പെപ് ഗ്വാർഡിയോളക്ക് വലംകൈ നഷ്‌ടമായി, സഹപരിശീലകൻ ക്ലബ് വിട്ടു

Pep Guardiola's Assistant Lillo Quits Manchester City
Pep Guardiola's Assistant Lillo Quits Manchester City / Visionhaus/GettyImages
facebooktwitterreddit

പെപ് ഗ്വാർഡിയോളയുടെ വലംകയ്യും മാഞ്ചസ്റ്റർ സിറ്റി അസിസ്റ്റൻറ് പരിശീലകനുമായ യുവാൻമ ലില്ലൊ ക്ലബ് വിട്ടു. നിലവിൽ ബാഴ്‌സ പരിശീലകനായ സാവി മുൻപ് പരിശീലിപ്പിച്ചിരുന്ന ഖത്തറി ക്ലബായ അൽ സദ്ദിന്റെ പ്രധാന പരിശീലകനാവാൻ വേണ്ടിയാണ് മാഞ്ചസ്റ്റർ സിറ്റിക്ക് രണ്ടു പ്രീമിയർ ലീഗ് നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കു വഹിച്ചിട്ടുള്ള ലില്ലൊ ക്ലബ് വിട്ടത്.

2020ൽ മാഞ്ചസ്റ്റർ സിറ്റിയിലെത്തിയ ലില്ലോ ക്ലബ് വിടുന്നത് പെപ് ഗ്വാർഡിയോളക്ക് കനത്ത തിരിച്ചടിയാണെങ്കിലും ക്ലബ് വിടാൻ ആഗ്രഹിക്കുന്ന സഹപരിശീലകരെ പിടിച്ചു നിർത്താൻ അദ്ദേഹം ശ്രമിക്കാറില്ല. ഇതിനു മുൻപുണ്ടായിരുന്ന സഹപരിശീലകരായ മൈക്കൽ അർടെട്ട ആഴ്‌സണലിലേക്കും ഡൊമെനിക്ക് ടോറന്റെ ന്യൂയോർക്ക് സിറ്റി എഫ്‌സിയിലേക്കും ചേക്കേറിയിരുന്നു.

പരിശീലകനായി നാൽപതു വർഷത്തെ പരിചയസമ്പത്തുള്ള ലില്ലോ സ്പെയിൻ, മെക്‌സിക്കോ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. മത്സരത്തിലുള്ള ലില്ലോയുടെ അറിവ് വളരെയധികമാണെന്നും അദ്ദേഹം കാണുന്നതു പോലെ കാര്യങ്ങളെ കാണാൻ താനുൾപ്പെടെയുള്ള പലർക്കും കഴിയാറില്ലെന്നും മുൻപ് ഗ്വാർഡിയോള അഭിപ്രായപ്പെട്ടിരുന്നു.

മാഞ്ചസ്റ്റർ സിറ്റിക്കൊപ്പമുള്ള തന്റെ സമയം വളരെ മികച്ച ഒന്നായിരുന്നുവെന്നാണ് ക്ലബ് വിട്ടതിനു ശേഷം ലില്ലൊ പ്രതികരിച്ചത്. ഗ്വാർഡിയോളക്കും മറ്റു സ്റ്റാഫുകൾക്കും ടീമിലെ കളിക്കാർക്കുമൊപ്പം ചിലവഴിച്ച സമയം മനോഹരമായിരുന്നു എന്നഭിപ്രായപ്പെട്ട അദ്ദേഹം കിരീടനേട്ടങ്ങളിൽ പങ്കു വഹിക്കാൻ കഴിഞ്ഞതിലും സന്തോഷം പ്രകടിപ്പിച്ചു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.