയോള പറഞ്ഞു. ദേശീയ ടീമിനൊപ്പം കിരീടം നേടിയത് മെസിക്കു വലിയൊരു ആശ്വാസമാണ് നൽകിയതെന്നു പറഞ്ഞ ഗ്വാർഡിയോള ഖത്തർ ലോകകപ്പ് മെസിയുടെ അവസാനത്തെ ലോകകപ്പ് ആയിരിക്കുമെന്ന കാര്യത്തിൽ തീർച്ചയില്ലെന്നും വ്യക്തമാക്കി.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.