"റയൽ മാഡ്രിഡിലേക്ക് വിളിച്ചപ്പോൾ അവർ ഉപദേശം തന്നു"- മാഞ്ചസ്റ്റർ സിറ്റിയുടെ തിരിച്ചു വരവിനെക്കുറിച്ച് ഗ്വാർഡിയോള
By Sreejith N

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അത്യന്തം നാടകീയത നിറഞ്ഞ അവസാന ദിവസത്തെ പോരാട്ടത്തിൽ അവിശ്വസനീയമായ തിരിച്ചു വരവ് നടത്തിയാണ് മാഞ്ചസ്റ്റർ സിറ്റി ലിവർപൂളിനെ മറികടന്ന് കിരീടം സ്വന്തമാക്കിയത്. എഴുപത്തിയഞ്ചാം മിനുട്ട് വരെയും ആസ്റ്റൺ വില്ലക്കെതിരെ രണ്ടു ഗോളിന് പിന്നിൽ നിന്നിരുന്ന സിറ്റി അതിനു ശേഷം അഞ്ചു മിനുട്ടിനിടയിലാണ് മൂന്നു ഗോളുകൾ നേടി കിരീടം ഉറപ്പിച്ചത്.
മാഞ്ചസ്റ്റർ സിറ്റിയുടെ കിരീടധാരണത്തിൽ വളരെയധികം സന്തോഷം പ്രകടിപ്പിച്ച ഗ്വാർഡിയോള ടീമിന്റെ തിരിച്ചു വരവിൽ റയൽ മാഡ്രിഡിന്റെ പേരും പരാമർശിക്കുകയുണ്ടായി. ഈ സീസണിൽ ചാമ്പ്യൻസ് ലീഗിൽ അസാധാരണ തിരിച്ചുവരവുകൾ നടത്തിയ റയൽ മാഡ്രിഡിൽ നിന്നും ലഭിച്ച ഉപദേശമാണ് മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം നേടിക്കൊടുത്തതെന്നാണ് ഗ്വാർഡിയോള തമാശ രൂപത്തിൽ പറഞ്ഞത്.
"I called Real Madrid and they gave me good advice" ?
— Manchester City News (@ManCityMEN) May 22, 2022
Pep Guardiola on how Manchester City managed to come back from being 2-0 down against Aston Villa ⬇️ pic.twitter.com/M1JjiasMqR
"ഞാൻ റയൽ മാഡ്രിഡിനെ വിളിച്ചപ്പോൾ അവരെനിക്ക് മികച്ച ഉപദേശം നൽകിയിരുന്നു. മാഡ്രിഡിനെയും ഇന്നത്തെ ദിവസത്തെയും സംബന്ധിച്ച് വിശദീകരണമില്ല. ഇതൊരു ചലനശക്തിയാണ്. ചില സമയങ്ങളിൽ ഇതുപോലത്തെ സാഹചര്യങ്ങളിൽ ജീവിക്കുക നല്ല അനുഭവമാണ്. അടുത്ത സീസണിൽ ഞങ്ങളെ കൂടുതൽ കരുത്തരാക്കാൻ ഇതിനു കഴിയും."
"ഞങ്ങൾ ഇതിഹാസങ്ങളാണ്, ഞങ്ങൾ എല്ലായിപ്പോഴും ഓർമിക്കപ്പെടും. ഈ താരങ്ങൾ തീർച്ചയായും ക്ലബിന് അനശ്വരനായ ആളുകളാണ്. ഞങ്ങൾ നേടിയത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. സർ അലക്‌സ് ഫെർഗുസൺ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഇതു ചെയ്‌തിട്ടുണ്ട്, രണ്ടോ മൂന്നോ തവണ. അതു ചെയ്യുന്നതിന്റെ മഹിമ ഞാനിപ്പോൾ മനസിലാക്കുന്നു." ഗ്വാർഡിയോള പറഞ്ഞു.
രണ്ടാം സ്ഥാനത്തെത്തിയ ലിവർപൂളിനെയും ഗ്വാർഡിയോള പ്രശംസിച്ചു. ഇതുപോലെയൊരു ടീമിനെ തന്റെ ജീവിതത്തിൽ കണ്ടിട്ടില്ലെന്നും ഈ നേട്ടം ലിവർപൂളിന്റെ മികവ് കൂടിയാണ് കാണിക്കുന്നതെന്നാണ് ഗ്വാർഡിയോളയുടെ അഭിപ്രായം. ലിവർപൂൾ ഓരോ ആഴ്‌ചയും തങ്ങളെ കൂടുതൽ മികച്ചതാക്കാൻ സഹായിച്ചുവെന്നും ഗ്വാർഡിയോള പറഞ്ഞു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.