"എവ്റ തന്നെ വിമർശിക്കുന്നത് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ജോലി കിട്ടാൻ വേണ്ടിയാകാം"- മറുപടിയുമായി പെപ് ഗ്വാർഡിയോള


തന്നെക്കുറിച്ച് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പാട്രിക് എവ്റ നടത്തിയ വിമർശനങ്ങൾക്ക് മറുപടി നൽകി മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. തന്റെ ടീമിലെ താരങ്ങളുടെ നേതൃഗുണത്തെയും വ്യക്തിത്വത്തെയും ഇല്ലാതാക്കി ഒരു പ്ലേ സ്റ്റേഷനിലെന്ന പോലെ അവരെ കളിപ്പിക്കുന്ന ഗ്വാർഡിയോള പരിശീലകനായിരുന്ന ക്ലബിൽ കളിക്കേണ്ടി വരാതിരുന്നതിൽ വളരെ സന്തോഷം ഉണ്ടെന്നാണ് എവ്റ കഴിഞ്ഞ ദിവസം പറഞ്ഞത്.
ഗ്വാർഡിയോളയോട് തനിക്ക് വളരെയധികം ബഹുമാനമുണ്ടെന്നും എവ്റ പറഞ്ഞെങ്കിലും മുൻ ഫ്രഞ്ച് താരത്തിന്റെ വാക്കുകൾ മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ അത്ര ലളിതമായി എടുക്കാൻ തയ്യാറായിട്ടില്ലെന്ന് അതിനു നൽകിയ മറുപടി വ്യക്തമാക്കുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ എന്തെങ്കിലും ജോലി ലഭിക്കുന്നതിനു വേണ്ടിയാകാം എവ്റ തന്നെ വിമർശിക്കുന്നതെന്നാണ് പെപ് ഇതിനു മറുപടി നൽകിയത്.
"Maybe Evra is right or maybe he’s doing a good quote to come back to Manchester United to work there." ? #mcfc https://t.co/Esc3SRsJBm
— Manchester City News (@ManCityMEN) May 11, 2022
"എനിക്ക് വ്യക്തിത്വമുള്ളവർ വേണ്ടെന്നോ? ഞാനത് ഒരിക്കലും അംഗീകരിക്കില്ല പാട്രിക്ക്. ഞാൻ കളിക്കാറില്ല. എനിക്ക് കളിപ്പിക്കാൻ മികച്ചതും വ്യക്തിത്വമുള്ള താരങ്ങളും മൈതാനത്ത് വേണം. അതില്ലെങ്കിൽ ഞാനിവിടെ ഉണ്ടാകില്ല." മാധ്യമങ്ങളോട് സംസാരിക്കേ ഗ്വാർഡിയോള പറഞ്ഞു.
"പാട്രിക്ക് പറഞ്ഞത് എനിക്കറിയില്ല, ഞാനത് വായിച്ചിട്ടില്ല. ബാഴ്സലോണ, ബയേൺ, പിന്നെ ഇവിടെയും എനിക്ക് വളരെ മികച്ച താരങ്ങളെ ലഭിച്ചിട്ടുണ്ട്. അവരുടെ വ്യക്തിത്വത്തെ കുറിച്ചും സ്വഭാവത്തെക്കുറിച്ചും ഞാനൊരു പട്ടിക തരാം. അതിലെ മിക്കയാളുകളും ലോകകപ്പും യൂറോപ്യൻ കിരീടവും ചാമ്പ്യൻസ് ലീഗും ലീഗുമെല്ലാം നേടിയിട്ടുണ്ട്."
"പാട്രിക്, നമ്മൾ ഒരുമിച്ച് ജോലി ചെയ്തിരുന്നുവെങ്കിൽ ഇപ്പോൾ എനിക്കുള്ള താരങ്ങളുടെ വ്യക്തിത്വവും സ്വഭാവവും എന്താണെന്ന് മനസിലാക്കി തരാമായിരുന്നു. ചിലപ്പോൾ എവ്റ പറയുന്ന കാര്യം ശരിയായിരിക്കാം, അല്ലെങ്കിൽ താരം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ജോലി ചെയ്യാൻ വരുന്നതിനു വേണ്ടി നല്ലൊരു വാചകം പറഞ്ഞതും ആയിരിക്കാം. അതിനു വലിയ സാധ്യതയുമുണ്ട്." ഗ്വാർഡിയോള പറഞ്ഞു നിർത്തി.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.