'മെസിക്കും റൊണാൾഡോക്കും ശേഷം ലോകത്തിലെ മികച്ച താരം' - ഡി ബ്രൂയ്നെ പ്രശംസിച്ച് ജാക്ക് ഗ്രീലിഷ്


ബ്രിട്ടീഷ് റെക്കോർഡ് ഭേദിച്ച ട്രാൻസ്ഫറിൽ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറിയതിനു പിന്നാലെ ബെൽജിയൻ താരം കെവിൻ ഡി ബ്രൂയ്നെ പ്രശംസിച്ച് ഇംഗ്ലീഷ് പ്ലേമേക്കർ ജാക്ക് ഗ്രീലിഷ്. ലയണൽ മെസി ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്കു പിന്നിൽ ലോകത്തിലെ ഏറ്റവും മികച്ച താരം കെവിൻ ഡി ബ്രൂയ്ൻ ആണെന്നാണ് ജാക്ക് ഗ്രീലിഷ് അഭിപ്രായപ്പെട്ടത്.
കഴിഞ്ഞ സീസണുകളിൽ ആസ്റ്റൺ വില്ലക്കൊപ്പം നടത്തിയ തകർപ്പൻ പ്രകടനമാണ് ഗ്രീലീഷിനെ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് എത്തിച്ചത്. 100 മില്യണിന്റെ ട്രാൻസ്ഫറിൽ ബ്രിട്ടീഷ് റെക്കോർഡ് തകർത്ത് സിറ്റിയിലെത്തിയ ഗ്രീലിഷ് തന്റെ പ്രിയപ്പെട്ട താരങ്ങൾക്കൊപ്പം കളിക്കാൻ കഴിയുന്നതിന്റെ സന്തോഷം പങ്കു വെച്ചതിനൊപ്പമാണ് കെവിൻ ഡി ബ്രൂയ്നെക്കുറിച്ചും സംസാരിച്ചത്.
Jack Grealish: "I think everyone knows how much I admire @DeBruyneKev and it's going to be a dream come true to play alongside him..." ?? [via @ManCity] pic.twitter.com/Hjhr4Hua3Y
— City Xtra (@City_Xtra) August 5, 2021
"ഇതിനു മുൻപും കെവിൻ ഡി ബ്രൂയ്നെ കുറിച്ച് ഞാൻ ഏതാനും തവണ സംസാരിച്ചിട്ടുണ്ട്. റൊണാൾഡോ, മെസി എന്നിവരെ മാറ്റി നിർത്തിയാൽ ലോകത്തിലെ ഏറ്റവും മികച്ച താരമാണ് അദ്ദേഹമെന്ന് ഞാൻ എപ്പോഴും പറഞ്ഞിട്ടുണ്ട്. എല്ലാ കഴിവും താരത്തിനുണ്ടെങ്കിലും അർഹിക്കുന്ന പരിഗണന പല കാര്യങ്ങളിലും ലഭിക്കാറില്ല," ഗ്രീലിഷ് പറഞ്ഞു.
"ഡിഫെൻഡേഴ്സിനെ മറികടന്നു പന്തു നൽകുന്ന താരത്തിന്റെ ഫൈനൽ ബോൾ അവിശ്വസനീയമാണ്. ഞാൻ ആറ് അസിസ്റ്റുകൾ സ്വന്തമാക്കിയ സീസണു മുൻപ് മാനേജർക്കൊപ്പം കെവിൻ ഡി ബ്രൂയ്ന്റെ വീഡിയോ ക്ലിപ്പുകൾ കണ്ട് അതുപോലെയാകണമെന്നു പറഞ്ഞിരുന്നു. താരത്തിന്റേതു പോലെ ഫൈനൽ ബോളുകൾ നൽകാനാണ് ഞാൻ പരിശീലനം നടത്തുന്നത്."
ഡി ബ്രൂയ്നെപ്പോലെയാവാൻ ശ്രമിച്ചതിന്റെ ഭാഗമായാണ് കഴിഞ്ഞ സീസണിൽ പത്ത് അസിസ്റ്റുകൾ നൽകാൻ കഴിഞ്ഞതെന്നും ഗ്രീലിഷ് പറഞ്ഞു. ഡി ബ്രൂയ്നെക്കൊപ്പം കളിച്ച് ജേഴ്സിയടക്കം സ്വന്തമാക്കിയിട്ടുള്ള താൻ താരത്തിനൊപ്പം കളിക്കാൻ കാത്തിരിക്കുകയാണെന്നും ഇംഗ്ലീഷ് താരം വെളിപ്പെടുത്തി.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.