ലിവർപൂളിന്റെ പ്രീമിയർ ലീഗ് കിരീടസാധ്യതകൾ വർധിപ്പിച്ച് മാഞ്ചസ്റ്റർ സിറ്റിക്കു സമനില, പുല്ലിനെ പഴിചാരി ഗ്വാർഡിയോള

Manchester City Held Draw Against Crystal Palace
Manchester City Held Draw Against Crystal Palace / Julian Finney/GettyImages
facebooktwitterreddit

ക്രിസ്റ്റൽ പാലസിനെതിരെ നടന്ന ഇംഗ്ലീഷ് പ്രീമിയർ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി സമനില വഴങ്ങിയതിൽ സെലർസ്റ്റ് പാർക്ക് മൈതാനത്തെ പുല്ലിനെ പഴിചാരി പരിശീലകൻ ഗ്വാർഡിയോള. മുൻ ആഴ്‌സണൽ താരമായ പാട്രിക്ക് വിയേര പരിശീലിപ്പിക്കുന്ന ക്രിസ്റ്റൽ പാലസ് സിറ്റി മുന്നേറ്റങ്ങളെ സമർത്ഥമായി തടുത്ത മത്സരത്തിൽ രണ്ടു ടീമുകളും ഗോളൊന്നും നേടാതെ സമനിലയിൽ പിരിയുകയായിരുന്നു.

തൊണ്ണൂറു മിനുട്ടും ഒരു പകരക്കാരെ പോലും ഇറക്കാതെ കളിച്ച മാഞ്ചസ്റ്റർ സിറ്റിക്ക് രണ്ടാം പകുതിയിൽ ഗോളിലേക്ക് ഒരു ഷോട്ട് പോലും ഉതിർക്കാൻ കഴിഞ്ഞിരുന്നില്ല. മത്സരം സമനിലയിൽ പിരിഞ്ഞതോടെ ഒരു മത്സരം കുറവു കളിച്ച ലിവർപൂളുമായി വെറും നാല് പോയിന്റ് മാത്രം വ്യത്യാസത്തിലാണ് മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത്.

"ഇനിയും ഒരുപാട് മത്സരങ്ങൾ കളിക്കാനുണ്ട്, ഞങ്ങൾക്ക് ഒരുപാട് മത്സരങ്ങൾ വിജയിക്കുകയും വേണം. പക്ഷെ ഞങ്ങൾ കളിച്ച രീതിയിൽ എനിക്ക് യാതൊരു നിരാശയുമില്ല. വിജയമായിരുന്നു ലക്ഷ്യമെങ്കിലും മത്സരത്തിൽ മികച്ച കളി കാഴ്‌ച വെച്ചു. പുല്ല് ശരിയല്ലാത്ത, ബുദ്ധിമുട്ടേറിയ സ്റ്റേഡിയത്തിൽ ഒരുപാട് അവസരങ്ങൾ സൃഷ്‌ടിച്ച് ഞങ്ങൾ മനോഹരമായാണ് കളിച്ചത്." ഗ്വാർഡിയോള സ്കൈ സ്പോർട്സിനോട് പറഞ്ഞു.

മത്സരത്തിൽ ഒരാളെ പോലും പകരക്കാരനായി ഇറക്കേണ്ടത് ആവശ്യമായിരുന്നില്ലെന്നും ഗ്വാർഡിയോള പറഞ്ഞു. "കളിക്കാർ മികച്ച കളി കാഴ്‌ച വെച്ചിരുന്നതു കൊണ്ടാണ് ഞാൻ മാറ്റങ്ങൾ വരുത്താതിരുന്നത്. ഗോൾ നേടിയില്ലെന്നത് ഒരു പിഴവായിരുന്നു. ഇന്നുണ്ടായിരുന്ന ടീം മുൻപും ഉണ്ടായിരുന്നു, നാളെയും ഉണ്ടാകും. ടീമിന്റെ പ്രകടനത്തിലും ഞങ്ങൾ കളിച്ച രീതിയിലും ഞാൻ സന്തോഷവാനാണ്." ഗ്വാർഡിയോള വ്യക്തമാക്കി.

ലിവർപൂളും ആഴ്‌സണലും തമ്മിൽ നടക്കുന്ന അടുത്ത ലീഗ് മത്സരത്തിൽ ലിവർപൂൾ വിജയിച്ചാൽ സിറ്റിയുമായി ഒരു പോയിന്റ് വ്യത്യാസം മാത്രമാണ് അവർക്കുണ്ടാകുക. ഇതോടെ പ്രീമിയർ ലീഗ് കിരീടപ്പോരാട്ടം ഫോട്ടോഫിനിഷിംഗിലേക്ക് നീങ്ങും.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.