Football in Malayalam

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ഹാലൻഡിനെ ടീമിലെത്തിക്കുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് പെപ് ഗ്വാർഡിയോള

Sreejith N
Borussia Dortmund v Hertha BSC - Bundesliga
Borussia Dortmund v Hertha BSC - Bundesliga / Lars Baron/Getty Images
facebooktwitterreddit

ഒന്നര വർഷത്തോളമായി ഫുട്ബോൾ ലോകത്ത് നിറഞ്ഞു നിൽക്കുന്ന പേരാണ് ബൊറൂസിയ ഡോർട്മുണ്ട് താരം എർലിങ് ബ്രൂട് ഹാലൻഡിന്റേത്. ഇരുപതാം വയസിൽ തന്നെ ഗോൾവേട്ടയിൽ തന്റെ മികവ് എത്രത്തോളമുണ്ടെന്ന് പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്ന താരത്തെ ടീമിലെത്തിക്കാൻ അടുത്ത സമ്മറിൽ നിരവധി വമ്പൻ ക്ലബുകൾ സജീവമായ ശ്രമം നടത്തുന്നുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

തന്റെ ഗോളടിമികവു കൊണ്ട് ഡോർട്മുണ്ടിനെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിലെത്തിച്ച താരം ഇനി നേരിടേണ്ടത് പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയെയാണ്. ഹാലൻഡിനെ സമ്മറിൽ സ്വന്തമാക്കാൻ ശ്രമിക്കുന്ന ഒരു ടീം മാഞ്ചസ്റ്റർ സിറ്റിയാണെന്നത് ആ പോരാട്ടത്തിന് കൂടുതൽ ആവേശം നൽകുന്നു. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ഹാലൻഡിനു മേൽ മാഞ്ചസ്റ്റർ സിറ്റിയുടെ താല്പര്യത്തെക്കുറിച്ച് ഗ്വാർഡിയോള വ്യക്തമാക്കി.

മറ്റൊരു ടീമിന്റെ താരമായതു കൊണ്ടു തന്നെ ഹാലൻഡിനു വേണ്ടിയുള്ള ട്രാൻസ്‌ഫർ നീക്കങ്ങളെക്കുറിച്ച് തനിക്ക് സംസാരിക്കാൻ കഴിയില്ലെന്നു വ്യക്തമാക്കിയ ഗ്വാർഡിയോള പക്ഷെ നോർവേ താരത്തിന്റെ മികവിനെ വളരെയധികം പ്രശംസിച്ചു. "ഹാലൻഡ് ഡോർട്മുണ്ടിന്റെ കളിക്കാരനാണ്, ആരെങ്കിലും എന്റെ ടീമിലെ താരങ്ങളെക്കുറിച്ച് സംസാരിക്കുന്നത് എനിക്കിഷ്ടമല്ല. അതുകൊണ്ടു തന്നെ എനിക്കീ ചോദ്യത്തിന് മറുപടി പറയാനാവില്ല," ഗ്വാർഡിയോള പറഞ്ഞു.

"ഈ പ്രായത്തിൽ ലോകത്തെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളാണ് ഹാലൻഡ്. താരത്തിന്റെ ഗോൾ കണക്കുകൾ തന്നെ അതു വ്യക്തമാക്കുന്നു. ചില മത്സരങ്ങൾ ഞാൻ കണ്ടിരുന്നു. മുഴുവൻ കാണാൻ സമയം ലഭിച്ചില്ലെങ്കിലും ഹൈലൈറ്റ്‌സുകൾ കണ്ടിരുന്നു. ചാമ്പ്യൻ ലീഗിലും ലീഗിലുമുള്ള കണക്കുകൾ വളരെയധികം വിസ്മയിപ്പിക്കുന്നതാണ്. താരത്തിന്റെ മികവും എല്ലാവർക്കുമറിയാം."

അതേസമയം ഡോർട്മുണ്ടിന്റെ കേളീശൈലിയെക്കുറിച്ച് തനിക്കിപ്പോൾ കൃത്യമായ ധാരണയില്ലെന്നും രണ്ടാഴ്‌ച കൊണ്ട് അത് മനസിലാക്കി മറുപടി നൽകാൻ കഴിയുമെന്നും ഗ്വാർഡിയോള പറഞ്ഞു. എന്തായാലും കളിക്കാരെ തേച്ചുമിനുക്കി എടുക്കാൻ പ്രഗൽഭനായ ഗ്വാർഡിയോളയുടെ ശ്രദ്ധ പിടിച്ചു പറ്റാൻ ഹാലാൻഡിനുള്ള ഒരവസരം കൂടിയാണ് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ പോരാട്ടം.

facebooktwitterreddit