ബ്രെന്റ്ഫോഡിനെതിരായ വിജയത്തിനു പിന്നാലെ മാഞ്ചസ്റ്റർ സിറ്റിയുടെ നേട്ടത്തെ പ്രശംസിച്ച് ഗ്വാർഡിയോള


ബ്രെന്റ്ഫോഡിനെതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ വിജയം നേടിയ മാഞ്ചസ്റ്റർ സിറ്റി സീസണിൽ ഇപ്പോൾ തന്നെ അറുപതു പോയിന്റുകൾ നേടിയെന്നത് വളരെ മികച്ച നേട്ടമാണെന്നു പ്രതികരിച്ച് പരിശീലകൻ പെപ് ഗ്വാർഡിയോള. ഇന്നലെ നടന്ന മത്സരത്തിൽ റിയാദ് മഹ്റെസ്, കെവിൻ ഡി ബ്രൂയ്ൻ എന്നിവർ നേടിയ ഗോളുകളിലാണ് മാഞ്ചസ്റ്റർ സിറ്റി വിജയം നേടിയത്.
മത്സരത്തിലെ ജയത്തോടെ ഇരുപത്തിനാലു മത്സരങ്ങളിൽ നിന്നുമാണ് മാഞ്ചസ്റ്റർ സിറ്റി അറുപതു പോയിന്റുകൾ സ്വന്തമാക്കിയത്. ഇരുപത്തിരണ്ടു മത്സരങ്ങൾ കളിച്ച് പന്ത്രണ്ടു പോയിന്റ് വ്യത്യാസത്തിൽ ലിവർപൂൾ രണ്ടാമതു നിൽക്കുമ്പോൾ ഇരുപത്തിനാലു മത്സരങ്ങളിൽ നിന്നും 47 പോയിന്റുകൾ ഉള്ള ചെൽസിയാണ് മൂന്നാമത്.
"We have done incredibly well so far."
— Mirror Football (@MirrorFootball) February 9, 2022
Pep Guardiola was in a bullish mood after Man City beat Brentford
More:https://t.co/nUBk3MYdqg pic.twitter.com/WRYUFWFU6U
"ലിവർപൂളിന് രണ്ടു മത്സരങ്ങൾ കൂടി കളിക്കാനുണ്ട്, അതിനു ശേഷം നമുക്ക് അകലം നോക്കാം. നിരവധി പോയിന്റുകൾക്ക് മത്സരം കളിക്കണം, ഇന്നത്തെപ്പോലെ കൂടുതൽ കടുപ്പമേറിയ കളികളും ഉണ്ടാകും. എല്ലാവരും കടുത്ത മത്സരമാണ് നൽകുന്നത്. പക്ഷെ ഈ ഘട്ടത്തിൽ അറുപതു പോയിന്റ് നേടിയത് മനസ്സിൽ പതിയുന്ന നേട്ടമാണ്. ഇതുവരെ ഞങ്ങൾ മികച്ച പ്രകടനം നടത്തി."
"ഞങ്ങൾ ലോകത്തിലെ ഏറ്റവും മികച്ച ടീമല്ല. ഏറ്റവും മികച്ച ടീം ചാമ്പ്യൻസ് ലീഗ് വിജയിച്ച ചെൽസിയാണ്, അതിനൊപ്പം സൗത്ത് അമേരിക്കയിൽ വിജയം നേടിയ റിവർപ്ലേറ്റും. പ്രധാനപ്പെട്ട കാര്യം നാളെയെപ്പറ്റി ചിന്തിക്കുകയാണ്, മൂന്നു ദിവസത്തിനകം ഞങ്ങൾക്ക് നോർവിച്ചിനെതിരെ മത്സരമുണ്ട്, അതിൽ വിജയം നേടുകയും വേണം." ഗ്വാർഡിയോള മാധ്യമങ്ങളോട് പറഞ്ഞു.
ആദ്യം ചാമ്പ്യൻസ് ലീഗിനു യോഗ്യത നേടുകയാണ് ലക്ഷ്യമെന്നും അതിനു ശേഷമാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടത്തെക്കുറിച്ച് ചിന്തിക്കുന്നതെന്നും ഗ്വാർഡിയോള കൂട്ടിച്ചേർത്തു. നോർവിച്ച് സിറ്റിക്കെതിരായ മത്സരത്തിനു ശേഷം സ്പോർട്ടിങ്ങിനെ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ നേരിടുന്ന മാഞ്ചസ്റ്റർ സിറ്റിയുടെ അതിനു ശേഷമുള്ള മത്സരം ടോട്ടനത്തിനെതിരെയാണ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.