Football in Malayalam

വീണ്ടുമൊരു നൂറു മത്സരങ്ങൾ പൂർത്തിയാക്കി ബാഴ്‌സക്കൊപ്പം ചരിത്രം സൃഷ്ടിക്കുകയാണു ലക്ഷ്യമെന്ന് ഗ്രീസ്‌മൻ

Sreejith N
FC Barcelona v Real Sociedad - La Liga Santander
FC Barcelona v Real Sociedad - La Liga Santander / Quality Sport Images/Getty Images
facebooktwitterreddit

ബാഴ്‌സലോണക്കൊപ്പം വീണ്ടുമൊരു നൂറു മത്സരങ്ങൾ കൂടി പൂർത്തിയാക്കി ക്ലബിനൊപ്പം ചരിത്രം സൃഷ്ടിക്കയാണ് തന്റെ ലക്ഷ്യമെന്നു വെളിപ്പെടുത്തി മുന്നേറ്റനിര താരം അന്റോയിൻ ഗ്രീസ്‌മൻ. ഈ സീസണിലെ ആദ്യ ലാലിഗ മത്സരത്തിൽ റയൽ സോസിഡാഡിനെതിരെ ഇറങ്ങിയ താരം ബാഴ്‌സക്കു വേണ്ടി നൂറ് മത്സരങ്ങൾ പൂർത്തിയാക്കുകയെന്ന നേട്ടം സ്വന്തമാക്കിയിരുന്നു. ഇതേക്കുറിച്ച് സംസാരിക്കുമ്പോഴാണ് ഗ്രീസ്‌മൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

"ഈ നേട്ടത്തിലേക്ക് എത്തിയതിൽ എനിക്ക് സന്തോഷവും അഭിമാനവും ഉണ്ട്. ഇനിയുമൊരു നൂറു മത്സരങ്ങൾ കളിക്കാനും ക്ലബിനൊപ്പം ചരിത്രം സൃഷ്ടിക്കുന്നതിനു വേണ്ടി സാധ്യമായ കാര്യങ്ങളെല്ലാം തുടർന്നും ചെയ്യാമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. കളിക്കളത്തിലും പുറത്തും, ആക്രമണത്തിലും പ്രതിരോധത്തിലും ടീമിനെ സഹായിച്ച് ബാഴ്‌സയിലുള്ള ദിവസങ്ങൾ ആസ്വദിക്കണം." ഗ്രീസ്‌മൻ ബാഴ്‌സയുടെ ഒഫിഷ്യൽ വെബ്‌സൈറ്റിനോട് പറഞ്ഞു.

ബാഴ്‌സലോണക്ക് വേണ്ടി നൂറു മത്സരങ്ങൾ കളിച്ച ഗ്രീസ്‌മന്റെ എഴുപത്തിയെട്ടു മത്സരങ്ങളിലും ലാലിഗയിലായിരുന്നു. ഇതിനു പുറമെ 16 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിലും ഒൻപതു കോപ്പ ഡെൽ റെ, മൂന്നു സ്പാനിഷ് സൂപ്പർകപ്പ് മത്സരങ്ങളിലും താരം കളത്തിലിറങ്ങി. ഇതുവരെ 35 ഗോളുകൾ നേടിയിട്ടുള്ള ഗ്രീസ്‌മന് 14 തവണ കൂടി വല കുലുക്കിയാൽ ബാഴ്‌സലോണക്ക് വേണ്ടി കൂടുതൽ ഗോളുകൾ നേടിയ ഫ്രഞ്ച് താരമെന്ന തിയറി ഹെൻറിയുടെ നേട്ടത്തിനൊപ്പം എത്താം.

അത്ലറ്റികോ മാഡ്രിഡിൽ നിന്നും ബാഴ്‌സലോണയിലെത്തിയ ഗ്രീസ്‌മന് പൊസിഷൻ മാറി കളിക്കേണ്ടി വന്നതു കൊണ്ട് പലപ്പോഴും തന്റെ കഴിവിന്റെ പരമാവധി പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ലായിരുന്നു. എന്നാൽ മെസി ബാഴ്‌സ വിട്ടതോടെ ഈ സീസണിൽ കൂടുതൽ സ്വാതന്ത്ര്യം കളിക്കളത്തിൽ ലഭിക്കുമെന്നുറപ്പുള്ള താരത്തിൽ വലിയ പ്രതീക്ഷയാണ് ആരാധകർക്കുള്ളത്.

facebooktwitterreddit