അത്ലറ്റികോ മാഡ്രിഡിനെതിരായ മത്സരത്തിനു ശേഷം 71 തവണ ടീം ഫിസിയോകളുടെ സേവനം ആവശ്യമായി വന്നുവെന്ന് പെപ് ഗ്വാർഡിയോള


തുടർച്ചയായ മത്സരങ്ങൾ കളിക്കേണ്ടി വരുന്നത് മാഞ്ചസ്റ്റർ സിറ്റി താരങ്ങളുടെ ഫിറ്റ്നസിനെയും ടീമിന്റെ പ്രകടനത്തെയും വളരെയധികം ബാധിക്കുന്നുണ്ടെന്നു വ്യക്തമാക്കി പരിശീലകൻ പെപ് ഗ്വാർഡിയോള. അത്ലറ്റികോ മാഡ്രിഡിനെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ മത്സരത്തിനു ശേഷം താരങ്ങളുടെ ഫിറ്റ്നസ് പ്രശ്നങ്ങൾ കാരണം ഇതുവരെ എഴുപത്തിയൊന്നു തവണയാണ് ടീം ഫിസിയോകളുടെ സേവനം ആവശ്യമായി വന്നതെന്നാണ് പെപ് ഗ്വാർഡിയോള പറയുന്നത്.
ഏപ്രിൽ 10നു ലിവർപൂളിനെതിരെ പ്രീമിയർ ലീഗിൽ ഏറ്റുമുട്ടിയ മാഞ്ചസ്റ്റർ സിറ്റി മൂന്നു ദിവസത്തിനകം അത്ലറ്റികോ മാഡ്രിഡിനെ സ്പെയിനിൽ വെച്ച് നേരിടുകയുണ്ടായി. അതിനു ശേഷം മൂന്നു ദിവസത്തിനുള്ളിൽ തന്നെ ലിവർപൂളുമായി എഫ്എ കപ്പ് മത്സരം കളിക്കുകയും തോൽവി വഴങ്ങുകയും ചെയ്തു. ഈ മത്സരത്തിൽ കെവിൻ ഡി ബ്രൂയ്ൻ അടക്കമുള്ള ചില പ്രധാന താരങ്ങളുടെ അഭാവം സിറ്റിയുടെ പ്രകടനത്തെ വളരെയധികം ബാധിക്കുകയും ചെയ്തിരുന്നു.
? "Our physios they meet 71 treatments between the space, Atletico Madrid and semi-final of the FA Cup."
— Football Daily (@footballdaily) April 20, 2022
Pep Guardiola reveals the physical toll that has been on the Manchester City squad in the last few games pic.twitter.com/IU5Nz7ANvq
"ഞങ്ങളുടെ ഫിസിയോസ്, അവർ അത്ലറ്റികോ മാഡ്രിഡിനെതിരായ മത്സരം മുതൽ എഫ്എ കപ്പ് സെമി ഫൈനൽ വരെ എഴുപത്തിയൊന്നു ചികിത്സകളാണ് നടത്തിയത്. 71 ചികിത്സകൾ. ഇതു സത്യമാണ്, ഡോക്റ്റർ എന്നെ കാണാൻ വന്നിരുന്നു." ബ്രൈറ്റനെതിരെ നടക്കുന്ന പ്രീമിയർ ലീഗ് മത്സരത്തിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കേ ഗ്വാർഡിയോള പറഞ്ഞു.
"ഇതു വളരെ അസ്വാഭാവികവും അസാധാരണവുമായ കാര്യമാണെന്നു പറയാനാണ് അവർ വന്നത്. അത്ലറ്റികോയുമായുള്ള മത്സരത്തിനു ശേഷം ഹോട്ടലിൽ വെച്ച്, പിറ്റേന്ന് രാവിലെ, പരിശീലനത്തിനിടെ, പരിശീലനത്തിനു ശേഷം, സെമി ഫൈനൽ മത്സരത്തിന്റെ ദിവസം. ഇതെല്ലാം ഒന്നോ രണ്ടോ താരങ്ങളല്ല. നിരവധി താരങ്ങൾക്കാണ് ചികിത്സ ആവശ്യമായി വന്നത്." ഗ്വാർഡിയോള പറഞ്ഞു. മത്സരത്തിന്റെ ഷെഡ്യൂളാണ് ഇതിനു കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.
ലിവർപൂളിനോടു തോറ്റ് എഫ്എ കപ്പിൽ നിന്നും പുറത്തായ മാഞ്ചസ്റ്റർ സിറ്റി ഇന്നു നടക്കുന്ന മത്സരം വിജയിച്ച് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്. ഈ സീസണിൽ പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ് കിരീടപ്രതീക്ഷയുള്ള സിറ്റി ഇന്നത്തെ മത്സരം വിജയിച്ചാൽ വീണ്ടും ലിവർപൂളിനെക്കാൾ ഒരു പോയിന്റ് മുന്നിലെത്തും.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.