ഞാൻ പലതും പഠിക്കാൻ ശ്രമിക്കുന്ന ചുരുക്കം പരിശീലകരിൽ ഒരാളാണ് ടുഷെൽ, ചെൽസി മാനേജറെ പ്രശംസിച്ച് ഗ്വാർഡിയോള

FILES-COMBO-FBL-EUR-C1-ENG-MAN CITY-CHELSEA-FINAL
FILES-COMBO-FBL-EUR-C1-ENG-MAN CITY-CHELSEA-FINAL / IAN WALTON/GettyImages
facebooktwitterreddit

മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും തമ്മിൽ ഇന്നു പ്രീമിയർ ലീഗിൽ ഏറ്റുമുട്ടാനിരിക്കെ ചെൽസി പരിശീലകൻ തോമസ് ടുഷെലിനെ പ്രശംസിച്ച് മാഞ്ചസ്റ്റർ സിറ്റി മാനേജറായ പെപ് ഗ്വാർഡിയോള. ജർമൻ പരിശീലകൻ തനിക്ക് മാതൃകയാണെന്നും താൻ പല കാര്യങ്ങളും മനസിലാക്കാൻ ശ്രമിക്കുന്ന ചുരുക്കം ചില പരിശീലകരിൽ ഒരാളാണെന്നുമാണ് പെപ് ഗ്വാർഡിയോള മാധ്യമങ്ങളോട് സംസാരിക്കെ പറഞ്ഞത്.

കോവിഡ് ബാധിതനായിരുന്ന പെപ് ഗ്വാർഡിയോള അസുഖം ഭേദമായതിനു ശേഷം ആദ്യമായി മാധ്യമങ്ങളെ കണ്ട ദിവസം കൂടിയായിരുന്നു ഇന്നലെ. ഇക്കാലയളവിൽ അസിസ്റ്റന്റ് പരിശീലകനായ റോഡോൾഫോ ബോറിലാണ് മാഞ്ചസ്റ്റർ സിറ്റിയുടെ മത്സരങ്ങളിൽ സൈഡ്‌ലൈനിൽ ഉണ്ടായിരുന്നത്. എന്നാൽ ചെൽസിക്കെതിരെ കാറ്റലൻ പരിശീലകൻ തന്നെയാണ് ടീമിനെ നിയന്ത്രിക്കുക.

"വളരെ ക്രിയാത്മകതയുള്ളയാളാണ് അദ്ദേഹം. ഒരു മികച്ച പരിശീലകൻ ആവുന്നതിനായി ഞാൻ നിരന്തരം പഠിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ചുരുക്കം ചില പരിശീലകരിൽ ഒരാൾ." മത്സരത്തിനു മുൻപുള്ള പത്രസമ്മേളനത്തിൽ സംസാരിക്കേ ചെൽസി പരിശീലകനെക്കുറിച്ച് പെപ് ഗ്വാർഡിയോള പറഞ്ഞു.

"എല്ലാ മേഖലകളിലും അദ്ദേഹം വളരെ മികച്ചതാണ്. മെയിൻസ് കോച്ചാകുമ്പോൾ തന്നെ ഞാൻ ടുഷെലിനെ ആസ്വദിച്ചിരുന്നു. അദ്ദേഹത്തിന്റെ ടീമിന്റെ കളി ആസ്വദിക്കാറുള്ള എനിക്ക് അവരുടെ ശൈലിയും സമീപനവും എല്ലാം ഇഷ്ടമാണ്. ഫുട്ബോൾ ലോകത്തെ കൂടുതൽ മെച്ചപ്പെടുത്താൻ അദ്ദേഹത്തിനു കഴിയും."

"കളിയുടെ ശൈലിയിൽ എല്ലായിപ്പോഴും ഒരു പോസിറ്റിവ് സമീപനം പുലർത്തുന്ന ഒരു പരിശീലകനെ നിങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞാൽ അത് വലിയൊരു നേട്ടം തന്നെയാണ്." ഗ്വാർഡിയോള വ്യക്തമാക്കി.

മാഞ്ചസ്റ്റർ സിറ്റിയിലെ നിലവിലെ കോവിഡ് സാഹചര്യത്തെ കുറിച്ചും ഗ്വാർഡിയോള സംസാരിച്ചു. ചില താരങ്ങൾക്ക് കോവിഡ് അണുബാധ കണ്ടെത്തിയെന്നും ചിലർക്ക് രോഗം ഭേദമായെന്നും പറഞ്ഞ ഗ്വാർഡിയോള അവരുടെ പേരുവിവരങ്ങൾ സ്വകാര്യത കണക്കാക്കി പുറത്തുവിടാൻ കഴിയില്ലെന്നും വ്യക്തമാക്കി.

പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയും രണ്ടാം സ്ഥാനത്തുള്ള ചെൽസിയും തമ്മിൽ ഏറ്റു മുട്ടുമ്പോൾ മികച്ചൊരു മത്സരമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. മാഞ്ചസ്റ്റർ സിറ്റിക്ക് പ്രീമിയർ ലീഗ് കിരീടപ്പോരാട്ടത്തിലുള്ള മേധാവിത്വം കുറക്കാൻ ഈ മത്സരത്തിൽ വിജയം നേടേണ്ടത് ചെൽസിക്ക് അനിവാര്യമാണ്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.