Football in Malayalam

ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ വിജയം നേടാൻ അത്ലറ്റികോ മാഡ്രിഡിനു കഴിയുമെന്ന് ഗ്രീസ്‌മൻ

Sreejith N
Griezmann Says Atletico Are Confident Against Man Utd
Griezmann Says Atletico Are Confident Against Man Utd / Gonzalo Arroyo Moreno/GettyImages
facebooktwitterreddit

അടുത്ത ദിവസം നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ രണ്ടാംപാദ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ വിജയം നേടാൻ കഴിയുന്നൊരു ടീം അത്ലറ്റികോ മാഡ്രിഡിനുണ്ടെന്ന് സ്‌പാനിഷ്‌ ക്ലബിന്റെ സൂപ്പർതാരമായ അന്റോയിൻ ഗ്രീസ്‌മൻ. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മൈതാനമായ ഓൾഡ് ട്രാഫോഡിൽ നടക്കുന്ന മത്സരത്തിന്റെ ഓരോ സെക്കന്റിലും ടീം പൊരുതേണ്ടത് അനിവാര്യമാണെന്നും താരം പറഞ്ഞു.

വാൻഡ മെട്രോപ്പോളിറ്റാനോയിൽ നടന്ന ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ ആദ്യപാദ മത്സരത്തിൽ രണ്ടു ടീമുകളും ഓരോ ഗോൾ നേടി സമനിലയിൽ പിരിയുകയാണുണ്ടായത് എന്നതിനാൽ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ ഇരുവർക്കും വിജയം അനിവാര്യമാണ്. പ്രീമിയർ ലീഗിലും ലാ ലീഗയിലും സമാനമായ ഫോമിൽ കളിക്കുന്ന ടീമുകളാണ് ഏറ്റുമുട്ടുന്നത് എന്നതിനാൽ മത്സരം ആവേശം നിറഞ്ഞതാകും.

"ഞങ്ങൾ വിജയിക്കുമെന്നും മുന്നോട്ടു പോകുമെന്നും കരുതുന്നു, അതിനു കഴിയുന്ന ഒരു ടീം ഞങ്ങൾക്കുണ്ട്. പക്ഷെ ഓരോ നിമിഷത്തിലും ഞങ്ങൾ പൊരുതണം. മനോഹരമായൊരു മത്സരമാണ് കളിക്കാനിരിക്കുന്നത്. ഒരുപാട് ആരാധകർ വരുന്നുണ്ടെന്ന് അറിയാം. വളരെ പ്രധാനപ്പെട്ട ഒരു മത്സരമാണിത്. അവിടെ വിജയിക്കേണ്ടത് നിർബന്ധമായ ഞങ്ങൾക്ക് നല്ലൊരു രാത്രിയാകും അതെന്നു കരുതുന്നു."

"ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്, ഞങ്ങൾ നന്നായി കളിക്കുകയും ചെയ്യുന്നുണ്ട്. സ്റ്റാർട്ട് ചെയ്യുന്ന താരമായാലും പകരക്കാരനായി ഇറങ്ങുന്ന കളിക്കാരനായാലും നന്നായി കളിക്കുന്നുണ്ട്. ഞങ്ങൾ ഇതുപോലെ തന്നെ തുടരണം. അങ്ങിനെയെങ്കിൽ ആരു കളിച്ചാലും, പകരക്കാരനായാലും ടീമിന് വേണ്ടത് സംഭാവന ചെയ്യുകയും എല്ലാവരിൽ നിന്നും മികച്ച പ്രകടനം നടത്തുകയും ചെയ്യും." ഗ്രീസ്‌മൻ പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റേത് മനോഹരമായ മൈതാനമാണെന്നു പറഞ്ഞ ഗ്രീസ്‌മൻ മത്സരം കടുപ്പമാകുമെന്നും വിജയത്തിനായി ഓരോ നിമിഷവും പൊരുതണമെന്നും പറഞ്ഞു. ഗ്രീസ്‌മനു പ്രതീക്ഷ ഉണ്ടെങ്കിലും എന്നാൽ കഴിഞ്ഞ മത്സരത്തിൽ ഹാട്രിക്ക് നേടിയ, പല തവണ അത്ലറ്റികോ മാഡ്രിഡിന്റെ പ്രതീക്ഷകളെ തച്ചുടച്ചു കളഞ്ഞിട്ടുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സാന്നിധ്യം അവർക്കു വലിയ ഭീഷണി തന്നെയാണ്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit