എർലിങ് ഹാലൻഡ് അഭ്യൂഹങ്ങൾ നിഷേധിച്ച് ഗ്വാർഡിയോളയും ബാഴ്സലോണ വൈസ് പ്രസിഡന്റും, താരം റയൽ മാഡ്രിഡിലേക്കോ?


ബൊറൂസിയ ഡോർട്മുണ്ട് സൂപ്പർസ്ട്രൈക്കർ എർലിങ് ബ്രൂട് ഹാലാൻഡുമായി ബന്ധപ്പെട്ട ട്രാൻസ്ഫർ അഭ്യൂഹങ്ങൾ നിഷേധിച്ച് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോളയും ബാഴ്സ സ്പോർട്ടിങ് ഡയറക്റ്റർ റാഫ യുറ്റ്സെയും. ഈ സമ്മറിൽ ജർമൻ ക്ലബ് വിടാൻ തയ്യാറെടുത്തു നിൽക്കുന്ന താരത്തെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റിയും ബാഴ്സലോണയും രംഗത്തുണ്ടെന്ന അഭ്യൂഹം ശക്തമായി നിലനിൽക്കെയാണ് രണ്ടു ടീമുമായും ബന്ധപ്പെട്ടവർ അതു നിഷേധിച്ചത്.
മാഞ്ചസ്റ്റർ സിറ്റിയെയും നിരവധി താരങ്ങളെയും ചേർത്ത് ഓരോ സീസണിലും അഭ്യൂഹങ്ങൾ ഉണ്ടാകാറുണ്ടെന്നും എന്നാൽ മറ്റൊരു ടീമിലെ കളിക്കാരനെക്കുറിച്ച് താൻ സംസാരിക്കാൻ ഇല്ലെന്നുമാണ് ഗ്വാർഡിയോള പറഞ്ഞത്. ട്രാൻസ്ഫർ ജാലകത്തിൽ ഒരുപാട് കാര്യങ്ങൾ സംഭവിക്കാമെന്നും ഒരു സ്ട്രൈക്കർ ഇല്ലാത്തതിനാൽ മാഞ്ചസ്റ്റർ സിറ്റി വിജയമാണോ പരാജയമാണോ എന്ന കാര്യം താൻ ചർച്ച ചെയ്യാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
? Pep Guardiola on potential transfers like Erling Haaland:
— Manchester City News (@ManCityMEN) March 18, 2022
"Don't ask me because I'm not going to answer." ? #MCFC pic.twitter.com/zSJHTE914Y
മാഞ്ചസ്റ്റർ സിറ്റിയെ സംബന്ധിച്ച് വരാനിരിക്കുന്ന മത്സരങ്ങളാണ് പ്രധാനമെന്നു പറഞ്ഞ ഗ്വാർഡിയോള ചാമ്പ്യൻസ് ലീഗിലും എഫ്എ കപ്പിലും തുടരുന്ന ടീം പ്രീമിയർ ലീഗിൽ ലിവർപൂളുമായി ഒരു പോയിന്റ് മാത്രം വ്യത്യാസത്തിൽ മുന്നിൽ നിൽക്കുന്നതും ചൂണ്ടിക്കാട്ടി. നിലവിലുള്ള കളിക്കാർ ഇന്റർനാഷണൽ മത്സരങ്ങൾക്കു ശേഷം പരിക്കൊന്നും കൂടാതെ ടീമിലേക്ക് തിരിച്ചു വരണമെന്ന ആഗ്രഹമാണ് തനിക്കുള്ളതെന്നും പെപ് കൂട്ടിച്ചേർത്തു.
അതേസമയം മുണ്ടോ ഡിപോർറ്റീവോയോട് സംസാരിക്കുമ്പോൾ ബാഴ്സലോണ പ്രസിഡന്റ് ക്ലബിന്റെ മോശം സാമ്പത്തിക സ്ഥിതി ചൂണ്ടിക്കാട്ടിയാണ് ഹാലൻഡ് അഭ്യൂഹങ്ങൾ നിഷേധിച്ചത്. ക്ലബ്ബിനെ അപകടത്തിലാക്കുന്നതൊന്നും തങ്ങൾ ചെയ്യില്ലെന്നു പറഞ്ഞ അദ്ദേഹം ഹാലൻഡിന്റെ ട്രാൻസ്ഫറിനു വേണ്ടി ചിലവാക്കേണ്ട തുക പരിശോധിക്കുമ്പോൾ അതു വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെന്നും വ്യക്തമാക്കി.
മാഞ്ചസ്റ്റർ സിറ്റിയും ബാഴ്സലോണയും എർലിങ് ഹാലൻഡുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ നിഷേധിച്ചത് താരത്തെ സ്വന്തമാക്കാൻ റയൽ മാഡ്രിഡിന്റെ സാധ്യതകളെ വർധിപ്പിക്കുന്നു. എംബാപ്പ, ഹാലൻഡ് എന്നിവരെ ഒരുമിച്ച് അടുത്ത സീസണിൽ ടീമിന്റെ ഭാഗമാക്കാൻ ശ്രമിക്കുന്ന റയൽ മാഡ്രിഡ് മികച്ച സാമ്പത്തിക സ്ഥിതിയിൽ ആണെന്നത് അതു സംഭവിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.