Football in Malayalam

ഹാരി കേനെ സ്വന്തമാക്കാൻ കഴിയാതിരുന്നത് ഈ സീസണിലേക്കുള്ള സ്‌ക്വാഡിനെ സംബന്ധിച്ച് സംശയങ്ങളുണ്ടാക്കിയെന്ന് ഗ്വാർഡിയോള

Sreejith N
Manchester City v Fulham: The Emirates FA Cup Fourth Round
Manchester City v Fulham: The Emirates FA Cup Fourth Round / Visionhaus/GettyImages
facebooktwitterreddit

ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ഹാരി കേനിനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റി നടത്തിയ പരാജയപ്പെട്ട ശ്രമങ്ങൾ വെളിപ്പെടുത്തി ടീമിന്റെ പരിശീലകനായ പെപ് ഗ്വാർഡിയോള. താരത്തിനായി മാഞ്ചസ്റ്റർ സിറ്റി നാല് തവണ ടോട്ടനം ഹോസ്‌പറിന് ഓഫർ നൽകിയിരുന്നുവെന്നും എന്നാൽ ലണ്ടൻ ക്ലബ് അതെല്ലാം തള്ളിക്കളഞ്ഞത് സീസണിലെ സ്‌ക്വാഡിനെ സംബന്ധിച്ച് ആശങ്ക ഉണ്ടാക്കിയെന്നും ഗ്വാർഡിയോള പറഞ്ഞു.

ടോട്ടനം കിരീടങ്ങൾ നേടാൻ പരാജയപ്പെടുന്നതിനാൽ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ക്ലബ് വിടാനുള്ള ആഗ്രഹം കഴിഞ്ഞ സീസണിനിടയിൽ തന്നെ ഹാരി കേൻ വ്യക്തമാക്കിയിരുന്നു. ഒരു സ്‌ട്രൈക്കറെ ആവശ്യമുണ്ടായിരുന്ന മാഞ്ചസ്റ്റർ സിറ്റിയിലേക്ക് താരം ചേക്കേറുമെന്ന് ഏവരും ഉറപ്പിച്ചെങ്കിലും സിറ്റിയുടെ ഓഫറുകൾ സ്‌പർസ് തള്ളിയതോടെ കേൻ ടോട്ടനത്തിൽ തന്നെ തുടരുകയായിരുന്നു.

"ഇപ്പോൾ നിങ്ങൾക്ക് പറയാം 'ഹാരി കേൻ വന്നില്ലെങ്കിലും എല്ലാം വളരെ നന്നായി പോകുന്നു' എന്ന്. പക്ഷെ ആ സമയത്ത് എനിക്കത് അറിയില്ലായിരുന്നു. ഞങ്ങൾ ശ്രമിച്ചെങ്കിലും അതു നടക്കാൻ പോകുന്നില്ലെന്ന് ടോട്ടനം ഉറപ്പിച്ചിരുന്നു. രണ്ടു മൂന്നു നാലു തവണ ശ്രമം നടത്തി അതവസാനിച്ചു." ടോട്ടനത്തിനെതിരെയുള്ള ലീഗ് മത്സരത്തിനു മുന്നോടിയായി ഗ്വാർഡിയോള പറഞ്ഞു.

"അതിനു ശേഷം സ്‌ക്വാഡ് വിലയിരുത്തിയ ഞങ്ങൾക്ക് യാതൊരു ഉറപ്പും ഇല്ലായിരുന്നു. ഞങ്ങൾ അതിനു ശേഷം ടോട്ടനത്തോടും കമ്മ്യൂണിറ്റി ഷീൽഡിൽ ലൈസ്റ്റർ സിറ്റിയോടും തോൽവി വഴങ്ങി. ക്ലബ് ട്രാൻസ്‌ഫർ മാർക്കറ്റിൽ ചെയ്യാതിരുന്ന കാര്യങ്ങളിൽ എനിക്ക് നിരാശയില്ല. ഇവിടെ ഒരു പ്രശ്‌നവും ഞാൻ ഉണ്ടാക്കിയില്ല. ഞങ്ങൾ ഏതാനും ചർച്ചകൾ നടത്തിയെങ്കിലും കാര്യമുണ്ടായില്ല, അത് ആഭ്യന്തരമായാണു നടന്നത്." ഗ്വാർഡിയോള പറഞ്ഞു.

ആഗ്രഹിച്ച സ്‌ട്രൈക്കറെ സ്വന്തമാക്കാൻ കഴിയാതിരുന്നിട്ടും ഈ സീസണിൽ സിറ്റിയുടെ ഫോമിൽ യാതൊരു മാറ്റവുമുണ്ടായിട്ടില്ല. പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന അവർ ഈ സീസണിൽ ലീഗും ചാമ്പ്യൻസ് ലീഗും നേടാൻ സാധ്യതയുള്ള ടീമുകളിൽ ഒന്നാണ്. അതേസമയം കഴിഞ്ഞ സീസണുകളെ അപേക്ഷിച്ച് ഹാരി കേനിന് ഈ സീസണിൽ അത്ര മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit