"ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സയോടു തോറ്റപ്പോൾ ഇവരെയൊന്നും കണ്ടില്ല"- മാഞ്ചസ്റ്റർ യുണൈറ്റഡ് മുൻതാരങ്ങൾക്കെതിരെ ഗ്വാർഡിയോള

Guardiola Hit Back To Evra And Berbatov Criticism
Guardiola Hit Back To Evra And Berbatov Criticism / OLI SCARFF/GettyImages
facebooktwitterreddit

ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ റയൽ മാഡ്രിഡിനോടു തോറ്റ് മാഞ്ചസ്റ്റർ സിറ്റി പുറത്തു പോയതിനു പിന്നാലെ ഗ്വാർഡിയോളക്കും ടീമിനുമെതിരെ വിമർശനം നടത്തിയ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളായ ബെർബെറ്റോവിനും എവ്‌റക്കും അതെ നാണയത്തിൽ മറുപടി നൽകി പെപ് ഗ്വാർഡിയോള.

ഇടുങ്ങിയ മനോഗതിയുള്ള, വിജയിക്കാനുള്ള മനോഭാവമില്ലാത്ത ടീമാണ് മാഞ്ചസ്റ്റർ സിറ്റിയെന്നാണ് ബെർബെറ്റോവ് ചാമ്പ്യൻസ് ലീഗ് പുറത്താവലിനു പിന്നാലെ പ്രതികരിച്ചത്. അതേസമയം ടീമിലെ താരങ്ങൾക്ക് വ്യക്തിത്വവും സ്വഭാവസവിശേഷതകളും ഉണ്ടാകാൻ ഗ്വാർഡിയോള സമ്മതിക്കില്ലെന്നും അദ്ദേഹമാണ് ടീമിന്റെ നേതാവെന്നും സിറ്റിയെ മൈതാനത്ത് നയിക്കാൻ ഒരു നേതാവ് ടീമിൽ ഇല്ലെന്നുമാണ് എവ്‌റ പറഞ്ഞത്.

"ഉത്തരം വളരെ എളുപ്പമാണ്. ഇതേ വ്യക്തിത്വവും സ്വഭാവവും തന്നെയാണ് മാഡ്രിഡിൽ ഞങ്ങൾ അവസാനത്തെ ഏതാനും മിനിറ്റുകളിൽ തോൽവി വഴങ്ങാൻ കാരണമായത്. മുൻ താരങ്ങളായ ബെർബെറ്റോവ്, സീഡോർഫ്, പാട്രിക് എവ്‌റ തുടങ്ങിയ ആളുകളൊന്നും അവിടെ ഇല്ലായിരുന്നു."

"ഞാൻ അവർക്കെതിരെ കളിച്ചിട്ടുണ്ട്. അവർക്കെതിരെ കളിക്കുന്ന സമയത്ത്, ബാഴ്‌സലോണക്കൊപ്പം മാഞ്ചസ്റ്റർ യുണൈറ്റഡിനെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ തകർത്തു വിടുന്ന സമയത്ത് ഇതു പോലെയുള്ള വ്യക്തിത്വങ്ങളെയൊന്നും ഞാൻ കണ്ടിട്ടില്ല. അതു തന്നെയാണിതും. ഞങ്ങൾക്ക് വ്യക്തിത്വം ഉണ്ടായിരുന്നില്ല, കാരണം ഞങ്ങൾ രണ്ടു മിനുട്ടിൽ രണ്ടു ഗോളുകൾ വഴങ്ങി, രണ്ടവസരങ്ങൾ ലഭിച്ചപ്പോഴും ഞങ്ങൾക്ക് വ്യക്തിത്വം ഉണ്ടായിരുന്നില്ല."

"അവസാനത്തെ നാല് മത്സരങ്ങളിൽ നിന്നും ഞങ്ങൾ 22 ഗോളുകളാണ് നേടിയത്. ഞങ്ങൾക്ക് വളരെ മികച്ച വ്യക്തിത്വമുണ്ട്. ഞാനിതിനെ ഒരു തരത്തിലും അംഗീകരിക്കുന്നില്ല, ക്ഷണിക്കണം. വ്യക്തിത്വം എന്നത് കഴിഞ്ഞ അഞ്ചു വർഷമായി നമ്മൾ ചെയ്യുന്ന കാര്യങ്ങളാണ്, ഓരോ മൂന്നു ദിവസത്തിലുമുള്ള മത്സരങ്ങളിൽ. അതു വളരെ പ്രധാനപ്പെട്ട കാര്യമാണ്." ഗ്വാർഡിയോള പറഞ്ഞു.

ലിവർപൂൾ ചിലപ്പോൾ നാല് കിരീടങ്ങൾ വിജയിക്കാമെന്നും, എന്നാൽ ഒരു കിരീടം മാത്രമി നേടിയുള്ളൂവെങ്കിൽ അവർക്ക് വ്യക്തിത്വം ഇല്ലെന്ന് നിങ്ങൾ പറയുമോയെന്നും ഗ്വാർഡിയോള ചോദിച്ചു. പ്രീമിയർ ലീഗിൽ ലിവർപൂൾ ഒരു പോയിന്റ് വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്ത് എത്തിയാൽ അവരുടേത് ഒരു മോശം സീസൺ ആയിരിക്കുമോയെന്നും ഗ്വാർഡിയോള ചോദിച്ചു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.