ബെർണാർഡോ സിൽവയെ ബാഴ്‌സലോണക്കു വേണ്ടി കളിക്കാൻ അനുവദിക്കുമോയെന്ന് ലപോർട്ട, രസകരമായ മറുപടിയുമായി പെപ് ഗ്വാർഡിയോള

Guardiola's Response To Laporta About Bernardo Silva Transfer
Guardiola's Response To Laporta About Bernardo Silva Transfer / Chris Brunskill/Fantasista/GettyImages
facebooktwitterreddit

ബാഴ്‌സലോണയും മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ നടക്കാനിരിക്കുന്ന ചാരിറ്റി മത്സരത്തിൽ ബെർണാർഡോ സിൽവയെ തങ്ങളുടെ ടീമിൽ കളിപ്പിക്കുമോയെന്ന ബാഴ്‌സലോണ പ്രസിഡന്റ് യോൻ ലപോർട്ടയുടെ വാക്കുകൾക്ക് രസകരമായ മറുപടി നൽകി പെപ് ഗ്വാർഡിയോള. എഎസ്എൽ റിസർച്ചിന്റെ ഫണ്ടിനു വേണ്ടി ഓഗസ്റ്റ്‌ 24ന് ക്യാമ്പ് നൂവിൽ വെച്ച് രണ്ടു ടീമുകളും ഏറ്റുമുട്ടുമെന്ന് കഴിഞ്ഞ ദിവസമാണ് ലപോർട്ട സ്ഥിരീകരിച്ചത്.

ബാഴ്‌സലോണയും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലുള്ള മത്സരം പ്രഖ്യാപിക്കുന്ന ചടങ്ങിൽ ബാഴ്‌സലോണ പ്രസിഡന്റിന്റെ കൂടെ മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോളയും മുൻ ബാഴ്‌സലോണ സഹപരിശീലകൻ യുവാൻ കാർലോസ് ഉൻസുവും ഉണ്ടായിരുന്നു. ഇതിനിടയിലാണ് ബാഴ്‌സലോണക്ക് താൽപര്യമുള്ള പോർച്ചുഗീസ് താരത്തെക്കുറിച്ച് ലപോർട്ട സംസാരിച്ചത്.

ബെർണാർഡോ സിൽവ മാഞ്ചസ്റ്റർ സിറ്റി താരമാണെങ്കിലും ഓഗസ്റ്റ് അവസാനം നടക്കുന്ന മത്സരത്തിൽ ബാഴ്‌സലോണ ജേഴ്‌സിയിൽ ഇറങ്ങാനുള്ള സാധ്യതയെക്കുറിച്ചാണ് ലപോർട്ട പരിപാടിക്കിടെ തമാശരൂപത്തിൽ പറഞ്ഞത്. അതിനു മറുപടിയായി സിൽവയും മറ്റു പത്തു താരങ്ങളും ഇറങ്ങുമെന്നാണ് ഗ്വാർഡിയോള മറുപടി പറഞ്ഞത്. അതേസമയം സിൽവയെ വിൽക്കാനുള്ള സാധ്യത അദ്ദേഹം പൂർണമായും തള്ളിയില്ല.

"ബാഴ്‌സലോണ, മാഞ്ചസ്റ്റർ സിറ്റി എന്നീ രണ്ടു ക്ലബുകൾ. പേരുകൾ വ്യത്യസ്‌തമാണെങ്കിലും അവയിൽ ധാരാളം ചിലതുണ്ട്. പക്ഷെ ഞാനിപ്പോൾ കരുതുന്നത് സിൽവ ഞങ്ങൾക്കൊപ്പം തന്നെ തുടരുമെന്നാണ്. ഒരു ക്ലബെന്ന നിലയിൽ ഞങ്ങളുടെ ലക്‌ഷ്യം താരം ഒപ്പം വേണമെന്നുണ്ട്. എന്നാൽ ഞങ്ങൾക്കൊപ്പം നിൽക്കാൻ ആഗ്രഹമില്ലാത്ത താരങ്ങളെ ടീമിൽ നിർത്താറില്ലെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്."

"പക്ഷെ ബെർണാർഡോ വളരെ പ്രധാനപ്പെട്ട കളിക്കാരനാണ്, താരം ഞങ്ങൾക്കൊപ്പം തുടരുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. ചിലപ്പോൾ താരം ബാഴ്‌സലോണയിലെത്തുമെന്നതും സത്യം തന്നെയാണ്. എനിക്കറിയില്ല എന്താണ് സംഭവിക്കാൻ പോകുന്നതെന്ന്." ഗ്വാർഡിയോള വ്യക്തമാക്കി.

ഫ്രങ്കീ ഡി ജോംഗ് ബാഴ്‌സലോണ വിടാൻ സാധ്യതയുള്ളതു കൂടി കണക്കാക്കിയാണ് ബെർണാർഡോ സിൽവയെ കാറ്റലൻ ക്ലബ് നോട്ടമിടുന്നത്. പോർച്ചുഗീസ് താരത്തിനും സ്പെയിനിലെത്താൻ താൽപര്യമുണ്ടെന്നും ചർച്ചകൾ നടക്കുകയാണെന്നും വിവിധ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.