Football in Malayalam

സിറ്റി വിട്ടതിന് ശേഷം ദേശീയ ടീമിന്റെ പരിശീലകനാവും, ബ്രസീലിനെ പരിശീലിപ്പിക്കുന്നതിനെക്കുറിച്ചും മനസ് തുറന്ന് പെപ്

Gokul Manthara
Manchester City v Norwich City - Premier League
Manchester City v Norwich City - Premier League / Robbie Jay Barratt - AMA/Getty Images
facebooktwitterreddit

നിലവിൽ 2023 വരെ മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായി കരാറുള്ള താൻ കരാർ കാലാവധി അവസാനിക്കുന്നതോടെ ക്ലബ്ബ് വിട്ടേക്കുമെന്ന് സൂചന നൽകി പെപ് ഗ്വാർഡിയോള. 7 വർഷങ്ങളോളം സിറ്റിയെ പരിശീലിപ്പിച്ചതിന് ശേഷം തനിക്ക് ഒരു ഇടവേള ആവശ്യമാണെന്ന് പറയുന്ന പെപ്, അടുത്തതായി ഒരു അന്താരാഷ്ട്ര ഫുട്ബോൾ ടീമിന്റെ പരിശീലകനാവുന്നതാണ് തന്റെ ലക്ഷ്യമെന്നും കൂട്ടിച്ചേർത്തു. ഒരു സ്വകാര്യ ചടങ്ങിൽ പെപ് പറഞ്ഞ വാക്കുകളെ ഉദ്ധരിച്ച് ബ്രസീലിയൻ വെബ്സൈറ്റായ ഗ്ലോബോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

"പരിശീലക കരിയറിലെ അടുത്ത ഘട്ടം ഒരു ദേശീയ ടീമിനൊപ്പമായിരിക്കും അതിനുള്ള സാധ്യതയുണ്ട്. സിറ്റിയിലെ 7 വർഷങ്ങൾക്ക് ശേഷം എനിക്കൊരു ഇടവേള ആവശ്യമാണ്. ഒന്നു നിർത്തി, ചുറ്റും നോക്കി മറ്റുള്ള പരിശീലകരിൽ നിന്നും എനിക്ക് കാര്യങ്ങൾ പഠിക്കേണ്ടതുണ്ട്. യൂറോപ്യൻ ചാമ്പ്യൻഷിപ്പിലും കോപ്പ അമേരിക്കയിലും ലോകകപ്പിലും പരിശീലകനാവാൻ ഞാൻ ആഗ്രഹിക്കുന്നു," ഗ്വാർഡിയോള പറഞ്ഞു.

നിലവിൽ അന്താരാഷ്ട്ര ഫുട്ബോളിലെ ഏറ്റവും മികച്ച ടീമുകളിലൊന്നായ ബ്രസീലിന്റെ പരിശീലക ചുമതല ഏറ്റെടുക്കാനുള്ള സാധ്യതയെക്കുറിച്ചും ഗ്വാർഡിയോളക്ക് ചോദ്യം നേരിടേണ്ടി വന്നു. ബ്രസീൽ വളരെ മികച്ച ടീമാണെന്നും എന്നാൽ ബ്രസീലിന് പുറത്ത് നിന്നുള്ളവർ അവരുടെ പരിശീലകനാകാനുള്ള സാധ്യതയയില്ലെന്നുമുള്ള മറുപടിയായിരുന്നു ഇതിന് അദ്ദേഹം നൽകിയത്.

"അവർ (ബ്രസീൽ) ഒരു മികച്ച ടീമാണ്. ഇതിനോടകം അവരുടെ ചില കളിക്കാർക്കൊപ്പം ഞാൻ പ്രവർത്തിക്കുകയും, മറ്റുള്ളവർക്കെതിരെ മത്സരിക്കുകയും ചെയ്തിട്ടുണ്ട്. വളരെ മികച്ചൊരു ദേശീയ‌ ടീമാണവർ. കിരീടങ്ങൾ നേടാൻ എല്ലായ്പ്പോളും ഫേവറിറ്റുകളും, ശക്തമായ മത്സരാർത്ഥികളുമാണ് അവർ. എപ്പോളും അങ്ങനെയായിരുന്നു. ഇനിയും അങ്ങനെയായിരിക്കും," ഗ്വാർഡിയോള പറഞ്ഞു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit