Football in Malayalam

ലീഡ്‌സിനെതിരായ ഏഴു ഗോൾ ജയം, ഗോൾവേട്ടയുടെ റെക്കോർഡ് തകർത്ത് പെപ് ഗ്വാർഡിയോള

Sreejith N
Manchester City v Wolverhampton Wanderers - Premier League
Manchester City v Wolverhampton Wanderers - Premier League / Visionhaus/GettyImages
facebooktwitterreddit

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ലീഡ്‌സ് യുണൈറ്റഡിനെ എതിരില്ലാത്ത ഏഴു ഗോളുകൾക്കു തകർത്ത് ലീഗിലെ ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റി. കെവിൻ ഡി ബ്രൂയ്‌ന്റെ ഇരട്ടഗോളുകളും ഫിൽ ഫോഡൻ, ജാക്ക് ഗ്രീലിഷ്, റിയാദ് മഹ്റെസ്, ജോൺ സ്റ്റോൺസ്, നഥാൻ ആക്കെ എന്നിവരുടെ ഗോളുകളുമാണ് മാഞ്ചസ്റ്റർ സിറ്റിക്ക് വൻ വിജയം സമ്മാനിച്ചത്.

മത്സരത്തിൽ സിറ്റി വമ്പൻ വിജയം സ്വന്തമാക്കിയതിനൊപ്പം പ്രീമിയർ ലീഗിലെ ഗോൾവേട്ടയുടെ റെക്കോർഡ് ഗ്വാർഡിയോള സ്വന്തം പേരിലാക്കുകയും ചെയ്‌തിട്ടുണ്ട്‌. ഒരു ക്ലബിനൊപ്പം ഏറ്റവും വേഗത്തിൽ 500 ഗോളുകൾ കുറിക്കുന്ന പരിശീലകനെന്ന റെക്കോർഡാണ് ഫിൽ ഫോഡൻ നേടിയ മാഞ്ചസ്റ്റർ സിറ്റിയുടെ ആദ്യത്തെ ഗോളിലൂടെ ഗ്വാർഡിയോളയെ തേടിയെത്തിയത്.

വെറും 207 മത്സരങ്ങളിൽ നിന്നാണ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി അഞ്ഞൂറിലധികം ഗോളുകൾ കണ്ടെത്തിയത്. മറ്റൊരു പരിശീലകനും ഒരു ടീമിനൊപ്പം ഇത്രയും വേഗത്തിൽ അഞ്ഞൂറു ഗോളുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ലിവർപൂളിനോപ്പം 234 മത്സരങ്ങളിൽ നിന്നും 500 ഗോളുകൾ കുറിച്ച് ക്ളോപ്പിന്റെ പേരിലായിരുന്നു ഈ റെക്കോർഡ് ഉണ്ടായിരുന്നത്.

മാഞ്ചസ്റ്റർ സിറ്റിയിലേക്ക് പെപ് ഗ്വാർഡിയോള ചേക്കേറിയ സമയത്ത് ഇംഗ്ലീഷ് പ്രീമിയർ ലീഗ് അദ്ദേഹത്തിനു വഴങ്ങില്ലെന്ന് വിമർശനം ഉന്നയിച്ചവർക്കു മറുപടി നൽകിയാണ് പെപിന്റെ കീഴിൽ മാഞ്ചസ്റ്റർ സിറ്റിയുടെ കുതിപ്പ്. മൂന്നു പ്രീമിയർ ലീഗ് കിരീടങ്ങളും അദ്ദേഹം സ്വന്തം പേരിലാക്കിയിട്ടുണ്ട്.

ഇന്നലെ നേടിയ വിജയം മാഞ്ചസ്റ്റർ സിറ്റിയെ സംബന്ധിച്ച് പ്രീമിയർ ലീഗിലെ ഏറ്റവും വലിയ രണ്ടാമത്തെ ജയം കൂടിയായിരുന്നു. 2019ൽ വാട്ഫോഡിനെ എതിരില്ലാത്ത എട്ടു ഗോളുകൾക്ക് തകർത്താണ് അവരുടെ ഏറ്റവും ഉയർന്ന മാർജിനിലുള്ള വിജയം.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit