Football in Malayalam

ബാഴ്സലോണ വിട്ടപ്പോൾ മെസിക്കുണ്ടായ അതേ വികാരമാണ് ആസ്റ്റൺ വില്ല വിട്ടപ്പോൾ തനിക്കും അനുഭവപ്പെട്ടതെന്ന് ഗ്രീലിഷ്

Gokul Manthara
Manchester City Unveil New Signing Jack Grealish
Manchester City Unveil New Signing Jack Grealish / Charlotte Tattersall/Getty Images
facebooktwitterreddit

കുട്ടിക്കാലം മുതൽ കളിക്കുന്ന ആസ്റ്റൺ വില്ലയിൽ നിന്ന് വിട്ടു പോകാനുള്ള തീരുമാനം ഏറെ ബുദ്ധിമുട്ടേറിയതായിരുന്നുവെന്നും, ബാഴ്സലോണ വിട്ടപ്പോൾ മെസി അനുഭവിച്ച അതേ വികാരമാണ് വില്ല വിട്ടപ്പോൾ തനിക്കും തോന്നിയതെന്നും ഇംഗ്ലീഷ് സൂപ്പർ താരം ജാക്ക് ഗ്രീലിഷ്. ഇന്നലെ മാഞ്ചസ്റ്റർ സിറ്റിയുമായി ഔദ്യോഗികമായി കരാറിൽ ഒപ്പുവെച്ചതിന് ശേഷം നടത്തിയ പത്രസമ്മേളനത്തിനിടെയായിരുന്നു ഗ്രീലിഷ് ഇങ്ങനെ പറഞ്ഞത്.

"ഇത് വളരെ കഠിനമായിരുന്നു. ഉദ്ദേശിച്ചത് പോലെ ‌തന്നെ ഞാൻ പ്രീസീസണിനായി റിപ്പോർട്ട് ചെയ്തിരുന്നുവെന്നത് എല്ലാവർക്കും അറിയാമെന്ന് കരുതുന്നു. കുറച്ച് ദിവസത്തേക്കായി ഞാൻ മടങ്ങി. അത് വളരെ ബുദ്ധിമുട്ടേറിയതായിരുന്നു.‌ ഞാൻ ക്ലബ്ബിൽ നിന്ന് പോകുമെന്ന് എനിക്കറിയാമായിരുന്നു. മെസ്സി ഇന്നലെ എങ്ങനെയായിരുന്നുവെന്ന് എല്ലാവരും കണ്ടതാണ്. അങ്ങനെ തന്നെയാണ് ക്ലബ്ബ് വിട്ടപ്പോൾ എനിക്കും അനുഭവപ്പെട്ടത്. ഹോട്ടൽ വിടുന്നതിന് മുമ്പ് കളികാരോടും, സ്റ്റാഫുകളോടും ഞാൻ സംസാരിച്ചു. ചെറുതായി കണ്ണീരുമണിഞ്ഞു." ഗ്രീലിഷ് പറഞ്ഞു.

ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കളിക്കാൻ എത്രത്തോളം ആഗ്രഹിക്കുന്നുണ്ടെന്ന് താൻ പലപ്പോളും വ്യക്തമാക്കിയിട്ടുണ്ടെന്നും അത് കൊണ്ടു തന്നെ മുന്നോട്ടു പോകാൻ സമയമായെന്ന് തനിക്ക് തോന്നിയെന്നും പറയുന്ന ഗ്രീലിഷ്, കഴിഞ്ഞ 10 വർഷക്കാലത്ത് ഇംഗ്ലണ്ടിലെ ഏറ്റവും വിജയകരമായ ക്ലബ്ബാണ് മാഞ്ചസ്റ്റർ സിറ്റിയെന്നും, ഇത് അങ്ങോട്ടേക്ക് പോകാനുള്ള‌ ശരിയായ സമയമാണെന്ന് താൻ മനസിലാക്കിയെന്നും കൂട്ടിച്ചേർത്തു.

"നാലാം വയസ് മുതൽ ഞാൻ വില്ല ആരാധകനാണ്, എന്റെ കുടുംബം മുഴുവൻ അങ്ങനെ തന്നെ. ആറാം വയസിലാണ് ഞാൻ ക്ലബ്ബിലേക്ക് പോകുന്നത്. എനിക്ക് എല്ലായ്പ്പോളും അവിടെ ലിങ്കുകളുണ്ടാകും, പ്രത്യേകിച്ചും എന്റെ വലിയ കുടുംബത്തിലെ എല്ലാവരും വില്ല ആരാധകരായതിനാൽ. എല്ലാത്തിന്റേയും അവസാനം ഞാൻ ഇപ്പോൾ ഒരു‌ സിറ്റി താരമാണ്. ഇവിടെ വിജയകരമാകുന്നതിനായാകും ഞാൻ ഇനി ശ്രദ്ധ കേന്ദ്രീകരിക്കുക. ഞാൻ ഇവിടെയെത്തിയിരിക്കുന്നത് കിരീടങ്ങൾ വിജയിക്കാനാണ്," ഗ്രീലിഷ് വ്യക്തമാക്കി.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit