മാഞ്ചസ്റ്റർ ഡെർബിയിൽ റൊണാൾഡോയെ കൈകാര്യം ചെയ്തതെങ്ങിനെയെന്നു വെളിപ്പെടുത്തി പെപ് ഗ്വാർഡിയോള


കഴിഞ്ഞ വാരാന്ത്യത്തിൽ നടന്ന മാഞ്ചസ്റ്റർ ഡെർബിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ മാഞ്ചസ്റ്റർ സിറ്റി കൈകാര്യം ചെയ്തത് എങ്ങിനെയാണെന്നു വെളിപ്പെടുത്തി പരിശീലകൻ പെപ് ഗ്വാർഡിയോള. ഈ സീസണിലെ ആദ്യത്തെ മാഞ്ചസ്റ്റർ ഡെർബിയിൽ സ്വന്തം മൈതാനത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് പതറിയപ്പോൾ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് സിറ്റി സ്വന്തമാക്കിയത്.
മത്സരത്തിൽ തോറ്റുവെന്നതിലുപരി സിറ്റിക്ക് ഒരു ഭീഷണിയാവാൻ പോലും മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിഞ്ഞില്ലെന്നതാണ് ആരാധകരെ ഏറെ നിരാശരാക്കുന്നത്. ഓൺ ടാർഗെറ്റിലേക്ക് ഒരു ഷോട്ട് മാത്രം മാഞ്ചസ്റ്റർ യുണൈറ്റഡ് ഉതിർത്തപ്പോൾ ആ മത്സരത്തിൽ കളിച്ച ഏതൊരു താരത്തെക്കാൾ കുറവ് ടച്ചുകളാണ് ടീമിലെ സൂപ്പർതാരമായ റൊണാൾഡോക്കുണ്ടായിരുന്നത്. മത്സരത്തിൽ പൂർണമായും ആധിപത്യം സ്ഥാപിച്ച്, മാഞ്ചസ്റ്റർ യുണൈറ്റഡിന് പ്രത്യാക്രമണത്തിനു മാത്രം അവസരം നൽകുക എന്ന തന്ത്രമാണ് താൻ നടപ്പിലാക്കിയതെന്ന് ഗ്വാർഡിയോള പറഞ്ഞു.
"എതിരാളികളെയും അവർ ചെയ്ത കാര്യങ്ങളെയും എനിക്ക് വിശകലനം ചെയ്യാനോ വിലയിരുത്താനോ ഒരിക്കലും കഴിയില്ലെന്ന് വിനീതമായി തന്നെ പറയട്ടെ. മുൻ വർഷങ്ങളിൽ അവർ ഞങ്ങളെ തോൽപിച്ചപ്പോഴുള്ള മത്സരങ്ങൾക്ക് സമാനമായിരുന്നു ഇതും. അവർ പുറകോട്ടു വലിഞ്ഞു കളിച്ച് പ്രത്യാക്രമണങ്ങളിൽ കൂടി ആക്രമിച്ചു. ആ ഗെയിമുകൾ അവർ നിയന്ത്രിച്ചിരുന്നില്ല," തന്റെ തന്ത്രങ്ങളെപ്പറ്റി ഗ്വാർഡിയോള പറഞ്ഞു.
"അവർ കാത്തിരുന്നു, അതവർ ഞങ്ങളെ ബഹുമാനിക്കുന്നതു കൊണ്ടായിരിക്കാം, അതു ഞങ്ങൾക്കൊരു അഭിനന്ദനവുമാണ്. പക്ഷെ ഞങ്ങൾ മികച്ച കളി കാഴ്ച വെച്ചു. ഗുൻഡോഗാനും ബെർണാഡോ സിൽവയും റോഡ്രിയും മികച്ചു നിന്നു, ഞങ്ങൾക്ക് പന്തു വേണമെന്നതായിരുന്നു ഒരേയൊരു വഴി. റൊണാൾഡോ പോലെയുള്ള പ്രതിഭാധനരായ താരങ്ങളെ എനിക്കറിയാം, അവർ പന്തില്ലാത്തപ്പോൾ കഷ്ടപ്പെടുന്നു. അത് ഞങ്ങൾ ആഗ്രഹിച്ചു," ഗ്വാർഡിയോള വ്യക്തമാക്കി.
മത്സരത്തിലെ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി ലീഗ് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്. 26 പോയിന്റുള്ള ചെൽസിയാണ് 23 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റിക്കു മുന്നിൽ നിൽക്കുന്നത്. അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡ് പതിനേഴു പോയിന്റുമായി ആറാം സ്ഥാനത്താണ്.