ക്ളോപ്പിന്റെ വാക്കുകൾ വിശ്വാസമില്ല, പ്രീമിയർ ലീഗ് കിരീടത്തിനു വെല്ലുവിളിയുയർത്താൻ ലിവർപൂളിനു കഴിയുമെന്ന് ഗ്വാർഡിയോള

FBL-ENG-PR-MAN CITY-LIVERPOOL
FBL-ENG-PR-MAN CITY-LIVERPOOL / MARTIN RICKETT/GettyImages
facebooktwitterreddit

ഈ സീസണിലെ പ്രീമിയർ ലീഗ് കിരീടപ്പോരാട്ടത്തിൽ വെല്ലുവിളി സൃഷ്‌ടിക്കാൻ ലിവർപൂളിനു കഴിയുമെന്നു തോന്നുന്നില്ലെന്ന പരിശീലകൻ യർഗൻ ക്ളോപ്പിന്റെ വാക്കുകളിൽ തനിക്കു വിശ്വാസമില്ലെന്ന് ലീഗ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗ്വാർഡിയോള. നോർവിച്ച് സിറ്റിക്കെതിരായ പ്രീമിയർ ലീഗ് മത്സരത്തിനു മുൻപേ മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു പെപ്പിന്റെ പ്രതികരണം.

നിലവിൽ പോയിന്റ് ടേബിളിൽ ലിവർപൂളിനെക്കാൾ ഒൻപതു പോയിന്റ് മുന്നിലാണ് മാഞ്ചസ്റ്റർ സിറ്റിയെങ്കിലും ഒരു മത്സരം കുറവു കളിച്ച റെഡ്‌സിന് അത് ആറാക്കി ചുരുക്കാനുള്ള അവസരമുണ്ട്. സലാ, മാനെ എന്നിവരുടെ സാന്നിധ്യം ഇല്ലാതെ തന്നെ അവസാനത്തെ മൂന്നു മത്സരങ്ങളിലും ലിവർപൂൾ മികച്ച വിജയം സ്വന്തമാക്കിയെങ്കിലും ലൈസ്റ്റർ സിറ്റിക്കെതിരായ മത്സരത്തിന് ശേഷം മാഞ്ചസ്റ്റർ സിറ്റിയെ മറികടക്കാൻ കഴിയുമെന്ന പ്രതീക്ഷയില്ലെന്നാണ് ക്ളോപ്പ് പ്രതികരിച്ചത്.

എന്നാൽ സിറ്റിയുടെ ഒപ്പമെത്താനുള്ള അവസരം ലിവർപൂളിന് ഉണ്ടെന്നു കരുതുന്നില്ലെന്ന ക്ളോപ്പിന്റെ വാക്കുകളെ പെപ് ഗ്വാർഡിയോള പൂർണമായും തള്ളിക്കളഞ്ഞു. "ഞാൻ അദ്ദേഹത്തെ വിശ്വസിക്കുന്നില്ല. അതു തീർച്ചയായും സാധ്യമാണ്, ക്ളോപ്പും അങ്ങിനെ തന്നെ വിശ്വസിക്കുന്നുണ്ട്. അതല്ലെങ്കിൽ അദ്ദേഹം ഇതുവരെയുള്ള മത്സരാർത്ഥിയല്ല."

"തീർച്ചയായും അദ്ദേഹത്തിനു വിശ്വാസമുണ്ട്. ഫുട്ബോളിൽ എന്തു തന്നെയും സംഭവിക്കാം. ഇനിയും ഒരുപാട് മത്സരങ്ങളിൽ വിജയം നേടണമെന്ന് താരത്തിനറിയാം. ഒരുപാട് ജയങ്ങൾ നേടണമെന്നും കിരീടത്തിനായി വളരെയധികം പൊരുത്തണമെന്നും ഞങ്ങൾക്ക് അറിയുന്നതു പോലെത്തന്നെ." ഗ്വാർഡിയോള മാധ്യമങ്ങളോട് വ്യക്തമാക്കി.

ലിവർപൂൾ ഇനിയുള്ള എല്ലാ മത്സരങ്ങളിലും വിജയം നേടിയാൽ സീസൺ അവസാനിക്കുമ്പോൾ അവർക്ക് 96 പോയിന്റാകും എന്നിരിക്കെ അതിനേക്കാൾ കൂടുതൽ പോയിന്റ് മാഞ്ചസ്റ്റർ സിറ്റി നേടേണ്ടത് അനിവാര്യമാണെന്നും ഗ്വാർഡിയോള പറഞ്ഞു. ലിവർപൂളിനും മാഞ്ചസ്റ്റർ സിറ്റിക്കും ഇനിയുള്ള എല്ലാ മത്സരങ്ങളും വിജയിക്കാനുള്ള കഴിവുണ്ടെന്നും പെപ് ഗ്വാർഡിയോള പറഞ്ഞു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.