പ്രതിസന്ധികളിൽ നിന്നും ബാഴ്‌സലോണ എന്നു തിരിച്ചുവരുമെന്നു വെളിപ്പെടുത്തി പെപ് ഗ്വാർഡിയോള
By Sreejith N

യൂറോപ്പിന്റെ നെറുകയിലേക്ക് ബാഴ്‌സലോണ എന്നാണു തിരിച്ചു വരികയെന്നു വെളിപ്പെടുത്തി ക്ലബിന്റെ മുൻ പരിശീലകനും നിലവിൽ മാഞ്ചസ്റ്റർ സിറ്റി മാനേജറുമായ പെപ് ഗ്വാർഡിയോള. സാമ്പത്തിക പ്രതിസന്ധി വളരെ ഗുരുതരമായി ബാധിച്ച ബാഴ്‌സലോണ ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ പഴയ പ്രതാപം വീണ്ടെടുക്കുമെന്നാണ് ഗ്വാർഡിയോള കരുതുന്നത്.
മുൻ നേതൃത്വത്തിന്റെ കൃത്യതയില്ലാത്ത പ്രവർത്തനങ്ങൾ മൂലം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലേക്കു വീണ ബാഴ്‌സലോണ ഒരുപാട് പരിമിതികളിലൂടെയാണ് ഇക്കഴിഞ്ഞ സീസണിൽ കടന്നു പോയതെങ്കിലും സാവി പരിശീലകനായി എത്തിയതോടെ ടീമിന് മികച്ച മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞിരുന്നു. ഒരു ഘട്ടത്തിൽ ലീഗിൽ ഒൻപതാം സ്ഥാനത്തു നിന്നിരുന്ന ക്ലബ് സീസൺ അവസാനിച്ച സമയത്ത് രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്‌തത്.
"നിങ്ങൾക്ക് വലിയ കാര്യങ്ങൾ ചെയ്യാൻ കഴിയുന്നില്ലെങ്കിൽ അതു കടുപ്പമുള്ള കാര്യമാണ്, പക്ഷെ ശാന്തരായി തുടരണം. ഇത്തരം സാഹചര്യങ്ങളും ഇങ്ങിനെയൊക്കെ സംഭവിക്കുമെന്നും മനസിലാക്കി സ്വീകരിക്കേണ്ടതാണ്, ചരിത്രത്തിലും അത് സംഭവിച്ചിട്ടുണ്ട്. ചില സമയങ്ങളിൽ നമ്മൾ ചെറുതാണെന്ന് ചിന്തിക്കുന്നത് വേഗത്തിൽ വളരാൻ സഹായിക്കും."
"സാമ്പത്തിക സാഹചര്യങ്ങളാണ് പ്രശ്‌നം. ഞാൻ പരിശീലകർ, കളിക്കാർ എന്നിവരുടെ നിലവാരത്തെക്കുറിച്ചല്ല പറയുന്നത്. അവരെല്ലാവരും മികച്ചവരാണ് എന്നു തന്നെയാണ് ഞാൻ കരുതുന്നത്. പക്ഷെ ചില സമയങ്ങളിൽ നമ്മൾ ശാന്തരായി തുടരണം. അതിനു ഒന്നോ രണ്ടോ വർഷമെടുക്കും, അതു മികച്ച സൈനിംഗുകൾ ഇല്ലാതെ എളുപ്പവുമല്ല." ഗ്വാർഡിയോള മാധ്യമങ്ങളോട് പറഞ്ഞു.
ബാഴ്‌സലോണയുടെ സാമ്പത്തിക പ്രതിസന്ധി ഇപ്പോഴും അവസാനിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏതാനും താരങ്ങളുമായി ക്ലബ് ട്രാൻസ്‌ഫർ സംബന്ധിച്ച് ധാരണയിൽ എത്തിയിട്ടും അവരെ സ്വന്തമാക്കാനും ഇതുകൊണ്ട് ക്ലബിന് കഴിഞ്ഞിട്ടില്ല. അതിനെ മറികടക്കാനുള്ള നിരവധി പ്രവർത്തനങ്ങൾ ബാഴ്‌സ നേതൃത്വം നടത്തുന്നുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.