ലിവർപൂളിനെതിരെ എർലിങ് ഹാലൻഡ് നഷ്ടപ്പെടുത്തിയ അവസരങ്ങളിൽ ആശങ്കയില്ലെന്ന് ഗ്വാർഡിയോള


കമ്മ്യൂണിറ്റി ഷീൽഡ് കിരീടത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ ലിവർപൂളിനെതിരെ എർലിങ് ഹാലാൻഡ് നഷ്ടപെടുത്തിയ അവസരങ്ങളിൽ നിരാശയില്ലെന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കു തോറ്റ് സീസണിലെ ആദ്യകിരീടം നേടാനുണ്ടായിരുന്ന അവസരം ലിവർപൂളിനു മുന്നിൽ അടിയറവു വെച്ചതിനു ശേഷം സംസാരിക്കയായിരുന്നു അദ്ദേഹം.
ബൊറൂസിയ ഡോർട്മുണ്ടിൽ നിന്നും ടീമിലെത്തിച്ച സൂപ്പർ സ്ട്രൈക്കർ ഹാലൻഡ് മത്സരത്തിന്റെ തുടക്കം മുതൽ അവസാനം വരെ ഉണ്ടായിരുന്നെങ്കിലും മികച്ച പ്രകടനം നടത്താൻ താരത്തിന് കഴിഞ്ഞിരുന്നില്ല. ഇതിനു പുറമെ അവസാന മിനുട്ടിൽ ലഭിച്ച തുറന്ന അവസരമടക്കം നിരവധി അവസരങ്ങൾ താരത്തിന് മുതലാക്കാൻ കഴിയാതെ വരികയും ചെയ്തു.
Erling Haaland really missed this 😳 pic.twitter.com/rfs1TGRaEw
— ESPN FC (@ESPNFC) July 30, 2022
"ഹാലാൻഡിന് അവസരങ്ങൾ ഉണ്ടായിരുന്നു. രണ്ടോ മൂന്നോ എണ്ണം ആദ്യപകുതിയിൽ ലഭിച്ചു, ഒരെണ്ണം അവസാനവും. താരം പൊരുതി, മികച്ച നീക്കങ്ങൾ നടത്തി. യാഥാർത്ഥ്യം താരം കണ്ടതു നല്ലതാണ്. പുതിയ രാജ്യം, പുതിയ ലീഗ്, താരം മത്സരത്തിൽ ഉണ്ടായിരുന്നു. എന്നാൽ ഗോൾ നേടാൻ കഴിഞ്ഞില്ല. അടുത്ത ദിവസം അതിനു കഴിയും."
"എനിക്ക് ആശങ്കകൾ ഒന്നും തന്നെയില്ല. താരത്തിന് നിലവാരമുണ്ട്. അസാധാരണമായ വിവേകവുമുണ്ട്. ഞങ്ങൾക്ക് രണ്ടാഴ്ച മാത്രമാണിപ്പോൾ ലഭിച്ചത്, ടീം അമേരിക്കയിൽ മികച്ചു നിന്നിരുന്നു. ഞാൻ സ്വസ്ഥനാണ്, സീസൺ ആരംഭിച്ചിരിക്കുന്നു." പെപ് ഗ്വാർഡിയോള പറഞ്ഞു.
ട്രെന്റ് അലക്സാണ്ടർ അർണോൾഡ്, മൊഹമ്മദ് സലാ, ഡാർവിൻ നുനസ് എന്നിവർ ലിവർപൂളിന്റെ ഗോളുകൾ നേടിയപ്പോൾ മാഞ്ചസ്റ്റർ സിറ്റിയുടെ ആശ്വാസഗോൾ അർജന്റീനിയൻ താരം ജൂലിയൻ അൽവാരസിന്റെ വകയായിരുന്നു.